
പ്രമേഹം അല്ലെങ്കില്‍ ഷുഗര്‍ ഒരു ജീവിതശൈലീരോഗമാണല്ലോ. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തെ ഇന്ന് മിക്കവരും വളരെ ഗൗരവത്തോടെ സമീപിക്കുന്നുണ്ട്. മറ്റൊന്നുമല്ല പ്രമേഹം ക്രമേണ പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കാമെന്നതിനാലാണിത്.
ഇത്തരത്തില്‍ പ്രമേഹം പിന്നീട് ക്യാൻസറിലേക്കും സാധ്യതയൊരുക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിവില്ലെന്നതാണ് സത്യം. അതായത് പ്രമേഹമുള്ളവരില്‍ പിന്നീട് ക്യാൻസറുണ്ടാകാം എന്നല്ല, മറിച്ച് ക്യാൻസര്‍ സാധ്യതയുണ്ടാകാം എന്ന്.
പ്രമേഹരോഗികളില്‍ ക്രമേണ മലാശയത്തെ ബാധിക്കുന്ന ക്യാൻസറിനാണ് സാധ്യത വരുന്നത്. പ്രമേഹത്തിനൊപ്പം അമിതവണ്ണം കൂടിയുണ്ടെങ്കില്‍ ക്യാൻസര്‍ സാധ്യത വീണ്ടും വര്‍ധിക്കാം. ഇക്കാരണം കൊണ്ടുതന്നെ പ്രമേഹം നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരവും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
പ്രമേഹരോഗികളുടെ വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹം ബാലൻസ് നഷ്ടപ്പെട്ട നിലയിലായിരിക്കും. സാധാരണഗതിയില്‍ നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിനൊരു സന്തുലിതാവസ്ഥയുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ മൂലവും അസുഖങ്ങള്‍ മൂലവുമെല്ലാം മാറിമറിയാം.
ഇങ്ങനെ ബാക്ടീരിയകളുടെ ബാലൻസ് തെറ്റുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. ഈ ദഹനപ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് തുടരുന്നതാണ് ഒടുവില്‍ മലാശയ അര്‍ബുദത്തിന് വഴിയൊരുക്കുന്നത്.
അതേസമയം ദഹനപ്രശ്നങ്ങളുള്ളവരിലെല്ലാം മലാശയ അര്‍ബുദം ബാധിക്കണമെന്നില്ല. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് അവരില്‍ ഇതിന് സാധ്യത കൂടുകയാണ്. അതെങ്ങനെയാണ് പ്രമേഹരോഗികളില്‍ കണ്ടുവരുന്നത് എന്നതാണ് വിശദീകരിച്ചത്.
ഭക്ഷണത്തിലൂടെ ഷുഗര്‍ നിയന്ത്രിക്കുക, ഒഴിവാക്കേണ്ട ഭക്ഷണങ്ങളൊഴിവാക്കുന്നതിന് ഒപ്പം ഫൈബറടങ്ങിയ ഹെല്‍ത്തിയായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക, ശരീരഭാരം ആരോഗ്യകരമാക്കി സൂക്ഷിക്കുക, കായികാധ്വാനമോ വ്യായാമമോ പതിവാക്കുക, മദ്യപാനം- പുകവലി- മറ്റ് ലഹരി ഉപയോഗം എന്നിവ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പ്രമേഹം അധികരിക്കുന്നത് തടയാനും അതുവഴി ക്യാൻസര്‍ സാധ്യത അടക്കമുള്ള അനുബന്ധപ്രയാസങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
Also Read:- മൂത്രമൊഴിക്കുമ്പോള്‍ വേദന? എന്തുകൊണ്ടാണെന്ന് അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-