'കൊവിഡ് ശരാശരി ആയുര്‍ദൈര്‍ഘ്യം കുറച്ചു, വര്‍ഷങ്ങളെടുത്ത് ഉണ്ടായ മാറ്റങ്ങള്‍ തകര്‍ത്തു'

By Web TeamFirst Published Sep 27, 2021, 2:01 PM IST
Highlights

ആരോഗ്യപരമായ പല കാര്യങ്ങളിലും കൊവിഡ് ചെലുത്തിയ സ്വാധീനം ചെറുതല്ല. കാലങ്ങളെടുത്ത് നാം കെട്ടിപ്പൊക്കിയ ആതുരസേവനരംഗം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെല്ലാം നിഷ്പ്രഭമായി പോകുന്ന കാഴ്ച കൊവിഡ് കാലത്ത് നാം കണ്ടു

കൊവിഡ് 19 ( Covid 19 Pandemic ) മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇതിനോടകം തന്നെ ജീവന്‍ നഷ്ടമായിരിക്കുന്നത്. ഓരോ രാജ്യങ്ങളിലും ആരോഗ്യമേഖല ( Health Sector ) നേരിട്ട പ്രതിസന്ധികള്‍ പറഞ്ഞാല്‍ തീരാവുന്നതല്ല. 

നാനാമേഖലകളിലും കൊവിഡ് മൂലമുള്ള നഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് പറയാം. തൊഴില്‍മേഖല, സാമ്പത്തിക മേഖല, സാമൂഹിക-സാംസ്‌കാരിക-കലാ മേഖലകള്‍ അങ്ങനെ സകലയിടങ്ങളിലും കൊവിഡ് നഷ്ടങ്ങള്‍ വിതച്ചു. 

ഇതിനിടെ ആരോഗ്യപരമായ പല കാര്യങ്ങളിലും കൊവിഡ് ചെലുത്തിയ സ്വാധീനം ചെറുതല്ല. കാലങ്ങളെടുത്ത് നാം കെട്ടിപ്പൊക്കിയ ആതുരസേവനരംഗം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെല്ലാം നിഷ്പ്രഭമായി പോകുന്ന കാഴ്ച കൊവിഡ് കാലത്ത് നാം കണ്ടു. ആശുപത്രിക്കിടക്കകള്‍ ഇല്ലാതെയും ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെയും രോഗികള്‍ മരിച്ചുവീണു. 

 

 

ഇതുമായെല്ലാം ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തുവരുന്നത്. കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി പല രാജ്യങ്ങളിലും ശരാശരി ആയുര്‍ദൈര്‍ഘ്യം കുത്തനെ താഴേക്ക് വീഴുകയും വര്‍ഷങ്ങളായി മരണനിരക്ക് കുറയ്ക്കുന്നതിന് വേണ്ടി നടത്തിവന്നിരുന്ന ശാസ്ത്രീയമായ ശ്രമങ്ങളെല്ലാം തന്നെ തകര്‍ന്നുവീഴുകയും ചെയ്തതായാണ് പഠനം പറയുന്നത്. 

29 രാജ്യങ്ങളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. സ്‌പെയ്ന്‍, ഇംഗ്ലണ്ട്, വെയില്‍സ്, ഇറ്റലി, ബെല്‍ജിയം പോലുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശരാശരി ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തുന്നതെന്നും പഠനം പറയുന്നു. 

പഠനത്തിനായി തെരഞ്ഞെടുത്ത എല്ലാ രാജ്യങ്ങളിലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകളെക്കാള്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവ് കണ്ടത് പുരുഷന്മാരിലാണെന്നും പഠനം പറയുന്നു. അതുപോലെ യുഎസില്‍ അറുപതില്‍ താഴെ പ്രായം വരുന്നവരിലെ മരണനിരക്ക് ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായതെന്നും അതേസമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലാണെങ്കില്‍ അറുപതിന് മുകളില്‍ പ്രായം വരുന്നവരിലെ മരണനിരക്കാണ് വര്‍ധിച്ചിരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

 

 

വികസിത- വികസ്വര രാജ്യങ്ങളില്‍ നിന്ന് ഈ വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനായാല്‍ പഠനം കുറെക്കൂടി വിപുലപ്പെടുത്താമെന്നും അപ്പോള്‍ മാത്രമേ കൊവിഡിന്റെ വ്യാപ്തി വ്യക്തമാകൂവെന്നും ഗവേഷകര്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു.

Also read:- കൊവിഡ് 19 കേള്‍വിശക്തിയെ ബാധിക്കുമോ? ചില പഠനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കൂ...

click me!