
അടുത്തിടെയായി ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചുവരുന്നൊരു സാഹചര്യം നാം കാണുന്നുണ്ട്. എന്താണ് ഇങ്ങനെയൊരു പ്രവണതയ്ക്ക് പിന്നില്‍ കാരണം എന്ന ചര്‍ച്ചയും ഏറെ നാളായി സജീവമായി തുടരുന്നുണ്ട്.
മോശം ജീവിതരീതികള്‍ ആണ് വര്‍ധിച്ചുവരുന്ന ഹൃദയാഘാതങ്ങള്‍ക്ക് കാരണം എന്ന് പല പഠനങ്ങളും ആഗോളതലത്തില്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഇതിനിടെ കൊവിഡ് 19 രോഗവും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നുവോ എന്ന സംശയവും ശക്തമായി നില്‍ക്കുന്നുണ്ട്. ഇതില്‍ വിദഗ്ധര്‍ നൽകുന്ന വിശദീകരണമാണ് ഇനി പങ്കുവയ്ക്കുന്നത്.
ഈ വിഷയത്തില്‍ ഐസിഎംആര്‍ ( ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയൊരു പഠനപ്രകാരം കൊവിഡിനെക്കാൾ പാരമ്പര്യഘടകങ്ങളാണ് കൂടുതലും 18- 40 വരെ പ്രായമുള്ളവരില്‍ ഹൃദയാഘാതത്തിന് കാരണമായി വരുന്നത്. ഇതിന് പുറമെ പുകവലി, മദ്യപാനം, കഠിനമായ വ്യായാമം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂടിയാകുമ്പോള്‍ 'റിസ്ക്' ഇരട്ടിക്കുകയാണെന്നും ഐസിഎംആര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ കൊവിഡ് വരുമ്പോള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കാരണം ഈ സാഹചര്യത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത ഇരട്ടിക്കുകയും ഹൃദയാഘാതം വരെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
എന്നിരിക്കിലും കൊവിഡ് വൈറസ് നേരിട്ട് ഹൃദയത്തിന് ദോഷമാകുന്നില്ല. പക്ഷേ പരോക്ഷമായി ഹൃദയാരോഗ്യത്തെ ഇത് പ്രശ്നത്തിലാക്കുന്നു. അതിനാല്‍ തന്നെ നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതിന് ശേഷം ശ്വാസതടസം, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതാണ് ഉചിതം.
ഹൃദ്രോഗങ്ങള്‍ക്ക് പുറമെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എല്ലാം കൊവിഡ് ബാധിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read:- എന്തുകൊണ്ടാണ് ചിലര്‍ക്ക് മാത്രം 90ഉം നൂറും വയസ് വരെ ആയുസ്?; പഠനം പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം:-