കൊറോണാവൈറസോ, സാർസോ ഏതാണ് കൂടുതൽ മാരകം ?

By Web TeamFirst Published Jan 30, 2020, 10:23 AM IST
Highlights

സാർസിനേക്കാൾ വേഗത്തിൽ പടരും, എന്നാൽ അതിന്റെയത്ര ആളെക്കൊല്ലിയല്ല കൊറോണാവൈറസ് 

" സാർസിനേക്കാൾ വേഗത്തിൽ പടരും, എന്നാൽ അതിന്റെയത്ര ആളെക്കൊല്ലിയല്ല കൊറോണാവൈറസ് "   ആരോഗ്യവിദഗ്ധർ ഏറ്റവും  കൊറോണാവൈറസിനേയും സാർസിനെയും താരതമ്യപ്പെടുത്തിക്കൊണ്ട്  പറയുന്നത് ഇങ്ങനെയാണ്. ഇതുവരെയുള്ള കൊറോണയുടെ മരണനിരക്ക് 2.2  ശതമാനമാണ് എങ്കിൽ സാർസിന്റേത് പതിനഞ്ചു ശതമാനമാണ്. 

ഇന്നുവരെ കൊറോണാവൈറസ് ബാധ 7700 പേരിൽ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. അവരിൽ 170 പേർക്ക് മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് നൂറിൽ രണ്ടു പേർ വീതം മരണത്തിന് കീഴടങ്ങുന്നുണ്ട്. സാർസ് രോഗത്തിന്റെ കാര്യത്തിൽ അത് 15% ആണ്. അതായത് നൂറിൽ 15 പേരാണ്. അതിന്റെയർത്ഥം, ഒരു രോഗിക്ക് വന്നുപെട്ടാൽ, കൊറോണാവൈറസിനേക്കാൾ ചുരുങ്ങിയത് ഏഴിരട്ടിയെങ്കിലും മാരകമാണ് സാർസ് വൈറസ് എന്നർത്ഥം. നൂറിൽ 35 പേരെയും കൊന്നിട്ടുള്ള മെർസ്, നൂറിൽ 50 പേരുടെയും ജീവനെടുത്ത ചരിത്രമുള്ള എബോള തുടങ്ങിയ മാരകവ്യാധികളാണ് ഈ പട്ടികയിൽ സാർസിന് മുന്നിലുള്ളത്. എന്നാൽ, ഭാഗ്യവശാൽ പടർന്നു പിടിക്കുന്ന കാര്യത്തിൽ അത്രക്ക് വേഗം സാർസ് വൈറസിനില്ല. ആറുമാസക്കാലം ചൈനയെ ബാധിച്ചിട്ടും അത് ആകെ പടർന്നത് 5500 പേരിലേക്കാണ്. അതിൽ 800 പേരും മരിച്ചുപോയി എന്നത് വേറെക്കാര്യം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് ഒന്നരമാസത്തിനുള്ളിൽ തന്നെ എണ്ണായിരത്തോളം പേരിലേക്ക് പടർന്നുപിടിച്ചു കഴിഞ്ഞ, ഇപ്പോഴും ദിവസം പ്രതി ആയിരക്കണക്കിന് പേരിലേക്ക് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന, ഇനിയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കൊറോണാവൈറസ് ബാധ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോഴും മരണസംഖ്യ കൂടുതലാവാൻ സാധ്യതയുള്ള ഒരു പകർച്ചവ്യാധിയാണ്. അതായത് പടരുന്ന നിരക്ക് കൂടുതലായാൽ, മരണനിരക്കിൽ ഉണ്ടാകുന്ന ഒരു ശതമാനം വർദ്ധനവ് പോലും ആയിരക്കണക്കിന് പേരുടെ മരണത്തിലേക്കാണ് വഴിവെക്കുക. 

കൊറോണാബാധിതരിൽ പലരും ശാരീരികമായ അവശതകളും അസുഖങ്ങളും മുന്നേ തന്നെ ഉണ്ടായിരുന്നവരാണ്. പലർക്കും ഹൈപ്പർ ടെൻഷൻ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല കാരണങ്ങളാലും പ്രതിരോധ ശേഷി കുറവായിരുന്നു. ദുർബലരായവരെ വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാൻ കൊറോണാവൈറസിനാകും. സ്വതവേ മൃഗങ്ങളിൽ കണ്ടുവരുന്ന വൈറസ് ആണ് കൊറോണ എങ്കിലും, ചില സവിശേഷ സാഹചര്യങ്ങളിൽ അത് മനുഷ്യരിലേക്കും പകരും. പനി, ചുമ, ശ്വാസംമുട്ട് എന്നിങ്ങനെ തുടങ്ങി ന്യൂമോണിയയിൽ ചെന്നാണ് ലക്ഷണങ്ങൾ അവസാനിക്കുക, രോഗിയുടെ ആരോഗ്യനില വഷളായി വന്നുവന്ന് ഒടുവിൽ മരണത്തിലും. തല്ക്കാലം മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണാവൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ മൂന്നുമാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാൻ തയ്യാറാകും എന്ന് കരുതപ്പെടുന്നു. 

click me!