മാസ്കുകളിൽ വൈറസ് ഒരാഴ്ച വരെ നിലനിൽക്കും; പുതിയ പഠനം

By Web TeamFirst Published Apr 8, 2020, 11:51 AM IST
Highlights

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം പിടിപെടാതിരിക്കാന്‍  എല്ലാവരും മാസ്ക് ധരിക്കുന്നത് വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറയുകയുണ്ടായി.  

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം പിടിപെടാതിരിക്കാന്‍  എല്ലാവരും മാസ്ക് ധരിക്കുന്നത് വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറയുകയുണ്ടായി.  പലയിടത്തും മാസ്ക് കിട്ടാനില്ല ചില രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിൽനിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതിയുണ്ടെന്നുളള വാര്‍ത്തകള്‍ വരെ നാം. കൊവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ മാസ്ക് ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പോലും വിലയിരുത്തുന്നത്. 

തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടിലിരുന്ന് തന്നെ മാസ്ക് നിര്‍മ്മിക്കാനുളള വഴികളും നാം കണ്ടെത്തി കഴിഞ്ഞു. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളൂ. 

അതിനിടെ മാസ്കുമായി ബന്ധപ്പെട്ട ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് മാസ്കുകളിൽ ഒരാഴ്ച്ചയോളം നിലനിൽക്കുമെന്നാണ് പഠനം പറയുന്നത്. ഹോങ്കോങ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മാസ്കിലെ പുറംഭാഗത്ത് വൈറസിന് അതിജീവിക്കാൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

കറൻസി, ടിഷ്യൂ പേപ്പർ, വസ്ത്രങ്ങൾ എന്നിവയിൽ വൈറസ് എത്ര നാൾ നിലനിൽക്കുമെന്നായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളിൽ വൈറസിന് മൂന്ന് മണിക്കൂർ വരെ ആയുസ്സുണ്ടെന്ന് പഠനം പറയുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ 4 മുതൽ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫർണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനിൽക്കും.

അതേസമയം, കറൻസികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതൽ 4 ദിവസം വരെ അതിജീവിക്കാനാകും. മാസ്കുകളിൽ ഏഴ് ദിവസം വരെ കൊറോണ വൈറസ് നിലനിൽക്കുമെന്നും പഠനത്തിൽ പറയുന്നു. മാസ്ക് ഉപയോഗിക്കുന്നവർ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

click me!