
പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് തീര്‍ത്തും സ്വാഭാവികമായൊരു സംഗതിയാണ്. എന്നാല്‍ പ്രായമാകും മുമ്പ് തന്നെ മുടിയില്‍ നര കയറുന്നത് പലരും നേരിടുന്നൊരു വലിയ പ്രശ്നമാണ്. ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ അടക്കം പല അനുബന്ധ പ്രയാസങ്ങളും അകാലനര, ആളുകളിലുണ്ടാക്കാം.
ഇങ്ങനെ അകാലനരയുണ്ടാകുന്നതിലേക്ക് നമ്മെ നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയിലേക്കാണിനി കടക്കുന്നത്. ഇവ പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിച്ചാല്‍ അകാലനരയെയും വലിയൊരു പരിധി വരെ മറികടക്കാൻ സാധിക്കും.
പോഷകക്കുറവ്...
പോഷകക്കുറവ് അകാലനരയിലേക്ക് നയിക്കുമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. പ്രത്യേകിച്ച് വൈറ്റമിൻ ബി 12ന്‍റെ കുറവാണ് ഇത്തരത്തില്‍ അകാലനരയിലേക്ക് നയിക്കുക. നിരവധി പേര്‍ നമുക്കിടയില്‍ തന്നെ ഈ പ്രശ്നം നേരിടുന്നവരുണ്ടാകാം. വൈറ്റമിൻ ബി 12ന് പുറമെ കോപ്പര്‍, അയേണ്‍, കാത്സ്യം, സിങ്ക് എന്നിങ്ങനെയുള്ള ഘടകങ്ങളുടെ കുറവോ ബാലൻസ് പ്രശ്നമോ അകാലനരയിലേക്ക് നയിക്കാം.
ഇക്കാരണം കൊണ്ട് തന്നെ വൈറ്റമിൻ ബി 12 അടക്കം ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ ഭക്ഷണത്തിലൂടെ ഉറപ്പിക്കണം.
തൈറോയ്ഡ്...
തൈറോയ്ഡ് ഹോര്‍മോണുകളുടെ കാര്യത്തില്‍ ബാലൻസ് പ്രശ്നം വന്നാലും അകാലനരയുണ്ടാകാം. ഇതും പലരിലും അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. ടി3, ടി4 ഹോര്‍മോണുകളുടെ വ്യതിയാനമാണ് പ്രശ്നമാകുന്നത്. ഇത് അകാലനരയിലേക്ക് മാത്രമല്ല കഷണ്ടിയിലേക്കും നയിക്കാറുണ്ട്.
ഡോക്ടറെ കണ്ട് തൈറോയ്ഡ് പരിശോധിച്ച ശേഷം ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടെങ്കില്‍ അവ ചികിത്സയിലൂടെ പരിഹരിക്കാൻ സാധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.
പുകവലി...
ചിലരില്‍ പതിവായ പുകവലിയും അകാലനരയിലേക്ക് നയിക്കാറുണ്ട്. പുകവലി ആരോഗ്യത്തിനുമേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പലതാണ്. ഇവയിലൊന്നാണ് അകാലനരയും. അതിനാല്‍ അകാലനര കാണുന്നപക്ഷം, പുകവലിക്കുന്ന ശീലമുപേക്ഷിക്കുന്നത് നല്ലതായിരിക്കും.
പ്രോട്ടീൻ...
പ്രോട്ടീൻ കുറവും ചിലരില്‍ അകാലനരയ്ക്കുള്ള കളമൊരുക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ മറ്റ് അവശ്യഘടകങ്ങളുടെ കൂടി കുറവ് ഇതിനൊപ്പമുണ്ടെങ്കില്‍ നര കയറാനുള്ള സാധ്യത വീണ്ടും കൂടുകയായി.
പാരമ്പര്യം...
അകാലനരയുടെ കാര്യത്തില്‍ പാരമ്പര്യഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതായത് ജനിതക ഘടകങ്ങളുടെ സ്വാധീനം മൂലം തന്നെ പലരിലും അകാലനരയുണ്ടാകാം. ഈ ഘട്ടത്തില്‍ നമുക്ക് പരിഹരിക്കാൻ മറ്റ് മാര്‍ഗങ്ങളൊന്നും തേടുക സാധ്യമല്ല.
Also Read:- ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-