
ആധുനിക വൈദ്യശാസ്ത്രരംഗത്ത് ( Modern Healthcare ) വിവിധ രീതിയിലുള്ള മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ചില രോഗങ്ങളെ നാം ഏറെ ഭയപ്പെടുകയും അവ, കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതായി നാം കണക്കാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വിലയിരുത്താവുന്നൊരു രോഗമാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദരോഗം ( Cancer Treatment ).
പലപ്പോഴും രോഗം സമയത്തിന് കണ്ടെത്താന്‍ സാധിക്കാത്തതും, ചികിത്സയ്ക്കായി മുടക്കാന്‍ സാമ്പത്തികമില്ലാത്തതുമാണ് ക്യാന്‍സര്‍ രോഗികളെ കാര്യമായി വലയ്ക്കുന്നത്. ഇത് മുതിര്‍ന്നവരുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലുമെല്ലാം സമാനം തന്നെ.
എന്നാല്‍ കുട്ടികളിലെ ക്യാന്‍സറിന്റെ കാര്യത്തില്‍ നാം വളരെയധികം ജാഗ്രതയോടെ മുന്നോട്ടുപോയേ മതിയാകൂ എന്ന് സൂചിപ്പിക്കുന്നൊരു റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്. 'ഇന്റര്‍നാഷണല്‍ ചൈല്‍ഡ്ഹുഡ് ക്യാന്‍സര്‍ ഡോ ആയ ഫെബ്രുവരി 15നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 'കുട്ടികളിലെ ക്യാന്‍സര്‍ വിലയിരുത്തുമ്പോള്‍ ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം 20 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണ്.
അതായത്, ശരാശരി 75,000 കുട്ടികള്‍ക്കെങ്കിലും ഓരോ വര്‍ഷവും ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ക്യാന്‍സര്‍ അടക്കമുള്ള സാംക്രമികമല്ലാത്ത രോഗങ്ങള്‍ (പകരാത്തവ) ആണത്രേ അഞ്ച് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ആകെ മരണങ്ങളില്‍ പകുതിയും കാരണമാകുന്നത്. എന്നുവച്ചാല്‍ ക്യാന്‍സര്‍ ബാധിക്കുന്നത് മാത്രമല്ല, കുട്ടികളിലെ മരണനിരക്കും നാം ശ്രദ്ധിക്കേണ്ട സംഗതിയാണ്.
മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും വൈകിയ നിലയിലാണ് കുട്ടികളിലെ ക്യാന്‍സര്‍ നിര്‍ണയിക്കപ്പെടാറ് എന്നതും, കുട്ടികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ക്കോ, കുട്ടികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു എന്നതുമാണ് ഇതില്‍ വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ചികിത്സാകേന്ദ്രങ്ങളുടെ ദൗര്‍ലഭ്യവും സാമ്പത്തികമില്ലായ്മയും കനത്ത തിരിച്ചടിയാവുകയും ചെയ്യുന്നു.
ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിതരാകുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്യാന്‍സര്‍ മുക്തി നേരിടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്. 30 ശതമാനത്തില്‍ താഴെയാണ് കുട്ടികളിലെ ക്യാന്‍സര്‍ മുക്തി.
പൊതുവേ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ഇടത്തരം രാജ്യങ്ങളിലുമാണ് കുട്ടികളിലെ ക്യാന്‍സര്‍ തോത് കൂടുതലുള്ളതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ദുര്‍ബലമായ ആരോഗ്യമേഖലയായിരിക്കും ഈ രാജ്യങ്ങളിലെ പ്രത്യേകതയെന്നും ഇത് കുട്ടികളുടെ ആരോഗ്യസുരക്ഷയെയും കാര്യമായ രീതിയില്‍ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ലുക്കീമിയ, ബ്രോയിന്‍ ക്യാന്‍സര്‍, ലിംഫോമ, ന്യൂറോബ്ലാസ്‌റ്റോമ, വില്‍മ്‌സ് ട്യൂമര്‍ എന്നിവയെല്ലാമാണ് അധികവും കുട്ടികളില്‍ കണ്ടുവരുന്ന ഇനം അര്‍ബുദങ്ങള്‍. മിക്ക കേസുകളിലും കുട്ടികളില്‍ എന്തുകൊണ്ടാണ് ക്യാന്‍സര്‍ ബാധിച്ചതെന്ന് കണ്ടെത്താനും സാധിക്കാറില്ല. പത്ത് ശതമാനത്തോളം കേസുകളില്‍ ജനിതക കാരണങ്ങളും വരാറുണ്ട്. നേരത്തേ സൂചിപ്പിച്ചത് പോലെ ലക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്തത് പോലെ തന്നെ സ്‌ക്രീനിംഗിലൂടെ ( ആശുപത്രിയിലെ പരിശോധന) ക്യാന്‍സര്‍ നിര്‍ണയം സാധ്യമാകാതെ പോകുന്നതും കുട്ടികളിലെ ക്യാന്‍സറിന്റെ സവിശേഷതയാണ്.
അകാരണമായി ശരീരഭാരം കുറയുന്നത്, പേശികളിലോ എല്ലുകളിലോ എപ്പോഴും വേദന, കാലുവേദന, വയറ്റിലോ നെഞ്ചിലോ കഴുത്തിലോ ഇടുപ്പിലോ ചെറിയ മുഴകള്‍, എപ്പോഴും തളര്‍ച്ച, രക്തസ്രാവം, ചര്‍മ്മം എപ്പോഴും അലര്‍ജി വന്നത് പോലെ ചുവന്നോ തടിച്ചോ കാണപ്പെടുന്നത്, കൃഷ്ണമണിയില്‍ വെളുത്ത നിറത്തിലുള്ള പാട പോലെ കാണപ്പെടുന്നത്- ഇങ്ങനെ പല ലക്ഷണങ്ങളും കുട്ടികളിലെ ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി വരാം.
നിലവില്‍ പ്രധാനപ്പെട്ട നഗരങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് കുട്ടികളിലെ ക്യാന്‍സറിനുള്ള ചികിത്സ ലഭ്യമാകുന്നത്. ഇത് അല്‍പം കൂടി വ്യാപകമായ രീതിയില്‍, ആളുകള്‍ക്ക് കുറെക്കൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ മാറ്റിയെടുക്കുന്നതും, കുട്ടികളിലെ ക്യാന്‍സറിനെ കുറിച്ച് മാതാപിതാക്കള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യമായ അവബോധം നല്‍കുന്നതും, സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സാമ്പത്തിക സഹായം നല്‍കുന്നതുമെല്ലാം കുട്ടികളിലെ ക്യാന്‍സര്‍ ഭാവിയില്‍ വലിയ വില്ലനായി മാറാതിരിക്കാന്‍ സഹായകമായിരിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെല്ലാം തന്നെ ഒറ്റക്കെട്ടായി പറയുന്നത്.
Also Read:- അമിതവണ്ണമുള്ളവരിലെ ക്യാന്‍സര്‍ സാധ്യത; പഠനം പറയുന്നത് ശ്രദ്ധിക്കൂ...