കൊവിഡ് പൂര്‍ണമായും സുഖപ്പെട്ടവരുടെ രക്തം മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കുമോ?

By Web TeamFirst Published Apr 1, 2020, 9:32 PM IST
Highlights

കൊവിഡ് 19 മാഹാമാരിയുടെ വ്യാപനം തടയാനുളള ശ്രമങ്ങളാണ് ഇന്ന് ലോകത്ത് നടക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. 

കൊവിഡ് 19 മാഹാമാരിയുടെ വ്യാപനം തടയാനുളള ശ്രമങ്ങളാണ് ഇന്ന് ലോകത്ത് നടക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. കൊവിഡ് പൂര്‍ണമായും സുഖപ്പെട്ടവരുടെ രക്തം മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കുമോ എന്നതിനെ കുറിച്ചാണ് ന്യുയോർക്കിലെ ഡോക്ടർമാർ ഇപ്പോള്‍ പരീക്ഷിക്കുന്നത്. 

കൊവിഡ് രോഗം വന്ന് സുഖപ്പെട്ടവരുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ, അഥവാ പ്രതിരോധാണുക്കൾ ശേഖരിച്ച്, അത് രോഗികൾക്ക് നൽകുന്നതാണ് ഈ പരീക്ഷണം. കൊവിഡ് രോഗം അതിജീവിച്ചവരുടെ രക്തത്തിൽ ധാരാളം ആന്റിബോഡികളും പ്രോട്ടീനുകളുമുണ്ട്. വൈറസിനെ ആക്രമിക്കാൻ ശരീരത്തിന്‍റെ തന്നെ സംവിധാനം നിര്‍മിച്ചതാണിത്. എബോള, ഇൻഫ്ലുവൻസ മുതലായ പകർച്ചവ്യാധികൾ ചികിൽസിക്കാൻ ദശാബ്ദങ്ങളായി ഇത്തരത്തിൽ ആന്റിബോഡികൾ അടങ്ങിയ രക്തത്തിലെ പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്. 

രോഗം ഗുരുതരമല്ലാത്തവരിൽ ചികിത്സാരീതിയായി ഇത് പരീക്ഷിക്കാവുന്നതാണെന്ന് മൗണ്ട് സിനായി ഹോസ്പിറ്റലിലെ ഡോ ഡേവിഡ് എൽ റെയ്ച് പറയുന്നു. ഇതൊരു പരീക്ഷണം മാത്രമാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ കൊവിഡ് രോഗികളിൽ പ്ലാസ്മ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി.

click me!