കൊവിഡ് 19: 'റിലാക്സ് ചെയ്യാനുള്ള സമയമായിട്ടില്ല'; കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്...

By Web TeamFirst Published Apr 15, 2020, 10:26 AM IST
Highlights
ലോകത്താകെ കൊവിഡ് 19 രോഗമുക്തി നേടിയവരുടെ എണ്ണം നാലേമുക്കാൽ ലക്ഷം കടന്നു. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 1.26 ലക്ഷം കടന്നു. 
ലോകത്താകെ കൊവിഡ് 19 രോഗമുക്തി നേടിയവരുടെ എണ്ണം നാലേമുക്കാൽ ലക്ഷം കടന്നു. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 1.26 ലക്ഷം കടന്നു. ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ഇന്‍ഫോക്ലിനിക്കിന്‍റെ പേജിലൂടെ ഡോ. മനോജ് വെള്ളനാട്, ഡോ. ലദീദ റയ്യ, ഡോ. നവജീവൻ എന്നിവര്‍ എഴുതിയ ലേഖനം വായിക്കാം. 

ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 75000 നടുത്ത്. ലോകത്ത് ഇന്നലെ മാത്രം മരണസംഖ്യ 7000 നടുത്ത്. അതിൽ ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ. അമേരിക്കയിൽ മരണസംഖ്യ 26,000 കവിഞ്ഞു. യുകെയിലത് 12,000 കടന്നു. സ്പെയിനിൽ 18,000 വും ഫ്രാൻസിൽ 16,000-വുമായി. ജർമനിയിൽ മരണസംഖ്യ 3,500-ന് അടുത്ത്.  ജർമനി മരണസംഖ്യയിൽ ചൈനയെ മറികടന്നു. ആയിരത്തിൽ കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ കൂടിയായി. പാക്കിസ്ഥാനിൽ ഇതുവരെ 5,800 ൽ പരം കേസുകളിൽ നിന്ന് 96 മരണങ്ങൾ. സൗദി അറേബ്യയിൽ 5,300-ന് മുകളിൽ കേസുകളിൽ നിന്ന് 73 മരണങ്ങൾ. ബഹ്റിനിൽ 1500 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ.

ഇന്ത്യയിൽ ഇന്നലെയും ആയിരത്തിലധികം പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 11500-ന് അടുത്ത്. ആകെ മരണം 400 നടുത്ത്. മഹാരാഷ്ട്രയിൽ 2700 ഓളം രോഗികൾ. അവിടെ മുംബയിൽ മാത്രം 1700 ലധികം കേസുകൾ. ഡൽഹി 1500 കടന്നു. തമിഴ്നാടും രാജസ്ഥാനും 1000 കടന്നവരുടെ ലിസ്റ്റിലുണ്ട്. ഇതുവരെ രോഗമുക്തി നേടിയവർ 1400-ഓളം. 

ഇന്നുമുതൽ വീണ്ടും 19 ദിവസത്തെക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുമെന്നത് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു. എങ്കിലും യാതൊരു വിധ സാമൂഹിക സുരക്ഷ പദ്ധതികളും പുതുതായി പ്രഖ്യാപിക്കാതെ രാജ്യം അടച്ചിടുന്നത് ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ തന്നെയാണ് സാധ്യത. പല സംസ്ഥാനങ്ങളിലും അഭയാർത്ഥികളെ പോലെ കഴിയുന്ന അതിഥി തൊഴിലാളികൾ കൂടുതൽ അരക്ഷതിരാവും. പ്രത്യാഘാതങ്ങൾ ഉണ്ടാവാതെ നോക്കണം.

കേരളത്തിൽ ഇന്നലെ പുതുതായി 8 രോഗികൾ കൂടി. അതോടെ കേരളത്തിലാകെ രോഗികളുടെ എണ്ണം 386 ആയി. ഇതുവരെ 211 പേർ രോഗമുക്തി നേടി. കേരളത്തിൽ രോഗികളുടെ എണ്ണം കുറവാണെന്നത് പൊതുവേ ഒരു ജാഗ്രതക്കുറവിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമുക്ക് അത്രയ്ക്കും റിലാക്സ് ചെയ്യാനുള്ള സമയം ആയിട്ടില്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയെക്കാൾ കൂടുതൽ കഷ്ടപ്പെടുന്നത് പോലീസുകാരാണ്. ജനങ്ങളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയേ ഉള്ളൂ എന്ന് നമ്മൾ മനസ്സിലാക്കണം.

റെഗുലർ വാക്സിനേഷൻ എടുക്കുന്ന കുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് കേരളത്തിൽ അത്യാവശ്യമാണ്, പ്രത്യേകിച്ചും ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ. പതിനായിരക്കണക്കിന് കുട്ടികൾക്കാണ് സമയത്തിനെടുക്കേണ്ട വാക്സിനേഷൻ ഇപ്പോൾ തന്നെ രണ്ടോ മൂന്നോ ആഴ്ച വൈകിയിരിക്കുന്നത്. ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് ചിലപ്പോൾ വലിയൊരു വിഭാഗം കുഞ്ഞുങ്ങളെ ചില പകർച്ചവ്യാധികൾക്ക് പ്രതിരോധം കുറഞ്ഞവരാക്കുന്നതിന് കാരണമായേക്കും.

ഇപ്പോൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുന്നു എന്നുള്ളതും വീടുകളിലേക്ക് അധികം അതിഥികളോ ആൾക്കാരോ വരുന്നില്ല എന്നതുകൊണ്ടും കുഞ്ഞുങ്ങൾ സേഫ് ആണ്. പക്ഷേ റുട്ടീൻ വാക്സിനേഷൻ ഇനിയുമധികം നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമാകില്ല. അക്കാര്യം ഗവൺമെൻറ് ഗൗരവപൂർവം പരിഗണിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ശാസ്ത്രീയമായതും സമയോചിതവുമായ ഇടപെടലുകൾ എത് സന്നിഗ്ദ്ധ ഘട്ടത്തിലും വിജയിക്കുമെന്ന് തന്നെയാണ് കേരളം നൽകുന്ന ഏറ്റവും വലിയ പാഠം. പക്ഷേ അത് അമിത ആത്മവിശ്വാസം ആവരുത്. നമ്മൾ ഇത്രയും നാൾ എങ്ങനെയായിരുന്നോ അതുപോലെതന്നെ കുറച്ചുനാൾ കൂടി തുടരേണ്ടതുണ്ട്. എന്നാലേ നമുക്കീ മഹാമാരിയെ കീഴടക്കാൻ പറ്റൂ. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം. ഒരുമിച്ച് നേരിടാം. തീർച്ചയായും നമ്മൾ ജയിക്കും. 

എഴുതിയത് - ഡോ. മനോജ് വെള്ളനാട്, ഡോ. ലദീദ റയ്യ, ഡോ. നവജീവൻ
click me!