
പ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈലീരോഗമാണ്. അതിനാല്‍ തന്നെ ജീവിതരീതികളിലെ - പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലെ നിയന്ത്രണം തന്നെയാണ് ഷുഗര്‍ നിയന്ത്രിക്കാൻ അധികവും സഹായകമാകുന്നത്.
പ്രമേഹത്തിന്‍റെ കാര്യം പറയുമ്പോള്‍ അധികപേരും ചിന്തിക്കുക- മധുരം കുറയ്ക്കുന്നതിന്‍റെ ആവശ്യകതയാണ്. പ്രമേഹനിയന്ത്രണത്തിന് മധുരം കുറയ്ക്കേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രമേഹം കുറയ്ക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല. മറ്റ് ചില കാര്യങ്ങള്‍ കൂടി നിത്യജീവിതത്തില്‍ ശ്രദ്ധിക്കാനുണ്ട്. ഇവയെ കുറിച്ച് വിശദമായി മനസിലാക്കാം.
ഒന്ന്...
ഡയറ്റുമായി ബന്ധപ്പെട്ട ഒന്നാണ് ആദ്യം പങ്കുവയ്ക്കുന്നത്. ചില ഇലകള്‍ അല്ലെങ്കില്‍ ഹെര്‍ബുകള്‍- സ്പൈസുകള്‍ എന്നിവയെല്ലാം പ്രമേഹനിയന്ത്രണത്തിന് സഹായകമാണ്. കറുവപ്പട്ട, ഉലുവയില, മഞ്ഞള്‍ എന്നിവയെല്ലാം ഉദാഹരണമാണ്. ഇവയെല്ലാം നിത്യജീവിതത്തില്‍ നിര്‍ബന്ധമായും ഉപയോഗിക്കാൻ ശ്രമിക്കുക.
രണ്ട്...
വ്യായാമം പതിവാക്കുന്നതും പ്രമേഹനിയന്ത്രണത്തിന് സഹായകമാണ്. ഇത് രക്തത്തിലെ ഷുഗര്‍നില താഴ്ത്തുന്നതിന് സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ അവരുടെ പ്രായവും മറ്റ് ആരോഗ്യാവസ്ഥയും പരിഗണിച്ച് പതിവായി വ്യായാമം ചെയ്യണം.
മൂന്ന്...
പ്രമേഹമുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറക്കം. രാത്രിയില്‍ 7-8 മണിക്കൂര്‍ നിര്‍ബന്ധമായും ഉറപ്പിക്കണം. ഏതെങ്കിലും വിധത്തിലുള്ള ഉറക്കപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ അത് സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിക്കണം. കാരണം ഉറക്കപ്രശ്നങ്ങളെ പ്രമേഹപ്രശ്നങ്ങള്‍ കൂട്ടും.
നാല്...
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് പതിവായി നേരിടുന്നതും പ്രമേഹം അധികരിക്കുന്നതിലേക്ക് നയിക്കും. അതിനാല്‍ പ്രമേഹനിയന്ത്രണത്തിന് സ്ട്രെസും കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടതാണ്. വിനോദത്തിനുള്ള ഹോബികള്‍, കായികമായ കാര്യങ്ങള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം, സന്തോഷകരമായ കുടുംബാന്തരീക്ഷം, നല്ല സൗഹൃദങ്ങള്‍- സാമൂഹികജീവിതം എല്ലാം ഇതിനാവശ്യമാണ്.
അഞ്ച്...
ആരോഗ്യകരമായ ഭക്ഷണരീതിയായിരിക്കണം പ്രമേഹരോഗികള്‍ പിന്തുടരേണ്ടത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഇതിനൊപ്പം ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഡയറ്റില്‍ യാതൊരുവിധ പോരായ്കകളും വരുത്തരുത്. ഇത് പ്രമേഹം കൂടുന്നതിലേക്ക് പെട്ടെന്ന് നയിക്കാം.
ആറ്...
പ്രമേഹം നിയന്ത്രിക്കുമ്പോള്‍ ഇടവിട്ട് പരിശോധന നടത്തി ഫലം മനസിലാക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം സ്വന്തം ആരോഗ്യനിലയെ കുറിച്ച് ഒരവബോധമുണ്ടായിരിക്കില്ല. ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നയിക്കുക.
Also Read:- ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam