ഇന്ത്യയില്‍ സെർവിക്കൽ ക്യാന്‍സര്‍ മൂലം ദിവസവും 200 സ്ത്രീകള്‍ മരിക്കുന്നു

By Web TeamFirst Published Jul 30, 2019, 1:38 PM IST
Highlights

സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ്  സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ ക്യാൻസർ. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്.

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമായി ബ്രസ്റ്റ് ക്യാന്‍സര്‍ മാറുന്നതിന് മുമ്പ് ഇന്ത്യയില്‍  ഏറ്റവും കൂടുതലായി കണ്ടിരുന്നത്  ഗര്‍ഭാശയ മുഖ ക്യാന്‍സറായിരുന്നു . സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ്  സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ ക്യാൻസർ. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്.

എന്‍സിബിഐയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍  365.71 ദശലക്ഷം സ്ത്രീകള്‍ക്ക് സെർവിക്കൽ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രോഗം 132,000 സ്ത്രീകള്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.  രോഗം മൂലം പ്രതിവര്‍ഷം 74,000 പേര്‍ മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

യുഎസിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടറായ  ദത്ത പറയുന്നത് സെർവിക്കൽ ക്യാന്‍സര്‍ മൂലം  ദിവസവും 200 സ്ത്രീകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട് എന്നാണ്. സെർവിക്കൽ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. എന്നിട്ടും ഈ മരണനിരക്ക് കൂടുന്നതിന് കാരണം പലപ്പോഴും ക്യാന്‍സര്‍ അതിന്‍റെ അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക എന്നതുകൊണ്ടാണ്. അതിനാല്‍ തന്നെ ചികിത്സകള്‍ നല്‍കിയാലും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുന്നു. പക്ഷേ സര്‍വിക്കല്‍ ക്യാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും സാധിക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്ന് പറയപ്പെടുന്നു. 70ശതമാനം സര്‍വിക്കല്‍ ക്യാന്‍സറും HPV 16, HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. 

പ്രധാന ലക്ഷണങ്ങള്‍

  • ആര്‍ത്തവം ക്രമം തെറ്റുക
  • ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക
  • ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക
  • ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ
  • വെള്ളപോക്ക്
  • നടുവേദന
  • ഒരു കാലില്‍ മാത്രം നീര് വരുക

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. 


 

click me!