കൊവിഡ് വൈറസ് ആദ്യമായി വന്നത് എവിടെ നിന്ന്? ഏറ്റവും നിര്‍ണായകമായ വിവരം പങ്കുവച്ച് എഫ്ബിഐ

Published : Mar 01, 2023, 05:37 PM ISTUpdated : Mar 01, 2023, 05:39 PM IST
കൊവിഡ് വൈറസ് ആദ്യമായി വന്നത് എവിടെ നിന്ന്? ഏറ്റവും നിര്‍ണായകമായ വിവരം പങ്കുവച്ച് എഫ്ബിഐ

Synopsis

ചില ഗവേഷകരും നേരത്തെ തന്നെ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വാദിച്ചിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് എവിടെയും ഒരു സ്ഥിരീകരണവും വന്നിരുന്നില്ല. 68 ലക്ഷം പേരുടെ ജീവൻ കവര്‍ന്ന, ലോകജനതയെ ആകെ പ്രതിസന്ധിയിലാക്കിയ കൊവിഡ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ദുരൂഹതകള്‍ മാത്രമായിരുന്നു ബാക്കിയായിരുന്നത്.  

നാല് വര്‍ഷത്തോളമായി കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. ആകെ അറുപത്തിയെട്ട് ലക്ഷത്തോളം ജീവൻ കൊവിഡ് അതുവരെ കവര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് ഇതിന് മുകളില്‍ വരും. ഇത്രയധികം ജീവനുകള്‍ കവര്‍ന്നെടുത്തതിന് പുറമെ കൊവിഡ് വരുത്തിവച്ച നഷ്ടങ്ങള്‍ എണ്ണിയാലൊടുങ്ങുന്നതല്ല. തൊഴില്‍ പ്രതിസന്ധി, ഇതുവഴി കനത്ത സാമ്പത്തിക പ്രതിസന്ധി, ഉപജീവനമാര്‍ഗമില്ലാതായതോടെ പെരുകിവന്ന ആത്മഹത്യകള്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി കൊവിഡ് മനുഷ്യരെ ആക്രമിച്ചത് പല രീതിയിലുമാണ്. ഇപ്പോഴും അതിന്‍റെ തുടര്‍ച്ചയിലൂടെയാണ് നാമോരോരുത്തരും നീങ്ങുന്നത്. 

2019 അവസാനത്തോടെയാണ് ആദ്യമായി ചൈനയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന് അധികം വൈകാതെ തന്നെ ഇത് മറ്റ് ലോകരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ആദ്യഘട്ടങ്ങളില്‍ കൊവിഡ് വൈറസ് എവിടെ നിന്ന്- എങ്ങനെ വന്നുവെന്ന അന്വേഷണങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൊവിഡിനോട് പൊരുതുന്ന തിരക്കിലായിരുന്നു ഏവരും. ഇതിനിടെ പലപ്പോഴും കൊവിഡ് വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നു ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന വാദങ്ങള്‍ അപ്പോള്‍ മുതല്‍ തന്നെ സജീവമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ചൈന ഈ വാദത്തെ അംഗീകരിച്ചില്ല.

എന്നാലിപ്പോഴിതാ ആദ്യമായി ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ( ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). വുഹാനിലെ ലാബില്‍ നിന്ന് തന്നെയാണ് കൊവിഡ് വൈറസ് പുറത്തെത്തിയിരിക്കുന്നത് എന്നാണ് എഫ്ബിഐ സ്ഥിരീകരിക്കുന്നത്.എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ  'ഫോക്സ് ന്യൂസി'ന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവയ്ക്കാൻ റേ തയ്യാറായില്ല.

അമേരിക്കൻ മാധ്യമമായ 'ദ വാള്‍സ്ട്രീറ്റ് ജേണലി'ല്‍ വന്ന റിപ്പോര്‍ട്ട് ചൂടൻ ചര്‍ച്ചകളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് എഫ്ബിഐയും ഇതേ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് വൈറസ് വുബാനിലെ ലബോറട്ടറിയില്‍ നിന്നാണ് പുറത്തെത്തിയതെന്ന് അമേരിക്കൻ ഊര്‍ജ്ജവകുപ്പിന്‍റെ രഹസ്യരേഖയിലുള്ളതായിട്ടാണ് 'ദ വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

നേരത്തെ തന്നെ ഈ വിഷയത്തില്‍ ഇതേ നിലപാട് എഫ്ബിഐക്ക് ഉള്ളതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് എഫ്ബിഐയുടെ ഔദ്യോഗികമായ സ്ഥിരീകരണം വരുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കാവുന്ന കാര്യങ്ങളാണിപ്പോള്‍ എഫ്ബിഐ ഡയറക്ടര്‍ പങ്കുവച്ചിരിക്കുന്നത്. 

'ദ വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോഴും കൊവിഡ് വൈറസ് പ്രകൃത്യാ ആണ് പടര്‍ന്നതെന്ന വിശദീകരണമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം നല്‍കിയിരുന്നത്. ലാബിലൂടെ ചോര്‍ന്നതാണെന്ന വാദം തള്ളുകയും ചെയ്തിരുന്നു. 

 

ചില ഗവേഷകരും നേരത്തെ തന്നെ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വാദിച്ചിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് എവിടെയും ഒരു സ്ഥിരീകരണവും വന്നിരുന്നില്ല. 68 ലക്ഷം പേരുടെ ജീവൻ കവര്‍ന്ന, ലോകജനതയെ ആകെ പ്രതിസന്ധിയിലാക്കിയ കൊവിഡ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ദുരൂഹതകള്‍ മാത്രമായിരുന്നു ബാക്കിയായിരുന്നത്.  അവ്യക്തതകളോ നിഗൂഢതകളോ മാത്രം നിറഞ്ഞ വാര്‍ത്തകളായിരുന്നു ചൈനയില്‍ നിന്ന് പുറത്തുവന്നിരുന്നത്. ഇനി എത്തരത്തിലാണ് ചൈന സ്വയം പ്രതിരോധിക്കുക, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ എങ്ങനെ ഇതിനെ എതിരിടും- തുടങ്ങിയ നിര്‍ണായകമായ ഘട്ടങ്ങളിലേക്കാണ് നാം കടക്കുക. 

Also Read:- 67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം