എപ്പോഴും ക്ഷീണം; പത്തൊമ്പതുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്...

By Web TeamFirst Published Sep 19, 2019, 2:51 PM IST
Highlights

 ചെറുപ്പം മുതല്‍ തന്നെ മാനസികവിഷമത അനുഭവിക്കുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ഇതിനാല്‍ ഭക്ഷണം കഴിക്കുന്നതും മറ്റും അത്ര ചിട്ടയോടെ ആയിരുന്നില്ല. എങ്കിലും പത്തൊമ്പതാം വയസുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് മുന്നോട്ടുപോയത്
 

എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെയായതിനെത്തുടര്‍ന്നാണ് പഞ്ചാബിലെ ലുധിയാന സ്വദേശിയായ പത്തൊമ്പതുകാരിയുമായി മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. ചെറുപ്പം മുതല്‍ തന്നെ മാനസികവിഷമത അനുഭവിക്കുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. 

ഇതിനാല്‍ ഭക്ഷണം കഴിക്കുന്നതും മറ്റും അത്ര ചിട്ടയോടെ ആയിരുന്നില്ല. എങ്കിലും പത്തൊമ്പതാം വയസുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് മുന്നോട്ടുപോയത്. അടുത്തിടെ കുട്ടിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നതായി വീട്ടുകാര്‍ ശ്രദ്ധിച്ചു. ഇതോടൊപ്പം തന്നെ കടുത്ത ക്ഷീണവുമാണ് എപ്പോഴും. 

ആശുപത്രിയിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ വയറ്റിനകത്ത് എന്തോ കുടുങ്ങിക്കിടക്കുന്നതായി അവര്‍ കണ്ടെത്തിയത്. വൈകാതെ തന്നെ ശസ്ത്രക്രിയ നടത്താന്‍ അവര്‍ തീരുമാനിച്ചു. 

അള്‍സര്‍ പിടിപെട്ടിരുന്നതിനാലും ആകെ ആരോഗ്യം ദുര്‍ബലമായിരുന്നതിനാലും പേടിച്ചുപേടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. വയറുകീറി, ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്ന സാധനം അവര്‍ നീക്കം ചെയ്തു. 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്റിമീറ്റര്‍ വട്ടവുമള്ള കറുത്ത നിറത്തിലെന്തോ ഒന്നാണെന്ന് മാത്രമാണ് ആദ്യകാഴ്ചയില്‍ അവര്‍ക്ക് മനസിലായത്. 

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് അത് മുടിക്കെട്ടാണെന്ന് മനസിലായത്. ചെറുപ്പം മുതല്‍ സ്വന്തം മുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലം പെണ്‍കുട്ടിക്കുണ്ടായിരുന്നുവത്രേ. മാനസിക വിഷമതയുടെ ഭാഗമായാകാം ഇത്തരമൊരു ശീലം കുട്ടിയിലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അങ്ങനെ പലപ്പോഴായി കഴിച്ച മുടി, കട്ടിയായി ആമാശയത്തില്‍ കുടുങ്ങുകയായിരുന്നത്രേ. 

എന്തായാലും ശസ്ത്രക്രിയ വിജയകരമായി നടത്തിയതോടെ പെണ്‍കുട്ടി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കുടുംബാഗങ്ങളുടേയും ഡോക്ടര്‍മാരുടേയും പ്രതീക്ഷ. 

click me!