
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരാതിപ്പെടാറുള്ളത് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെയും അസുഖങ്ങളെയും കുറിച്ചാണ്. അതില്‍ തന്നെ ഗ്യാസ്, വയര്‍ സ്തംഭനം, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് മിക്കവരും പരാതിപ്പെടാറ്.
ഇത്തരത്തില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ നാം കഴിയുന്നതും വീട്ടില്‍ വച്ചുതന്നെ ചെറിയ പൊടിക്കൈകളുപയോഗിച്ച് അത് പരിഹരിക്കാനാണ് കൂടുതലും ശ്രമിക്കാറ്.
ഇത്തരത്തില്‍ ചെറിയ രീതിയില്‍ വയറിളക്കമുണ്ടാകുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം നേടാനായി വീട്ടില്‍ ചെയ്യാവുന്ന നാല് പരിഹാരങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തിന് ചില ഭക്ഷണങ്ങളെ എടുക്കാൻ കഴിയാത്തത് കൊണ്ടോ, കാലാവസ്ഥാപ്രശ്നങ്ങള്‍ കൊണ്ടോ, ഭക്ഷണം നല്ലതല്ലാത്തതിനാലോ, സ്ട്രെസ് മൂലമോ ഒക്കെയാണ് സാധാരണഗതിയില്‍ വയറിളക്കമുണ്ടാകുന്നത്.
ഇത് കാര്യമായ രീതിയിലാണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോകേണ്ടതുണ്ട്. എന്നാല്‍ ചെറിയ തോതില്‍ മാത്രമാണെങ്കില്‍ ചുവടെ ചേര്‍ക്കുന്ന പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.
ഒന്ന്...
പച്ച നേന്ത്രപ്പഴം: പഴുക്കാത്ത ഏത്തയ്ക്ക ( പച്ച നേന്ത്രപ്പഴം) വേവിച്ച് കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ദഹനം സുഗമമാക്കാൻ സഹായിക്കുന്നത്. പച്ച പഴം വേവിച്ച് ഇത് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഓര്‍ക്കുക, പച്ച പഴം വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുത്ത് വേണം കഴിക്കാൻ.
രണ്ട്...
ഇഞ്ചിയും ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ ഏറഎ സഹായകമായൊരു ചേരുവയാണ്. ഇഞഅചി ഗ്രേറ്റ് ചെയ്ത് ഇത് ഒരു സ്പൂണ്‍ തേനുമായി ചേര്‍ത്താണ് കഴിക്കേണ്ടത്. ദിവസത്തിലൊരു നേരമെങ്കിലും ഇത് കഴിക്കുന്നത് വയറിളക്കം മാറാൻ സഹായിക്കും.
മൂന്ന്...
കഞ്ഞിവെള്ളം കഴിക്കുന്നതും വയറിന്‍റെ അസ്വസ്ഥതയെ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ഒന്നാമത് വയറിളക്കം ബാധിച്ചവരില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിന്‍റെ ഭാഗമായി നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടാകും. ഇത് അത്ര നിസാരമായൊരു അവസ്ഥയല്ല. ഈ അവസ്ഥയില്‍ ശരീരത്തിന് ഊര്‍ജം നല്‍കാനും കഞ്ഞിവെള്ളം ഏറെ സഹായകമാണ്.
നാല്...
പുതിനയിലയും നമുക്കറിയാം ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നൊരു ചേരുവയാണ്. പുതിനയില ചതച്ചതോ, അല്ലെങ്കില്‍ ഉണക്കി പൊടിച്ചതോ അല്‍പം പഞ്ചസാരയും അല്‍പം ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ കലക്കി അതൊരു ഡ്രിങ്ക് ആക്കി കഴിക്കുകയാണ് വേണ്ടത്. ഇത് വയറിളക്കം മാത്രമല്ല വയര്‍ സ്തംഭനം, ദഹനമില്ലായ്മ എല്ലാം പരിഹരിക്കാൻ സഹായകമാണ്. വയറിളക്കം മൂലമുണ്ടാകുന്ന തളര്‍ച്ചയെ പ്രതിരോധിക്കാനും പുതിനയില നല്ലതുതന്നെ.
Also Read:- തളര്‍ച്ചയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും ഇടയ്ക്ക് പനിയും; ശരീരം സൂചിപ്പിക്കുന്നതെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam