ഹോവർ ബോർഡിൽ ബാലൻസ് ചെയ്‌തു നിന്ന് പല്ലുപറിച്ച ഡെന്റിസ്റ്റിന് പന്ത്രണ്ടു വർഷത്തെ തടവ്

By Web TeamFirst Published Sep 24, 2020, 2:42 PM IST
Highlights

 "ഹോവർ ബോർഡിൽ ബാലൻസ് ചെയ്ത് നിന്ന് പല്ലെടുക്കുന്നതാണ് ഏറ്റവും പുതിയ ഡെന്റിസ്ട്രി സ്റ്റാൻഡേർഡ് " ഒന്നിലധികം ഇടത്ത് ഈ ഡോക്ടർ കമന്റുചെയ്തിരുന്നു.

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണ് പല്ലെടുപ്പ്. മൂർച്ചയേറിയ ആയുധങ്ങൾ പ്രയോഗിക്കുന്ന, സിറിഞ്ച് പോലുള്ള അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് ചെയ്യേണ്ട ആ പരിപാടിക്കുവേണ്ടി ഡിസൈൻ ചെയ്യപ്പെട്ടതാണ് ഒരു ദന്തഡോക്ടറുടെ മുറിയിലെ കസേരകളും മറ്റു സഹായക ഉപകരണങ്ങളും. എന്നാൽ, വർഷങ്ങളുടെ അനുഭവജ്ഞാനം കൊണ്ട് ഒരു മേഖല അതിന്റെ സുരക്ഷിതത്വത്തിനായി വികസിപ്പിച്ചെടുത്ത സകല പ്രോട്ടോക്കോളുകളും തൃണവൽഗണിച്ചുകൊണ്ട് ഒരു ഡെന്റിസ്റ്റ് ആ പ്രൊസീജിയറുകളെ അപഹാസ്യമാം വിധം അവഗണിച്ചാലോ? അത്തരത്തിൽ ഒരു കേസിന്റെ വിചാരണക്ക് അലാസ്കയിലെ കോടതിയിൽ കഴിഞ്ഞ ദിവസം അവസാനമായി. ഒരു ഹോവർ ബോർഡിന്റെ മുകളിൽ കയറി ബാലൻസ് ചെയ്തുകൊണ്ട്, രോഗിയുടെ പല്ലെടുത്തു എന്ന കുറ്റത്തിന് കോടതി അലാസ്കയിലെ ഡെന്റിസ്റ്റ് ആയ സേത്ത് ലോക്ക്ഹാർട്ട് എന്ന വ്യക്തിയെ കോടതി പന്ത്രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

ഹോവർ ബോർഡിന് മേൽ ബാലൻസ് ചെയ്തുകൊണ്ടാണ് ഡോക്ടർ തന്റെ വായിൽ നിന്ന് പല്ലെടുത്തത് എന്ന കാര്യം രോഗിക്ക് അറിയില്ലായിരുന്നു. 2016 -ലാണ് ഈ സംഭവം നടന്നത്. ഈ ഡോക്ടർക്കുമേൽ ആരോപിതമായ മറ്റു ചില സാമ്പത്തിക ഇൻഷുറൻസ് ക്രമക്കേടുകളുടെ പേരിൽ 2017 -ൽ അന്വേഷണം തുടങ്ങിയപ്പോഴാണ് പൊലീസിന്റെ മുന്നിൽ ഈ വീഡിയോ എത്തിപ്പെടുന്നത്.  അന്ന് അന്വേഷകർ ഫോണിൽ വിളിച്ച് "ഈ വീഡിയോയിൽ കാണുന്ന സ്ത്രീ നിങ്ങൾ തന്നെയാണോ ?" എന്ന് ചോദിച്ചപ്പോഴാണ് ആ രോഗി കാര്യം അറിയുന്നത്. അന്ന് ഈ വീഡിയോ എടുത്തതും അത് തന്റെ പല സ്നേഹിതർക്കും അയച്ചു കൊടുത്തതും, " ഹോവർ ബോർഡിൽ ബാലൻസ് ചെയ്ത് നിന്ന് പല്ലെടുക്കുന്നതാണ് ഏറ്റവും പുതിയ ഡെന്റിസ്ട്രി സ്റ്റാൻഡേർഡ് " ഒന്നിലധികം ഇടത്ത് കമന്റടിച്ചതും ഒക്കെ ഇയാൾ തന്നെയാണ്. 

താൻ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്നു കോടതിയെ ബോധിപ്പിച്ച യുവഡോക്ടർ തന്നോട് ക്ഷമിക്കണമെന്നും ശിക്ഷിക്കരുതെന്നും അപേക്ഷിച്ചെങ്കിലും, ചെയ്ത കുറ്റത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് കോടതി പന്ത്രണ്ടുവര്ഷത്തേക്ക് ഡെന്റിസ്റ്റിനെ തടവിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതിനു പുറമെ പത്തുവർഷത്തേക്ക് ഡെന്റിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നതിനും ഡോക്ടർക്ക് വിലക്കുണ്ട്. കനത്ത ഒരു പിഴയും ഡോക്ടർക്കും ആശുപത്രിക്കും മേൽ കോടതി ചുമത്തിയിട്ടുണ്ട്. 

click me!