രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിച്ചോ? എന്തുകൊണ്ട് ഈ ചോദ്യം!

By Web TeamFirst Published Dec 25, 2020, 9:41 AM IST
Highlights

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നത് മുതല്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഈ ശീലം നിങ്ങള്‍ക്കേകുക. ആയുര്‍വേദ വിധിപ്രകാരവും രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്

രാവിലെ ഉണര്‍ന്നയുടന്‍ നിങ്ങളാദ്യം കഴിക്കാനാഗ്രഹിക്കുന്നത് എന്താണ്? മിക്കവരുടേയും ഉത്തരം ചായ അല്ലെങ്കില്‍ കാപ്പി എന്നായിരിക്കും. ചായയോ കാപ്പിയോ രാവിലെ കഴിക്കുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല, എന്നാല്‍ ഉറക്കമുണര്‍ന്നയുടന്‍ നേരെ ഇത്തരം പാനീയങ്ങളിലേക്ക് തിരിയുന്നതിന് പകരം ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കാം. 

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നത് മുതല്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഈ ശീലം നിങ്ങള്‍ക്കേകുക. ആയുര്‍വേദ വിധിപ്രകാരവും രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. 

മുതിര്‍ന്ന ഒരാളാണെങ്കില്‍ ദിവസത്തില്‍ എട്ട്- പത്ത് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് വെള്ളം കുടിക്കുന്നത് മാറ്റിവയ്ക്കുന്നവരാണ് നമ്മളിലധികം പേരും. ജോലിത്തിരക്ക്, മടി, ശ്രദ്ധയില്ലായ്മ ഇങ്ങനെ പോകുന്നു വെള്ളം കുടിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍. 

അതേസമയം രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളത്തോട് കൂടി ദിവസം ആരംഭിക്കുകയാണെങ്കിലോ! ഇത് നിര്‍ബന്ധപൂര്‍വ്വം ചെയ്യണമെന്നോര്‍മ്മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ നിഖിത റിച്ചാര്‍ഡ്‌സണ്‍. നിഖിത ട്വിറ്ററിലൂടെ പങ്കുവച്ച ഈ ചിന്ത പിന്നീട് നിരവധി പേര്‍ ഏറ്റെടുക്കുകയായിരുന്നു. 

'ദിവസം തുടങ്ങുന്നത് കോഫിയിലല്ല, വെള്ളത്തിലാണ് എന്ന കാര്യം ഉറപ്പിക്കലാണ് ദൈനംദിന ജീവിതത്തില്‍ എന്റെ ഗോള്‍' എന്നായിരുന്നു നിഖിതയുടെ ട്വീറ്റ്. ഇതേ കാര്യം ചെയ്യാനുറപ്പിച്ച് കിടക്കുകയും എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായ അല്ലെങ്കില്‍ കാപ്പി എന്ന പതിവിലേക്ക് തന്നെ തിരിച്ചുപോകുന്നവരും ചെയ്യുന്നവരാണ് അധികം പേരും. അത്തരക്കാര്‍ക്ക് വാശിയേറിയൊരു 'റിമൈന്‍ഡര്‍' ആണ് നിഖിതയുടെ ട്വീറ്റെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

ഏതായാലും ആരോഗ്യത്തിന്റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ള വെള്ളംകുടിയിലേക്ക് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഏറെ നല്ലത് തന്നെ. സജീവമായ സംഭാഷണങ്ങളുടെ പിന്‍ബലത്തിലെങ്കിലും ഈ നല്ല ശീലത്തിലേക്ക് കൂടുതല്‍ പേര്‍ എത്തട്ടെ.

Also Read:- വണ്ണം കുറയ്ക്കാനും അത് നിലനിര്‍ത്താനും ഏഴ് എളുപ്പ വഴികള്‍ !...

click me!