
വേനലാകുമ്പോഴേ ആധി തുടങ്ങുകയായി. ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ ശരീരത്തില്‍ 'ഡീഹൈഡ്രേഷന്‍' സംഭവിക്കും, പലതരം അസുഖങ്ങളുണ്ടാകും, ക്ഷീണവും തളര്‍ച്ചയുമാകും- ഇങ്ങനെ ആകെമൊത്തം ടെന്‍ഷന്‍. അങ്ങനെ സ്ഥിരമായി ഒരു വെള്ളക്കുപ്പിയും കൊണ്ടാകും പിന്നെ സഞ്ചാരവും ജോലിയും ഇരുത്തവും കിടത്തവുമെല്ലാം.
എന്നാല്‍ ഇങ്ങനെ ഇരുന്നും നടന്നും കിടന്നുമെല്ലാം സദാസമയവും വെള്ളം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും തകരാറുണ്ടോ? ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് 'ഡീഹൈഡ്രേഷന്‍' അഥവാ നിര്‍ജലീകരണം പോലെ തന്നെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടിയാലും ചില പ്രശ്‌നങ്ങളുണ്ടത്രേ! 'hyponatremia' എന്നാണ് ഈ അവസ്ഥയുടെ പേര്.
ഇത് പ്രധാനമായും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനാണ് കാരണമാവുക. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രത്യേക അളവ് വരെ സോഡിയം ആവശ്യമാണ്. എന്നാല്‍ ശരീരത്തില്‍ വെള്ളം അമിതമാകുമ്പോള്‍ സോഡിയം കുറയുന്നു. അതുപോലെ കൂടുതല്‍ അളവില്‍ വെള്ളം അകത്തേക്ക് ചെല്ലുന്നത് വൃക്കയ്ക്കും നല്ലതല്ല. വൃക്കയുടെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യത്യാസം വയറുവേദനയുടെയും ഛര്‍ദിയുടെയും ക്ഷീണത്തിന്റെയും രൂപത്തില്‍ പുറത്തെത്തും.
ഇതൊന്നും കൂടാതെ, കടുത്ത തലവേദനയ്്ക്കും ഇത് കാരണമാകുമത്രേ. അതുപോലെ തന്നെ വെള്ളം അളവിലധികമാകുമ്പോള്‍ ശരീരത്തിലെ 'ഇലക്ട്രോലൈറ്റ്' ഘടകങ്ങള്‍ കുറയും. ഇതുമൂലം മസില്‍ വേദന വരാന്‍ സാധ്യതയുണ്ട്. - ഇങ്ങനെ പോകുന്നു വെള്ളംകുടി അമിതമായാലുള്ള ശാരീരികരപ്രശ്‌നങ്ങള്‍.
ഇതൊന്നുമല്ലാത്ത ചില ദോഷവശങ്ങള്‍ കൂടി അമിത വെള്ളംകുടിക്കുണ്ട്. അതായത് ശരീരത്തിന് വെള്ളം ആവശ്യമായി വരുമ്പോഴാണ് അത് ദാഹം പ്രകടിപ്പിക്കുന്നത്. ദാഹമില്ലാത്തപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിനെ ചെറിയ രീതിയിലെങ്കിലും ആശയക്കുഴപ്പത്തിലാക്കുമത്രേ. അതുപോലെ സാധാരണഗതിയില്‍ മൂത്രത്തിന് ഒരു ഇളം മഞ്ഞ നിറമാണ് ഉണ്ടാകുന്നത്. അത് ശരീരം 'നോര്‍മല്‍' ആണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വെള്ളംകുടി കൂടുതലായാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനൊപ്പം മൂത്രത്തിന് മഞ്ഞനിറം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും ചെയ്യും. ഇത് ശരീരം 'നോര്‍മല്‍' അല്ല എന്ന സൂചനയാണ് നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam