
ഒമിക്രോണ്‍ (Omicron) വകഭേദം കൊവിഡ് (Covid) മഹാമാരിയെ പുതിയൊരു ഘട്ടത്തിലേയ്ക്ക് എത്തിച്ചുവെന്നും യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (World Health Organization). ' യൂറോപ്പില്‍ മഹാമാരി അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്' - ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാർച്ചോടെ അറുപത് ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറച്ച് ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധശേഷി രൂപപ്പെടും.
ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കൊവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കൊവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നും അദ്ദേഹം തന്‍റെ പ്രതീക്ഷ പ്രകടിപ്പിച്ചു.