കൊവിഡ് 19; രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹ വ്യാപനം തുടങ്ങിയതായി എയിംസ്​ ഡയറക്​ടർ

By Web TeamFirst Published Apr 6, 2020, 5:01 PM IST
Highlights

വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രൺദീപ്​ ഗു​ലേറിയ പറഞ്ഞു.

ദില്ലി: രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹ വ്യാപനം തുടങ്ങിയെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രൺദീപ്​ ഗു​ലേറിയ. ചിലയിടങ്ങളിൽ സമൂഹവ്യാപനം തുടങ്ങിയതി​ന്റെ തെളിവുകളുണ്ട്​. വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

ആജ്​ തക്കിന്​ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‌കൊവിഡ് മൂന്നാംഘട്ടത്തിലേക്ക്​ കടക്കുന്ന സമയമാണ്. പ്രത്യേക സ്ഥലങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈ പോലുള്ള നഗരങ്ങളിലെ രോഗ ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതാണ് സമൂഹ വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.

 ഏപ്രില്‍ ‌പത്തിന് ശേഷം മാത്രമേ സമൂഹ വ്യാപനം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറയുന്നു.  രാജ്യത്തി​ന്റെ ഭൂരിഭാഗം സ്​ഥലങ്ങളിലും വൈറസ്​ നിയന്ത്രണ വിധേയമാണ്​. എന്നാൽ ചില സ്​ഥലങ്ങളിൽ സമൂഹവ്യാപനം നടന്നതിനാൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും ഡോ. രൺദീപ് പറഞ്ഞു.

click me!