ഇടയ്ക്കിടെ ഛര്‍ദിക്കാന്‍ തോന്നാറുണ്ടോ? മറികടക്കാം 5 മാര്‍ഗങ്ങളിലൂടെ

By Web TeamFirst Published Jan 15, 2020, 9:23 PM IST
Highlights

മിക്കവരും വീട്ടിലോ, ബാഗിലോ ഒക്കെ ഇതിനുള്ള ഗുളികകള്‍ കരുതുന്നതായി കാണാറുണ്ട്. എന്നാല്‍ എപ്പോഴും ഈ പ്രശ്‌നത്തിന് ഗുളിക കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. അതിനാല്‍ എളുപ്പത്തില്‍ അവലംബിക്കാവുന്ന ചില മാര്‍ഗങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതുതന്നെ

വയറിന് പിടിക്കാത്ത വല്ല ഭക്ഷണവും കഴിച്ചുകഴിഞ്ഞാലാണ് പൊതുവില്‍ ഛര്‍ദ്ദിക്കാനുള്ള തോന്നലുണ്ടാകാറ്. എന്നാല്‍ ഉദരസംബന്ധമായ മറ്റ് പ്രശ്‌നങ്ങളുള്ളവരിലും, ഗര്‍ഭിണികളിലുമെല്ലാം ഇടവിട്ട് ഓക്കാനിക്കാനുള്ള ത്വരയുണ്ടാകാറുണ്ട്. അതുപോലെ നീണ്ട യാത്ര കഴിഞ്ഞെത്തുമ്പോള്‍, വൈറല്‍ പനി പോലുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ട്- എല്ലാം കൂടെക്കൂടി ഛര്‍ദ്ദിക്കാനുള്ള തോന്നലുണ്ടായേക്കാം.

മിക്കവരും വീട്ടിലോ, ബാഗിലോ ഒക്കെ ഇതിനുള്ള ഗുളികകള്‍ കരുതുന്നതായി കാണാറുണ്ട്. എന്നാല്‍ എപ്പോഴും ഈ പ്രശ്‌നത്തിന് ഗുളിക കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. അതിനാല്‍ എളുപ്പത്തില്‍ അവലംബിക്കാവുന്ന ചില മാര്‍ഗങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതുതന്നെ.

വീട്ടിലാണെങ്കില്‍, അല്ലെങ്കില്‍ വീട്ടിലുള്ള സൗകര്യം ലഭ്യമായിരിക്കുന്ന മറ്റെവിടെയെങ്കിലുമാണെങ്കില്‍ വളരെ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന അഞ്ച് മാര്‍ഗങ്ങളാണ് ഇതിനായി നിര്‍ദേശിക്കുന്നത്.

ഒന്ന്...

ഓക്കാനിക്കാന്‍ വരുന്നതായി തോന്നുമ്പോള്‍ തന്നെ ഒരു കഷ്ണം ഇഞ്ചി വെറുതെ കടിച്ചിറക്കുകയേ, അല്ലെങ്കില്‍ അത് ചതച്ച് നീരെടുത്ത് കുടിക്കുകയോ ആവാം.

 

 

പച്ചയ്ക്ക് ഇഞ്ചി കഴിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ മധുരം കുറച്ചോ, മധുരം ഒട്ടും ചേര്‍ക്കാതെയോ ഇഞ്ചി ചേര്‍ത്ത കട്ടന്‍ ചായ വച്ച് കുടിക്കാം. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാന്‍ ഇഞ്ചിക്ക് കഴിയുമെന്നതിനാലാണിത്.

രണ്ട്...

മിക്ക വീടുകളിലും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് ചെറുനാരങ്ങ. ഛര്‍ദ്ദിക്കാന്‍ വരുന്നതായി തോന്നുമ്പോള്‍ തന്നെ അല്‍പം ചെറുനാരങ്ങാനീര് കഴിക്കാവുന്നതാണ്. ഇതും വെള്ളം ചേര്‍ക്കാതെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പിഴിഞ്ഞ് നാരങ്ങാവെള്ളമായി കഴിക്കാം. ഇതിലും മധുരത്തിന് പകരം ഉപ്പ് ചേര്‍ക്കുന്നതായിരിക്കും ഉത്തമം. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഇല്ലാതാകുമെന്ന് മാത്രമല്ല, മൂഡ് 'റീഫ്രഷ്' ചെയ്യാനും ചെറുനാരങ്ങയ്ക്ക് പ്രത്യേക കഴിവാണ്.

മൂന്ന്...

മൂന്നാമതായി പറയാനുള്ളത്, ധാരാളം വെള്ളം കുടിക്കുക. ഇത് ഒന്നിച്ച് കുടിക്കുന്നതിന് പകരം ഇടവിട്ട് അല്‍പാല്‍പമായി കുടിക്കാം.

 


ഒരിക്കലും ഓക്കാനം വരുമ്പോള്‍ ശീതളപാനീയങ്ങള്‍ കഴിക്കരുത്. ഇതിലടങ്ങിയിരിക്കുന്ന കൃത്രിമമധുരം വീണ്ടും ആരോഗ്യനില വഷളാക്കും.

നാല്...

ഛര്‍ദ്ദിക്കാന്‍ വരുന്നതായി തോന്നുമ്പോള്‍ പെട്ടെന്ന് തന്നെ ശ്വാസഗതിയിലേക്ക് ശ്രദ്ധ ചെലുത്തുകയും. ബോധപൂര്‍വ്വം, ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്നത് ഒരു പരിധി വരെ ഈ പ്രശ്‌നത്തെ പരിഹരിക്കും. ഇത് അടിസ്ഥാനപരമായി മനസിന് നല്‍കുന്ന ചികിത്സയാണ്, അതിനാല്‍ ശരീരത്തില്‍ ഫലപ്രദമാകില്ലെന്ന് ചിന്തിക്കേണ്ടതില്ല. ശരീരത്തില്‍ വളരെയധികം ഫലപ്രദമാകുന്ന ഒരു രീതിയാണിത്.

അഞ്ച്...

ഓക്കാനം വരുമ്പോള്‍ ആശ്രയിക്കാവുന്ന മറ്റൊരു ഘടകമാണ് സ്‌പൈസുകള്‍. പെരുഞ്ചീരകം, വെള്ള ജീരകം, പട്ട എന്നിവയെല്ലാം ഇതിന് അത്യത്തുമമാണ്. കടുംചായയില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ അതല്ലെങ്കില്‍ പച്ചയ്‌ക്കോ തന്നെ ഇവ ഉപയോഗിക്കാവുന്നതാണ്. ഒരേസമയം 'റീഫ്രഷ്' ആകാനും അതേസമയം ഗുണപരമായ ഘടകങ്ങള്‍ ശരീരത്തിലെത്തിക്കാനും ഇത് സഹായിക്കും.

click me!