പ്ലാസ്മ ചികിത്സ കൊറോണ വൈറസില്‍ പരിവര്‍ത്തനത്തിന് ഇടയാക്കുന്നതായി പഠനം

Web Desk   | others
Published : Feb 08, 2021, 01:09 PM IST
പ്ലാസ്മ ചികിത്സ കൊറോണ വൈറസില്‍ പരിവര്‍ത്തനത്തിന് ഇടയാക്കുന്നതായി പഠനം

Synopsis

ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍- പ്രത്യേകിച്ച് മറ്റേതെങ്കിലും അസുഖങ്ങളുള്ളവരിലെല്ലാം പ്രതിരോധവ്യവസ്ഥ തകരാറിലായിരിക്കുന്നതിനാല്‍ വൈറസ് ഏറെ നാള്‍ നില്‍ക്കാനുള്ള സാധ്യതയുണ്ടായിരിക്കും. എന്നാല്‍ പുറത്തുനിന്ന് ആന്റിബോഡി അകത്തെത്തുന്നതോടെ അതിനോട് പൊരുതാന്‍ വൈറസ് നിര്‍ബന്ധിതരാകുന്നു. രോഗിയുടെ ദുര്‍ബലമായ പ്രതിരോധ വ്യവസ്ഥ അവര്‍ക്ക് അനുകൂലമായ സാഹചര്യവും ഒരുക്കുന്നു

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് പുതിയ നിരീക്ഷണം പങ്കുവച്ച് ഡോക്ടര്‍മാരുടെ സംഘം. കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുമ്പോള്‍ ചിലരില്‍ വൈറസ് പരിവര്‍ത്തനത്തിന് വിധേയമാകുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

ക്യാന്‍സറിനെ അതിജീവിച്ച കൊവിഡ് രോഗിയുടെ ശാരീരികമാറ്റങ്ങളെ കുറിച്ചും അയാളിലെ രോഗാവസ്ഥയെ കുറിച്ചും നൂറിലധികം ദിവസങ്ങള്‍ പഠിച്ച ശേഷമാണേ്രത ബ്രിട്ടനില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ഈ നിരീക്ഷണത്തിലേക്കെത്തിയത്. 

കൊവിഡ് ബാധിച്ചുകഴിഞ്ഞ രോഗികളുടെ രക്തത്തില്‍ നിന്ന്, പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതാണ് മറ്റ് കൊവിഡ് രോഗികള്‍ക്ക് ചികിത്സയായി നല്‍കാറ്. അതായത്, രോഗം വന്നുപോയവരില്‍ സ്വാഭാവികമായി രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ട് കാണും. ഈ ആന്റിബോഡി നിലവില്‍ രോഗമുള്ളവരിലേക്ക് എത്തിക്കുകയാണ് പ്ലാസ്മ ചികിത്സയിലൂടെ. 

ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍- പ്രത്യേകിച്ച് മറ്റേതെങ്കിലും അസുഖങ്ങളുള്ളവരിലെല്ലാം പ്രതിരോധവ്യവസ്ഥ തകരാറിലായിരിക്കുന്നതിനാല്‍ വൈറസ് ഏറെ നാള്‍ നില്‍ക്കാനുള്ള സാധ്യതയുണ്ടായിരിക്കും. എന്നാല്‍ പുറത്തുനിന്ന് ആന്റിബോഡി അകത്തെത്തുന്നതോടെ അതിനോട് പൊരുതാന്‍ വൈറസ് നിര്‍ബന്ധിതരാകുന്നു. രോഗിയുടെ ദുര്‍ബലമായ പ്രതിരോധ വ്യവസ്ഥ അവര്‍ക്ക് അനുകൂലമായ സാഹചര്യവും ഒരുക്കുന്നു. അങ്ങനെ ആന്റിബോഡിയോട് പൊരുതിജയിക്കാനുള്ള ശ്രമത്തിനിടെ വൈറസിന് പരിവര്‍ത്തനം സംഭവിക്കുന്നു എന്നാണ് ഡോക്ടര്‍മാരുടെ സംഘത്തിന്റെ കണ്ടെത്തല്‍. 

അതേസമയം പ്ലാസ്മ ചികിത്സ കൊണ്ട് ഇത്തരം രോഗികള്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നും എന്നാല്‍ പ്രത്യേകിച്ച് മെച്ചം ഉണ്ടാകില്ലെന്നും സംഘം വിലയിരുത്തുന്നു. പല തരം രോഗങ്ങളുള്ള, കൊവിഡ് ബാധിതരില്‍ പ്ലാസ്മ ചികിത്സ നടത്തുമ്പോള്‍ ഇത്തരത്തില്‍ പരിവര്‍ത്തനം സംഭവിച്ച് പല തരത്തിലായ വൈറസ് പുറത്തെത്താമെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.

Also Read:- കൊവിഡ് പകരുന്നത് അധികവും ഏത് പ്രായക്കാരില്‍ നിന്ന്? പഠനം പറയുന്നത്....

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?