
മൂന്ന് വയസുകാരന്‍റെ ശരീരത്തിൽ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 11 സൂചികള്‍. തെലങ്കാനയിലെ വാവപർഥിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. വീപനഗന്ദ്ല നിവാസികളായ അശോക്-അന്നപൂർണ്ണ എന്നിവരുടെ കുഞ്ഞായ ലോക്നാഥിന്റെ ശരീരത്തിൽ നിന്നാണ് സൂചികള്‍ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനിടെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ നിന്ന് സൂചി പുറത്തേക്ക് നിൽക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചികൾ കണ്ടത്.
ഇടുപ്പിന്റെ ഭാഗത്തും വ്യക്കയുടെ സമീപവുമായാണ് സൂചികൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മലദ്വാരം വഴി പുറത്തു വന്ന നിലയിലും സൂചികള്‍ കണ്ടെത്തി. പരിശോധന ഫലം കണ്ട് ഞെട്ടിയ ഡോക്ടർമാർ കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സൂചികൾ നീക്കം ചെയ്തു. എങ്കിലും വളരെ ലോലമായ സ്ഥലങ്ങളിൽ കണ്ട കുറച്ചു സൂചികൾ നീക്കം ചെയ്യാൻ സമയം വേണമെന്നാണ് ഇവർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ ഇവര്‍ പലപ്പോഴും കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേല്‍പ്പിച്ച കുറ്റത്തിനുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam