
ഇന്ന് നാം അഭിമുഖീകരിക്കുന്ന സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. സമ്മർദ്ദം, പോഷകങ്ങളുടെ അഭാവം, വിളർച്ച, ഹൈപ്പോതൈറോയിഡിസം, വിറ്റാമിൻ ബിയുടെ കുറവ്, രോഗപ്രതിരോധ തകരാറ്, കീമോതെറാപ്പി, താരൻ, രാസവസ്തുക്കളുടെ ഉപയോഗം എന്നിവയാണ് മുടി കൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങൾ.
ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം, പതിവായി വ്യായാമം ചെയ്യുക എന്നിവയെല്ലാം മുടി കൊഴിയുന്നത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കിയാലോ...
അത്തിപ്പഴം...
മൾബറി കുടുംബത്തിൽപ്പെട്ട അത്തി ചുവപ്പ്, മഞ്ഞ, പർപ്പിൾ മുതലായ നിറങ്ങളിലും വ്യത്യസ്ത രുചികളിലും ഉണ്ട്. പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും (dried fig) ഒരു പോലെ പോഷക സമ്പന്നമാണ്. നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, ഇ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി, ഇ എന്നി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. അത്തിയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. 2-3 അത്തിപ്പഴം താലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഈ വെള്ളം കുടിക്കുക. അത്തിപ്പഴത്തിലെ നാരുകള്‍ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും മികച്ചതാണ്.
കറുത്ത ഉണക്കമുന്തിരി...
കുതിർത്ത കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തചംക്രമണത്തിനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരി മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ വ്യക്തമാക്കുന്നു.
ദിവസവും രാവിലെ ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പ് പുറന്തള്ളാൻ നല്ലൊരു പ്രതിവിധിയാണ്. ഇതു രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
കറിവേപ്പില...
കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിക്ക് നനവുണ്ടാക്കുന്നു.
കറിയിലയിൽ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവ കൂടുതലായതിനാൽ മുടിക്ക് ഗുണം ചെയ്യും, ഇത് മുടി കൊഴിച്ചിൽ തടയുന്നതിനും മുടി പൊട്ടുന്നത് തടയാനും ഗുണം ചെയ്യും. ദിവസവും ഏഴോ എട്ടോ കറിവേപ്പില കഴിക്കുന്നത് മുടിയുടെ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
മത്തങ്ങ...
മത്തങ്ങയിൽ പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഇത് മുടി ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് സിങ്ക് സഹായിക്കുന്നു. ഇത് മുടിയുടെ ശക്തമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബിയും ഫോളേറ്റും ഇതിൽ ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam