ലോക ഹെപ്പറ്റൈറ്റിസ് ദിനം: മഞ്ഞപ്പിത്തത്തെ തിരിച്ചറിയാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

By Web TeamFirst Published Jul 28, 2020, 9:57 AM IST
Highlights

കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. 

ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരള്‍. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിനാല്‍ കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം.

കരള്‍ കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. 

ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ദീര്‍ഘകാല കരള്‍ രോഗമുണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവര്‍ സീറോസിസും കരളിലെ അര്‍ബുദബാധയുമുണ്ടാകുന്നു. 

മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍...

പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും  മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.  

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി  പുറത്തുനിന്ന്  ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചില മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം...

1. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.

2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 

3. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. 

4. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.

5. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

Also Read: കൊവിഡ് 19 ചികിത്സയ്ക്ക് ഹെപ്പറ്റൈറ്റിസ് മരുന്ന്!; ഇത് പുതിയ ചുവടുവയ്‌പോ?

click me!