
നമ്മുടെ ജീവിതരീതി എത്തരത്തിലുള്ളതാണ് എന്നതിന് അനുസരിച്ചാണ് അധികവും നമ്മുടെ ആരോഗ്യാവസ്ഥയിരിക്കുക. നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ ഉറങ്ങുന്നു, എത്ര വിശ്രമിക്കുന്നു, എത്ര കായികാധ്വാനം അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നു എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ഇതര-ശീലങ്ങളും നമ്മുടെ ആരോഗ്യാവസ്ഥയെ വലിയ രീതിയില്‍ സ്വാധീനിക്കാം.
ഇത്തരത്തില്‍ നമ്മെ വലിയ രീതിയില്‍ ബാധിക്കാവുന്നൊരു ദുശ്ശീലമാണ് പുകവലി. ഇത് അനാരോഗ്യകരനായ ശീലമാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയെല്ലാമാണ് പുകവലി വ്യക്തികളെ ബാധിക്കുകയെന്ന് അധികപേര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്തെല്ലാം പ്രശ്നങ്ങളാണ് പുകവലി ആരോഗ്യത്തിന് മുകളില്‍ സൃഷ്ടിക്കുക. അറിയാം...
പുകവലിയും ഹൃദയാഘാതവും...
പുകവലി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന തരത്തില്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. പുകവലിക്കുന്നവരുടെ ശരീരത്തില്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ ബ്ലോക്കുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇങ്ങനെ ബ്ലോക്കുണ്ടായാല്‍ അത് രക്തയോട്ടത്തെ ബാധിക്കുന്നു. ഇതാണ് ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കുക.
പുകവലിയും ക്യാൻസറും...
പുകവലി പലതരം ക്യാൻസറുകളിലേക്ക് നയിക്കാമെന്ന പ്രചാരവും നിങ്ങള്‍ കേട്ടിരിക്കാം. ഇതെങ്ങനെയെന്ന് അറിയാമോ? പുകവലിക്കുന്നവരുടെ ശരീരത്തില്‍ ആകെയും കോശങ്ങള്‍ അസാധാരണമായും അനാവശ്യമായും വളര്‍ന്നുവരാൻ ഇടയാക്കുന്നു. ഈ അവസ്ഥയെ ആണ് പൊതുവില്‍ അര്‍ബുദം അഥവാ ക്യാൻസര്‍ എന്ന് വിളിക്കുന്നത്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍...
പുകവലി കാര്യമായി ബാധിക്കുന്നൊരു അവയവമാണ് ശ്വാസകോശം. സാധാരണഗതിയില്‍ ശ്വാസമെടുക്കുന്നതിന് വിഘാതമാകാനും, 'ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്', 'എംഫിസീമ', 'ക്രോണിക് ബ്രോങ്കൈറ്റിസ്' എന്നിങ്ങനെയുള്ള ശ്വാസകോശരോഗങ്ങളിലേക്കും പുകവലി എളുപ്പത്തില്‍ നയിക്കുന്നു. തുടര്‍ച്ചയായ ചുമ, ശ്വാസമെടുക്കുമ്പോള്‍ ചെറിയ ശബ്ദം, നെഞ്ചുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പുകവലി പതിവാക്കിയവരില്‍ ശ്വാസകോശം ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായി ഉണ്ടാകാം.
ഗര്‍ഭധാരണ പ്രശ്നങ്ങള്‍...
പുകവലി പലതരത്തിലുള്ള ഗര്‍ഭധാരണ പ്രശ്നങ്ങളും സൃഷ്ടിക്കാം. അതായത് ഗര്‍ഭിണിയായ സ്ത്രീ പുകവലിച്ചാല്‍ എന്ന് സാരം. കുഞ്ഞിന് ആവശ്യത്തിന് ഭാരം ഇല്ലാതിരിക്കുക, അബോര്‍ഷനായിപ്പോവുക, വളര്‍ച്ചയെത്താതെ കുഞ്ഞ് പ്രസവിക്കുക, നവജാതശിശു മരിച്ചുപോകുന്ന (സഡ്‍ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം) എസ്ഐഡിഎസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം സാധ്യതയുണ്ട്.
വായിലെ രോഗങ്ങള്‍...
പുകവലി സ്വാഭാവികമായും വായ്ക്കകത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. മോണരോഗം, പല്ല് കൊഴിഞ്ഞുപോകല്‍, വായ്‍നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇങ്ങനെ അധികപേരും അനുഭവിക്കാറ്.
തിമിരം- കാഴ്ചാപ്രശ്നങ്ങള്‍...
പുകവലി കണ്ണുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. വാര്‍ധക്യസഹജമായി കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ ആക്കം കൂട്ടാനും തമിരം എന്ന രോഗത്തിന്‍റെ സാധ്യത കൂട്ടാനുമെല്ലാം പുകവലി കാരണമാകാം. ഇത് ക്രമേണ കാഴ്ച കുറയുന്നതിലേക്കും നയിക്കാം. പ്രായമായവരില്‍ തന്നെയാണ് ഏറെയും ഈ പ്രശ്നങ്ങള്‍ കാണപ്പെടുക.
Also Read:- വാശിയുള്ള കുട്ടികളെ എങ്ങനെ മെരുക്കാം? മാതാപിതാക്കള്‍ക്ക് ഇതാ ചില ടിപ്സ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam