ബിസിജി വാക്‌സിന്‍; കൊവിഡ് 19ല്‍ നിന്ന് ഇന്ത്യയെ സുരക്ഷിതമാക്കുമോ?

By Web TeamFirst Published Apr 8, 2020, 7:56 PM IST
Highlights

ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ നല്‍കുന്ന ബിസിജി വാക്‌സിന്‍ (ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍) കൊവിഡ് 19 പ്രതിരോധത്തിന് ഫലപ്രദമാണെന്ന വാദവുമായി ഒരുകൂട്ടം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ബിസിജി വാക്‌സിനും കൊവിഡ് 19ഉം എന്ന വിഷയത്തില്‍ പഠനങ്ങളുമായി മുന്നോട്ടുപോകാന്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ തീരുമാനിച്ചു

ലോകരാജ്യങ്ങളെയൊട്ടാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗകാരിയെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗത്തെ വിദഗ്ധരും ഗവേഷകരുമെല്ലാം. നിലവില്‍ മറ്റ് ചില രോഗങ്ങള്‍ക്ക് നല്‍കിവരുന്ന മരുന്നുകളാണ് കൊവിഡ് 19 രോഗികള്‍ക്ക് ആശ്വാസമാകുന്നത്. 

ഇതിനിടെ ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ നല്‍കുന്ന ബിസിജി വാക്‌സിന്‍ (ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍) കൊവിഡ് 19 പ്രതിരോധത്തിന് ഫലപ്രദമാണെന്ന വാദവുമായി ഒരുകൂട്ടം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഇതോടെ ബിസിജി വാക്‌സിനും കൊവിഡ് 19ഉം എന്ന വിഷയത്തില്‍ പഠനങ്ങളുമായി മുന്നോട്ടുപോകാന്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ തീരുമാനിച്ചു. 

ഇപ്പോഴിതാ ഹൂസ്റ്റണിലെ 'എംഡി ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്ററി'ലെ പ്രൊഫസര്‍ ഡോ.ആശിഷ് കാമത്ത് നേതൃത്വം നല്‍കിയ ഒരു പഠനത്തിന്റെ കൂടി വിശദാംശങ്ങള്‍ പുറത്തുവരികയാണ്. ബിസിജി വാക്‌സിന്‍ കൊവിഡ് 19 ശക്തമായി പ്രതിരോധിക്കുമെന്ന് തന്നെയാണ് ഇവരുടെ നിഗമനം. 

'ബിസിജി വാക്‌സിന്‍ നല്‍കിയ കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും കൊവിഡ് ബാധിച്ചാല്‍ മരണത്തിനുള്ള സാധ്യത വളരെ കുറവായിരിക്കും. ഈ നിര്‍ണ്ണായകമായ വസ്തുത ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണമായ ഉറപ്പ് നല്‍കാനും കഴിയില്ല. പ്രതീക്ഷയുണ്ടെന്ന് പറയാം...' -ഡോ. ആശിഷ് കാമത്ത് പറയുന്നു.

1920ന് ശേഷമാണ് ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ലോകത്താദ്യമായി ബിസിജി വാക്‌സിന്‍ പരീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇന്ത്യയില്‍ ക്ഷയരോഗികളുടെ എണ്ണം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ 1948ഓടെ ബിസിജി വാക്‌സിന്‍ വ്യാപകമായി കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങി. 

ഈ പശ്ചാത്തലം ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യക്ക് ഗുണകരമായേക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് 19 ബാധിക്കുന്നതിലല്ല, എന്നാല്‍ മരണത്തിലേക്ക് അത് വഴിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

ബിസിജി വാക്‌സിന്‍ നല്‍കാത്ത രാജ്യങ്ങളാണെങ്കില്‍ കൂടുതല്‍ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഡോ. കാമത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നു. യു എസ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ഡോ. കാമത്ത് പറയുന്നു. 

എന്നാല്‍ ഇന്ത്യയിലെ ആരോഗ്യവിദഗ്ധര്‍ ഇപ്പോഴും ബിസിജി വാക്‌സിനില്‍ ഊന്നല്‍ നല്‍കുന്നില്ല. വിശദമായ പഠനങ്ങള്‍ ഇതിന് മുന്നോടിയായി നടത്തേണ്ടതുണ്ട് എന്നാണ് ഇവരുടെ പക്ഷം.

click me!