
കൊട്ടാരക്കര പുത്തൂരിൽ പാമ്പ് കടിയേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ച വാർത്ത നമ്മൾ എല്ലാവരും ഏറെ ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തിൽ ശാസ്ത്രീയ ചികിത്സ കിട്ടാൻ വൈകിയെന്ന് വ്യക്തമായി. വീട്ടിൽ കിടന്നുറങ്ങവേ കുട്ടിക്ക് പാമ്പുകടിയേറ്റെങ്കിലും അച്ഛനമ്മമാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. പകരം കൊണ്ടുപോയത് വിഷചികിത്സകയുടെ അടുത്താണ്. അടച്ചുറപ്പില്ലാത്ത ഒരു കൊച്ചു ഷെഡ്ഡിലാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്.
അമ്മ കുട്ടിയുടെ ദേഹത്ത് പരിശോധിച്ചപ്പോൾ കടിയേറ്റ പാടും രക്തവും കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അച്ഛനമ്മമാർ സ്ഥലത്തെ വിഷചികിത്സകയുടെ അടുത്താണ് കൊണ്ടുപോയത്. ഇവരുടെ ബന്ധുവും സ്ഥലത്ത് വിഷവൈദ്യ ചികിത്സ നടത്തുകയും ചെയ്യുന്ന മൈലം കുളം സ്വദേശിയായ രാധയാണ് കുഞ്ഞിനെ പരിശോധിച്ചത്.
അതേസമയം, എന്ത് മരുന്നാണ് കൊടുത്തതെന്നോ എന്താണ് സംഭവിച്ചതെന്നോ പ്രതികരിക്കാൻ വിഷചികിത്സകയായ രാധ തയ്യാറായിട്ടില്ല. പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് ചികിത്സാ സൗകര്യങ്ങളുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ കൊണ്ട് പോകണമെന്നാണ് ഡോ. ജിനേഷ് പി എസ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിച്ചാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നതെന്നും ഡോ. ജിനേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡോ. ജിനേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു
...............................................
"എത്ര എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ... പഠിക്കില്ല, ആരും പഠിക്കില്ല.
പറഞ്ഞു പറഞ്ഞു മടുത്തു. നിരാശയാണ്.
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം.
മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല.
ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്. രാജവെമ്പാല കടിച്ച് കേരളത്തിൽ മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതിനാൽ അത് ഉൾപ്പെടുത്തിയിട്ടില്ല.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്.
മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.
കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം. ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.
നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല. ജനങ്ങളോട് ഒന്നേ പറയാനുള്ളൂ, ജീവൻ വേണം എന്ന ആഗ്രഹം ഉള്ളവർ ചികിത്സാ സൗകര്യങ്ങളുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് പോവുക. "