World Homeopathy Day : 'ആന്റിബയോട്ടിക്കുകൾ റെസിസ്റ്റൻറ്റാവുന്ന കാലഘട്ടത്തിൽ ഹോമിയോപ്പതി ചികിത്സയുടെ പ്രസക്തി'

Published : Apr 10, 2023, 03:47 PM ISTUpdated : Apr 10, 2023, 06:37 PM IST
World Homeopathy Day :  'ആന്റിബയോട്ടിക്കുകൾ റെസിസ്റ്റൻറ്റാവുന്ന കാലഘട്ടത്തിൽ ഹോമിയോപ്പതി ചികിത്സയുടെ പ്രസക്തി'

Synopsis

 ‘പെനിസിലിയം’ എന്ന പൂപ്പലിൽ നിന്ന് (ഫംഗസ്) വന്നതുകൊണ്ട് അതിനു പെനിസില്ലിൻ എന്ന് പേരുമിട്ടു. വൈദ്യ ശാസ്ത്ര രംഗത്ത് വിപ്ലകരമായ ഒരു കണ്ടെത്തലായിരുന്നു ഇത്. ആൻറിബയോട്ടിക്കുകളുടെ കണ്ടെത്തൽ ജീവൻ രക്ഷാ മരുന്നുകളുടെയും അത്യാസന്ന നിലയിലുള്ളവരിലും ന്യൂമോണിയ അടക്കമുള്ള രോഗങ്ങളെ പിടിച്ചു കെട്ടി ആയിരകണക്കിന് ജീവനുകൾ രക്ഷിക്കാനും ആദ്യത്തെ ഈ ആൻറിബയോട്ടിക്ക് മരുന്നിനായി.!  

ലോക ചരിത്രത്തിലെ തന്നെ അതിപ്രധാനമായ കണ്ടെത്തലുകളിൽ ഒന്നായിരുന്നു അലക്സാണ്ടർ ഫ്ലമിംഗ് നടത്തിയ പരീക്ഷണങ്ങൾ. അലക്സാണ്ടർ ഫ്ലമിംഗ് ഒരു സൂക്ഷ്മാണ് ശാസ്ത്രജ്ഞനായിരുന്നു. വളെരെ ആകസ്മികമായ ഒരു അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പഠനത്തിന്റെയും നിരീക്ഷണങ്ങളുടേയും ഭാഗമായി സൂക്ഷ്മാണുക്കളെ ലബോറട്ടറിയിൽ വളർത്തിയിരുന്നു.

ബാക്ടീരിയകൾക്ക് വളരാൻ സാഹചര്യത്തിലുള്ള പോഷകങ്ങൾ അടങ്ങിയ മാധ്യമങ്ങൾ അഥവാ കൾച്ചർ ചെയ്താണ് അവയെ നിരീക്ഷിച്ചു പോന്നിരുന്നത്. ഒരിക്കൽ ഇങ്ങനെ വളർത്തിയ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കാനായി മാറ്റി വെച്ചിരുന്നു.എന്നാൽ അദ്ദേഹം കഴുകി വൃത്തിയാക്കാൻ മറന്നു പോയി. കുറച്ച് ദിവസങ്ങൾ അവധി ദിവസങ്ങളായിരുന്നു. അവധി കഴിഞ്ഞു വന്ന ദിവസം അദ്ദേഹം തന്റെ പരീക്ഷണ ശാലയിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കാൻ എടുത്തപ്പോഴാണ് ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്.

കൾച്ചർ മാദ്ധ്യമത്തിനു മുകളിൽ പലയിടത്തും പൂപ്പൽ പറ്റി പിടിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു. അതോടൊപ്പം മറ്റൊരു പ്രത്യേകതയും അദ്ദേഹം കണ്ടെത്തി: പൂപ്പൽ ഉള്ളതിന്റെ ചുറ്റും ബാക്റ്റീരിയ വളരാത്ത ഒരു മേഖല ഉണ്ട്. അതിനപ്പുറത്തേക്കു മാത്രമെ ബാക്റ്റീരിയയുടെ  വളർച്ച കാണാൻ കഴിയുന്നുള്ളൂ. പൂപ്പൽ നിർമ്മിക്കുന്ന ഏതോ വസ്തുവാണ് ബാക്റ്റീരിയയുടെ വളർച്ച തടയുന്നതെന്ന് അദ്ദേഹം അനുമാനിച്ചു. തുടർ പരീക്ഷണങ്ങളിലൂടെയും മൃഗങ്ങളിലുള്ള പഠനങ്ങളിലൂടെയും ഈ വസ്തുവിനെ വേർതിരിച്ചെടുക്കാനും സാധിച്ചു.

 ‘പെനിസിലിയം’ എന്ന പൂപ്പലിൽ നിന്ന് (ഫംഗസ്) വന്നതുകൊണ്ട് അതിനു പെനിസില്ലിൻ എന്ന് പേരുമിട്ടു. വൈദ്യ ശാസ്ത്ര രംഗത്ത് വിപ്ലകരമായ ഒരു കണ്ടെത്തലായിരുന്നു ഇത്. ആൻറിബയോട്ടിക്കുകളുടെ കണ്ടെത്തൽ ജീവൻ രക്ഷാ മരുന്നുകളുടെയും അത്യാസന്ന നിലയിലുള്ളവരിലും ന്യൂമോണിയ അടക്കമുള്ള രോഗങ്ങളെ പിടിച്ചു കെട്ടി ആയിരകണക്കിന് ജീവനുകൾ രക്ഷിക്കാനും ആദ്യത്തെ ഈ ആൻറിബയോട്ടിക്ക് മരുന്നിനായി.!

പല അണു ബാധകൾ പിടിച്ചുകെട്ടാനായെങ്കിലും ക്ഷയ രോഗമടക്കമുള്ള പല അസുഖങ്ങളിലും ഈ കണ്ടെത്തൽ ഫലപ്രദമായില്ല എങ്കിലും പല കണ്ടെത്തലുകൾക്കും ഇതൊരു തുടക്കമായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് വന്ന പല പരീക്ഷണങ്ങളും സെൽമാൻ വാക്സ്മാൻ എന്ന ശാസ്ത്രജ്ഞന് നോബേൽസമ്മാനത്തിനർഹമായ സ്ട്രെപ്പറ്റോമൈസിൻ അടക്കമുള്ള  ആൻറിബയോട്ടിക്കുകൾ മെഡിക്കൽ രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.

പക്ഷേ കാലം കഴിയുന്തോറും ഒരു ആവശ്യവസ്തു എന്നതിലുപരി ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു മരുന്നായി ആൻറിബയോട്ടിക്കുകൾ മാറികഴിഞ്ഞിരുന്നു. ചെറിയ ജലദോഷം മുതൽ വലിയ അസുഖങ്ങളിൽ വരെ ആൻറ്റിബയോട്ടിക്കുകൾ നിർലോഭം ഉപയോഗിച്ചു പോരുന്നു. ഇതിന്റെ അശാസ്ത്രീയ ഉപയോഗം മൂലം അണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം നേടി കൊണ്ടിരിക്കുന്നു. 

പല അത്യാഹിത ഘട്ടങ്ങളിലും ഉപയോഗിച്ച് വന്നിരുന്ന പല ആൻറി ബയോട്ടിക്കുകളും ഇന്ന് ഫലപ്രദമല്ലാതെയായി കഴിഞ്ഞു. പല ഇൻഫക്ഷ്യസ് അസുഖങ്ങളിലും അത് പ്രകടമായി കണ്ടുതുടങ്ങിയതോട് കൂടി ലോകാരോഗ്യസംഘടന തന്നെ ആൻറി ബയോട്ടിക്കുകളുടെ നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നാമിപ്പോൾ ഉള്ളത്.അവയവദാന ശസ്ത്രക്രിയ,കീമോതെറാപ്പി,സിസേറിയൻ തുടങ്ങിയ ജീവൻ രക്ഷാ മാർഗ്ഗങ്ങൾക്ക് വരെ വലിയ പ്രതിസന്ധിയായിരിക്കും ഇത്തരം ഒരു സാഹചര്യം രൂക്ഷമായാൽ!

ഇനി ഈ ആൻറിബയോട്ടിക്ക് റെസിസ്റ്റൻറ്റ്സിന് എന്തുണ്ട് പരിഹാരം എന്നതിന് രണ്ടുത്തരമാണ് ഉള്ളത്. 
ഒന്ന് രോഗങ്ങൾ വരാതെ നോക്കുക, അഥവാ രോഗ പ്രതിരോധത്തിന് ഊന്നൽ നൽകുക എന്നതും രണ്ടാമതായി രോഗം വന്നുകഴിഞ്ഞാലും ഏറ്റവും അടിയന്തിര സാഹചര്യത്തിൽ മാത്രം ഇത്രയും വിലപ്പെട്ട മരുന്നുകൾ ഉപയോഗിക്കുക എന്നതും ഏറെ പ്രധാനമാണ്.

ശാരീരിക പ്രതിരോധത്തിന് കൂടുതൽ ഊന്നൽ കൊടുത്തു കൊണ്ടുള്ള ഒരു ചികിൽസ തുടക്കത്തിലേ നൽകാനായാൽ തന്നെ ഒട്ടുമിക്ക അസുഖങ്ങൾ മൂർച്ചിക്കുന്നത് തടയാനും അനാവശ്യ മരുന്നുപയോഗം ഒഴിവാക്കാനും കഴിയും എന്നോർക്കുക. മുകളിൽ പറഞ്ഞ ഈ രണ്ടുകാര്യങ്ങളും ഉൾകൊള്ളപ്പെടുന്ന ഒരുചികിൽസാ ശാസ്ത്രമായി വളർന്ന്കൊണ്ടിരിക്കുകയാണ് 1796 ൽ ജർമ്മനിയിൽ ഉടലെടുത്ത ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ചികിൽസാ സമ്പ്രദായമാണ് complementary& alternative medicine ൽ മുൻനിരയിൽ നിൽക്കുന്ന ഹോമിയോപ്പതി ചികിൽസ.

 ആൻറിബയോട്ടിക്കുകൾക്ക് പകരമല്ലെങ്കിലും രോഗാണുക്കൾക്ക് വളരാനും പെരുകാനും പകരാനുമുള്ള അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതോടൊപ്പം രോഗപ്രതിരോധത്തിന് ഊന്നൽ കൊടുത്തു കൊണ്ടുള്ള Alternative സമ്പ്രദായം ഇവിടെ വളർന്ന് വരേണ്ടതിന്റെ ആവശ്യമാണ് ഇന്നുള്ളത്. അതിന് ഒരു പരിധിവരെ ഹോമിയോപ്പതി ചികിൽസ ഉത്തരം നൽകുന്നുമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ ഉത്ഭവം. ഉപജ്ഞാതാവ് ഡോ, ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ, 1755 ഏപ്രിൽ 10-ന് ജർമ്മനിയിൽ സാക്സൺ ഡിസ്ട്രിക്റ്റിലെ മീസ്സൺ നഗരത്തിലായിരുന്നു ഹാനിമാന്റെ ജനനം. അച്ഛൻ ഒരു കളിമൺ ചിത്രകലാകാരനായിരുന്നു. മകനെ തന്റെ തൊഴിലിൽ ഒരു പ്രഗത്ഭ ചിത്രകാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് അനുകൂലമായിരുന്നില്ല മകന്റെ വാസനകൾ ബാല്യത്തിൽ പ്രകൃതിയുടെ ആരാധകനായിരുന്നു ഹാനിമാൻ, പ്രകൃതിസത്തയുടെ അന്വേഷണമായി പരിണമിച്ചു ആ ആരാധന, അതിന്റെ ഫലമാണ് വൈദ്യ ശാസ്ത്രപഠനത്തിൽ അദ്ദേഹത്തിനുണ്ടായ ആഭിമുഖ്യം, ലിപ്സിഗ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് വൈദ്യശാസ്ത്രം പഠിച്ചു. അവിടെനിന്നു നേടിയ ഉന്നത ബിരുദവുമായിട്ടാണ് ഹാനിമാൻ പുറത്തേക്കിറങ്ങിയത്.

അശാസ്ത്രീയവും പ്രാകൃതവുമായിരുന്നു അന്നത്തെ ചികിത്സാമുറകൾ, ചോര കൊത്തുക, പൊള്ളിക്കുക തുടങ്ങിയ രീതികൾ. ഇവയെല്ലാം ഹാനിമാനെ ചിന്തിപ്പിച്ചു. ഔഷധങ്ങളുടെ ഫലങ്ങളെക്കുറിച്ചുള്ള അജ്ഞതയും അവയുടെ പ്രയോഗത്തിലുള്ള അശാസ്ത്രീയതയും ആയിരുന്നു പ്രധാന പ്രശ്നങ്ങൾ, വൈദ്യശാസ്ത്രത്തിലുണ്ടാകേണ്ട നവോത്ഥാനത്തെക്കുറിച്ചായി ഹാനിമാന്റെ ചിന്ത, പ്രാക്ടീസ് നിർത്തി. ഗവേഷണത്തിനായി മാറ്റിവെച്ചു മുഴുവൻ സമയവും, ഉപജീവനത്തിനായി ശാസ്ത്ര ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി തുടങ്ങി. അദ്ദേഹത്തിന്റെ ബഹുഭാഷാ പാണ്ഡി ത്യം അതിനൊരു വലിയ സഹായമായിരുന്നു. പരിഭാഷാകൃതികൾ വളരെ വേഗം അംഗീകാരം നേടി.

ഔഷധശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥമായ ഡോ: വില്യം കല്ലന്റെ (Materia Medica) 'ഔഷധ വിജ്ഞാനീയം' എന്ന പുസ്തകം ഇംഗ്ലീഷിൽനിന്ന് ജർമ്മൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിലേർപ്പെട്ടു ഹാനിമാൻ,ഈ സമയത്തെ സിങ്കോണ ബാർക്ക് പരീക്ഷണം വഴി അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പുതിയ ആശയം സൃഷ്ട്ടിച്ചു,അതായത് ഒരു ഔഷധവസ്തു ഏത് രോഗാവസ്ഥയ്ക്കാണ് സിദ്ധ ഷധമാകുന്നത് അതിന് ആരോഗ്യമുള്ളവരിൽ പ്രസ്തുത രോഗാവസ്ഥ സൃഷ്ടി ക്കാൻ കഴിയുമെന്ന്. സ്വന്തം കുടുംബാംഗങ്ങളിലും സ്നേഹിതരിലും ഇതേ പരി ക്ഷണം നടത്തി തന്റെ നിഗമനത്തെ അദ്ദേഹം സ്ഥിരീകരിച്ചു. 

1790ൽ നടന്ന ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനസിദ്ധാന്തം  ആവിഷ്ക്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. "സമം സമം കൊണ്ട് ഭേദ പ്പെടുന്നു' (Similia similibus curentur എന്ന ഈ സിദ്ധാന്തത്തെ പ്രാചീന ആയുർവേദാചാര്യൻമാരുടെ “വിഷസ്യ വിഷമൗഷധം' എന്ന സിദ്ധാന്തത്തോട് താരതമ്യേപ്പെടുത്തുന്നത് അസംഗതമാകുകനില്ല. 

പാശ്ചാത്യ ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസും ഔഷധത്തിന്റെ രോഗവിനാശ ശക്തികളിൽ ഒന്നായി ഈ തത്വത്തെ പ്രതിപാദിചിട്ടുണ്ട്. ആറു വർഷം കൊണ്ടാണ് ഈ സിദ്ധാന്തത്തെ ഡോ. ഹാനിമാൻ വികസി പ്പിച്ചെടുത്തത്. പ്രഥമദൃഷ്ട്യാ ഈ തത്വത്തെക്കുറിച്ചുണ്ടാകാവുന്ന മിഥ്യാധാരണയെ മാറ്റുകയും ശാസ്ത്രീയമായ അടിസ്ഥാനത്തിൽ ഈ സിദ്ധാന്തത്തെ വ്യാഖ്യാനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. 

1796-ൽ 'ഹാൻഡ് ജേർണൽ' എന്ന വൈദ്യശാസ്ത്ര മാസികയിൽ “ഔഷധങ്ങളുടെ രോഗശമനികളെ നിരീക്ഷിക്കു ന്നതിനുള്ള ഒരു പുതിയ സിദ്ധാന്തത്തെപ്പറ്റി ഒരു ഉപന്യാസം ഡോ. ഹാനിമാൻ പ്രസിദ്ധീകരിച്ചതോടെ 'ഹോമിയോപ്പതി' എന്ന യുക്തിസഹമായ ചികിത്സാശാസ്ത്രം രൂപംകൊണ്ടു.

തുടർന്ന് ഹോമിയോപ്പതിയുടെ ഔഷധനിർമ്മാണം, ഔഷധപ്രയോഗം എന്നിവയ്ക്കുവേണ്ട നിയമങ്ങളും തത്വങ്ങളും രീതികളും അദ്ദേഹം ആവിഷ്ക്കിരിച്ചു. ചികിത്സകന്റെ കർത്തവ്യങ്ങൾ, യോഗ്യതകൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നി വയെല്ലാം വ്യക്തമായി നിർദ്ദേശിച്ചു. രോഗങ്ങളെ ശാസ്ത്രീയമായി തരംതിരിക്കു കയും അവയ്ക്കോരോന്നിനും ഉചിതമായ ചികിത്സാമുറകൾ വിധിക്കുകയും ചെയ്തു.

ശസ്ത്രക്രിയ വേണ്ടി വരുന്നത് എവിടെ, സമാനൗഷധ സിദ്ധാന്തത്തിന്റെ സാദ്ധ്യതകളും പരിമിതികളും ഏവ. തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമസ്ത പ്രശ്നങ്ങളും ഡോ: ഹാനിമാൻ വിശകലനം ചെയ്തു. തന്റെ പുതിയ ചികിത്സാശാസ്ത്രത്തിന് അനിവാര്യമായ കാര്യങ്ങളെക്കുറിച്ച് വിശദമായും സൂക്ഷ്മമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഡോ. ഹാനിമാൻ രചിച്ചതാണ് "ഓർഗനൺ ഓഫ് മെഡിസിൻ' എന്ന കൃതി. ഇതാണ് ഹോമിയോപ്പതിയുടെ ആധാര ഗ്രന്ഥം,

ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ഹാനിമാൻ ഔഷധങ്ങൾ നിർമ്മിക്കുകയും ചികിത്സ നടത്തുകയും ചെയ്തു. അന്നു നിലവിലിരുന്ന ചികിത്സാ സമ്പ്രദായ ങ്ങൾക്ക് ഭേദമാക്കാൻ കഴിയാതിരുന്ന പല രോഗങ്ങളും ദോഷഫലങ്ങളില്ലാതെ ചികിത്സിച്ചു ഭേദപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

രോഗചികിത്സയുടെ രംഗതുണ്ടായ ആവേശകരമായ ഈ വിപ്ലവം സാമാന്യജനങ്ങളെയും ചികിത്സകൻമാ രെയും ആകർഷിക്കുകയുണ്ടായി. വൈദ്യശാസ്ത്രരംഗത്തുള്ളവരിൽ പലരും ഡോ.ഹാനിമാന്റെ പുതിയ സിദ്ധാന്തത്തെയും ചികിത്സാരീതിയെയും സ്വാർത്ഥലാഭത്തി സുവേണ്ടി ഹിതമാം വിധം വിമർശിക്കുകയും തള്ളിപറയുകയും ചെയ്തിരുന്നു. അവയെ സമചിത്തതയോടെ നേരിട്ട ഡോ. ഹാനിമാൻ ഹോമിയോപ്പതി ചികിത്സയുടെ ശാസ്ത്രീയ സത്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും തന്റെ ചികിത്സാ നൈപുണ്യത്തിലൂടെ അതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്കു പ്രദാനം ചെയ്യുകയും ചെയ്തു.

രോഗങ്ങളുടെ സമാനലക്ഷണങ്ങൾ ഉളവാക്കാൻ കഴിയുന്ന ഔഷധങ്ങൾ ലഘു മാത്രയിൽ പ്രയോഗിച്ച് രോഗശമനം വരുത്താൻ കഴിയുമെന്നും അത് പ്രകൃതി തത്വത്തിലധിഷ്ഠിതമാണെന്നും അവകാശപ്പെടുന്ന ഹോമിയോപ്പതി പ്രചുരപ്രചാരം നേടാൻ അധികം താമസിച്ചില്ല.

ആൻറി ബയോട്ടിക്കുകൾ കണ്ടെത്തുന്നതിന് മുമ്പേ ഹോമിയോപ്പതി മരുന്നുകൾ പല പകർച്ചവ്യാധികളിലും പല ക്രോണിക്ക് അസുഖങ്ങളിലും കൃത്യമായി ഉപയോഗപ്പെടുത്തിയിരുന്നതായി കാണാൻ കഴിയും. മനുഷ്യകുലത്തിന് തന്നെ ഭീഷണിയായിരുന്ന പല പകർച്ചവ്യാധികളിലും ഹോമിയോപതി യുടെ തുടക്കനാൾ മുതൽ തന്നെ ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട്.

 1799 ൽ ജർമ്മനിയിൽ പൊട്ടിപ്പുറപ്പെട്ട സ്കാർലെറ്റ് ഫീവർ,1813 ലെ ടൈഫസ് രോഗം 1830ലെയും 1849ലെ യൂറോപ്പിലടക്കം പടർന്ന് പിടിച്ച കോളറ, 1850 ദക്ഷിണാഫ്രിക്കയിലേ പോളിയോ, 1907 ലെ വസൂരി ,1917ലെ സ്പാനിഷ് ഫ്ലൂ , 1999 കാലഘട്ടത്തിലെ ജപ്പാൻജ്വരം,തുടങ്ങി 2019ലെ കോവിഡ് 19 അടക്കം പലപകർച്ചവ്യാധികളിലും ആൻ്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിന് മുമ്പും ശേഷവും ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്ന് ചരിത്രത്തിൽ നിന്ന് കാണാം.

ഇവിടെ ആൻറിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധം ആർജ്ജിക്കുകയും മരുന്നുകൾ ഫലപ്രദമല്ലാതെ വരികയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സാധാരണ വൈറൽ പനിയടക്കം ചെറിയ ജലദോഷത്തിന് പോലും ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ തന്നെ 'പെട്ടെന്ന് മാറാൻ ' എന്ന പേരിൽ സമൂഹത്തിലെ ഒരു ശീലമായി ഈ മരുന്നുകളുടെ അനാവശ്യമായ ദുരുപയോഗം ഉണ്ട് എന്ന് ഏവർക്കും അറിയാവുന്നതാണ്. 

തന്റെയടുത്ത് വരുന്ന രോഗിക്ക് വേഗം സുഖപ്പെടട്ടെ എന്ന് വിചാരിച്ചോ, രോഗിയുടെ നിർബന്ധത്താലോ ഡോക്ടർമാരും ഇത്തരം മരുന്നുകൾ എഴുതാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യവും നമുക്ക് മുന്നിലുണ്ട്. ഇത്തരം അസുഖങ്ങളുടെ തുടക്കത്തിലേ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗപ്പെടുത്തിയാൽ തന്നെ നല്ലൊരളവ് ആൻറിബയോട്ടിക്കുകളുടെ  ദുരുപയോഗം ഇല്ലാതാക്കാൻ കഴിയും. പൊതു ജനങ്ങൾ ഇത്തരം സാഹചര്യം ഉപയോഗപ്പെടുത്തിയാൽ വൈറൽ അസുഖങ്ങളിൽ പോലും  ഇത്തരം മരുന്നുകളുടെ അനാവശ്യ ഉപയോഗം നമുക്ക് കുറക്കാനാകും.

രോഗ തീവ്രതയിൽ ആൻറിബയോട്ടിക്കുകൾ പലപ്പോഴും ജീവൻ രക്ഷാ സാഹചര്യത്തിന് ഒഴിവാക്കാൻ പറ്റാത്ത അവിഭാജ്യ മരുന്നുകളാണ്.ഇവ ഉപയോഗിക്കപ്പെടേണ്ടത് ഏറ്റവുംഅത്യാവശ്യ സമയങ്ങളിലായത് കൊണ്ട് അനാവശ്യ ഉപയോഗംഇല്ലാതാക്കേണ്ടതാണ്.

നല്ല ഭക്ഷണം,നല്ല ആരോഗ്യം,നല്ലവായു,വെള്ളം, തുടങ്ങി അടിസ്ഥാന ആരോഗ്യ പ്രതിരോധ സംവിധാനങ്ങളോടൊപ്പം രോഗപ്രതിരോധത്തിനും ചികിൽസക്കും ആൾട്ടർനേറ്റിവ് ശാഖകളെ കൂടുതൽഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ,
സർക്കാറുകളും സംവിധാനങ്ങളും പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകാൻ പോകുന്ന ഇത്തരം സാഹചര്യങ്ങളെ മുന്നിൽ കണ്ട് സത്വരനടപടികളുമായി മുന്നാട്ട് പോയാൽ പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും എന്ന് തീർച്ചയാണ്.

ചുരുങ്ങിയ ചെലവിലും അഹിംസാത്മകമായും രോഗ ചികിത്സയ്ക്കുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും നവീനവും സ്ഫുടം ചെയ്തതുമായ സമ്പ്രദായമാണ് ഹോമിയോ പതി. ഈ ചികിത്സാ രീതിയ്ക്ക് വേണ്ട പ്രോത്സാഹ നവും സംരക്ഷയും ഗവൺമെന്റ് നൽകണം' എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവനക്ക് ഈ കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ട് .

അനേകം അവസരങ്ങളിൽ അസുഖത്തിന്റെ കാര്യകാരണങ്ങൾ കണ്ടു പിടിക്കാനാകാതെ കുഴങ്ങുമ്പോഴും, പുതിയ പുതിയ രോഗങ്ങൾ ഉൽഭവിക്കുമ്പോഴും, മരുന്നുകൾ കണ്ടെത്താനുള്ള സമയം ദീർഘിക്കുമ്പോഴും ,മരുന്നുകൾക്കെതിരെ അണുക്കൾ പ്രതിരോധം തീർക്കുമ്പോഴും മനുഷ്യന്റെ സ്വാഭാവിക പ്രതിരോധം ഉയർത്തി അനേകായിരങ്ങൾക്ക് രോഗശാന്തി നൽകാൻ രോഗലക്ഷണങ്ങൾ നോക്കിയുള്ള ശരിയായ ഹോമിയോപ്പതി ചികിത്സ കൊണ്ടാകും എന്നുള്ളത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഒരോ കാലഘട്ടം മുന്നോട്ട് പോവുമ്പോഴും ഹോമിയോപ്പതി ചികിൽസയുടെ പ്രസക്തി ഏറി വന്നുകൊണ്ടിരിക്കുകയാണ്. ഏവർക്കും ലോക ഹോമിയോപ്പതി ദിനാശംസകൾ നേരുന്നു.

തയ്യാറാക്കിയത്:
ഡോ.മുഹമ്മദ് അസ്‌ലം വാണിയമ്പലം
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന പബ്ലിക്ക് റിലേഷൻ ഓഫീസറും മെഡികെയർ ഹോമിയോപ്പതിക്ക് മെഡിക്കൽ സെൻറർ ചീഫ് കൺസൾട്ടൻ്റുമാണ് ലേഖകൻ.
draslamvnb@gmail.com
+91 9188303203

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും