
അര്‍ബുദ രോഗം പൂര്‍ണമായി ഭേദമാക്കി തരാമെന്ന് പറഞ്ഞ് അശാസ്ത്രീയ ചികിത്സ നിര്‍ദേശിച്ച് രോഗികളെ കൊള്ളയടിക്കുന്ന വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ എല്ലാ നാടുകളിലും ഉണ്ട്. ഇത്തരക്കാരുടെ വലയില്‍ വീഴുന്നവരുടെ പണം മാത്രമല്ല നഷ്ടപ്പെടുന്നത്. രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകുന്നു.
സ്തനാര്‍ബുദത്തിന് ചികിത്സ തേടിയെത്തിയ ഒരു രോഗിക്ക് കക്ഷത്തിനടിയിൽ സിമന്റും നാരങ്ങാ നീരും കലർത്തിയ മിശ്രിതം പുരട്ടുക എന്ന വിചിത്രമായ ചികിത്സയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ആ രോഗിയുടെ മരണം സംഭവിച്ചതോടെ മകള്‍ പരാതി നല്‍കി. ഡോക്ടര്‍ക്കും ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെ അന്വേഷണവും തുടങ്ങി. ചൈനയിലെ വുഹാനിലാണ് സംഭവം.
അമ്മയുടെ സ്തനാര്‍ബുദം ഭേദമാക്കാമെന്ന് പറഞ്ഞ് വുഹാനിലെ ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 200,000 യുവാൻ (22.76 ലക്ഷം രൂപ) കൈപ്പറ്റിയെന്ന് വാങ് എന്ന യുവതി പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2021 അവസാനത്തോടെയാണ് അമ്മയ്ക്ക് സ്തനാർബുദം ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് യുവതി പറഞ്ഞു. രോഗനിർണയത്തിന് തൊട്ടുപിന്നാലെ, യൂ എന്ന ഡോക്ടറെ പോയി കണ്ടു. താന്‍ ക്യാൻസർ ചികിത്സാ വിദഗ്ധനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഡോങ്യുസാൻബാവോ എന്ന പേരില്‍ ഇയാള്‍ നടത്തുന്ന ട്യൂമർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയ്ക്കായി എത്തിയത്.
ശ്രദ്ധിക്കുക, ഈ പ്രായക്കാരില്‍ സ്‌തനാര്‍ബുദം വര്‍ദ്ധിക്കുന്നതായി ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പ്
ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഒരു മരുന്ന് താന്‍ കണ്ടുപിടിച്ചിട്ടുണ്ടെന്ന് ഡോ. യൂ അവകാശപ്പെട്ടു. താന്‍ കണ്ടുപിടിച്ച മരുന്നിന് പേറ്റന്‍റ് അവകാശം ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ചില രേഖകള്‍ ഡോക്ടര്‍ കാണിച്ചതായി വാങ് പറഞ്ഞു. ഇതോടെ വാങിന്റെ അമ്മ, 20,000 യുവാൻ നല്‍കി തുള്ളിമരുന്ന് വാങ്ങി. ഒരു വർഷത്തിനിടെ ആറ് തവണ വുഹാനില്‍ എത്തി ഡോക്ടറെ കണ്ടു. ഈ യാത്രയ്ക്ക് 200,000 യുവാനിൽ കൂടുതൽ ചെലവായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും വാങ് പറഞ്ഞു.
തുള്ളിമരുന്ന് നല്‍കിയതിനു പുറമേ സ്തനങ്ങളിൽ നിരവധി കുത്തിവയ്പ്പുകളും നടത്തി. കക്ഷത്തിനടിയിൽ സിമന്റും നാരങ്ങാ നീരും കലർത്തിയ മിശ്രിതം പുരട്ടാനും നിര്‍ദേശിച്ചു- "എന്റെ അമ്മയോട് കക്ഷത്തിനടിയില്‍ സിമന്റ് കലര്‍ന്ന മിശ്രിതം പുരട്ടാൻ ഡോക്ടര്‍ പറഞ്ഞു, ഇത് ക്യാന്‍സര്‍ മുഴകൾ ചുരുങ്ങാൻ സഹായിക്കുമെന്നാണ് പറഞ്ഞത്. അമ്മ ഡോക്ടര്‍ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ രണ്ട് മാസം കൊണ്ട് അവിടെ വ്രണമായി"- വാങ് പറഞ്ഞു.
ക്യാൻസറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് നിഷ ജോസ് കെ മാണി
ഈ വർഷം ഏപ്രിലിൽ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി. ശരീരത്തിലാകെ ക്യാൻസർ കോശങ്ങൾ പടർന്നതായി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ വ്യക്തമായി. എന്നാൽ അത് സാധാരണമാണെന്നും മരുന്ന് തുടരാനും ഡോ യൂ നിര്‍ദേശിച്ചു. ജൂണ്‍ മാസത്തില്‍ വാങിന്‍റെ അമ്മയുടെ മരണം സംഭവിച്ചു.
തനിക്ക് മെഡിക്കൽ യോഗ്യതകളൊന്നുമില്ലെന്ന് യൂ കുറ്റസമ്മതം നടത്തിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ താൻ കാണിച്ച സർട്ടിഫിക്കറ്റുകളും രേഖകളും പണം നല്‍കി ഓൺലൈനിൽ വാങ്ങിയതാണെന്നും ഇയാള്‍ സമ്മതിച്ചു. താന്‍ ചികിത്സ നടത്തിയിട്ടില്ലെന്നും ആരോഗ്യം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വില്‍ക്കുകയാണ് ചെയ്തതെന്നുമാണ് ഇയാളുടെ അവകാശവാദം. കേസില്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം