
കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞ യുഎസിലെ ആദ്യ വ്യക്തിയെ ചികിത്സിക്കാൻ ആരോഗ്യ വിദഗ്ധരോടൊപ്പം റോബോട്ടും. വാഷിങ്ടൺ എവ്റെറ്റിലെ പ്രൊവിഡൻസ് റീജണൽ മെഡിക്കൽ സെന്ററിലെ ഡോ. ജോർജ് ഡയസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റെതസ്കോപ്പ് ഘടിപ്പിച്ച ഈ റോബോട്ടിനെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
ചൈനയിലെ വുഹാനിലേക്ക് യാത്ര ചെയ്യേണ്ടി വന്ന മുപ്പതുകാരനാണ് രോഗം ബാധിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. രോഗിയുടെ അടുത്തുള്ള റോബോട്ടിൽ ക്യാമറയും സ്റ്റെതസ്കോപ്പും മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്. നഴ്സിങ് സ്റ്റാഫ് റോബോട്ടിനെ ചലിപ്പിക്കും. സ്ക്രീനിലൂടെ മുറിക്ക് പുറത്തിരുന്ന് രോഗിയെ കാണാനും മൈക്രോഫോണിലൂടെ രോഗിയോട് സംസാരിക്കാനും റോബോട്ടിന് വേണ്ട നിർദേശങ്ങളും മറ്റും നൽകാനും കഴിയും. കൊറോണ വൈറസ് അനിയന്ത്രിതമായി പകരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചത്. ചികിത്സ ഫലപ്രദമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിർദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോൺസുലേറ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam