കണ്ണിന് താഴെ കറുത്ത വളയമോ? എളുപ്പത്തിലുള്ള പരിഹാരം വീട്ടിലുണ്ട്...

By Web TeamFirst Published Jul 31, 2019, 9:24 PM IST
Highlights

ഉറക്കമില്ലായ്മ, അസുഖങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത വളയങ്ങളുണ്ടാകുന്നത്. ഇത് പരിഹരിക്കാനാകട്ടെ, മിക്കവരും എന്തെങ്കിലും ക്രീമുകളോ ഓയിലുകളോ പുരട്ടുകയാണ് പതിവ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ കണ്ണിന് ചുറ്റും ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്
 

കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ, അസുഖങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 

ഇത് പരിഹരിക്കാനാകട്ടെ, മിക്കവരും എന്തെങ്കിലും ക്രീമുകളോ ഓയിലുകളോ പുരട്ടുകയാണ് പതിവ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ കണ്ണിന് ചുറ്റും ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഇവിടങ്ങളിലുള്ള ചര്‍മ്മം വളരെ നേര്‍ത്തതും 'സെന്‍സിറ്റീവ്'ഉം ആയിരിക്കും. ഇവയ്ക്ക് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതകളേറെയാണ്. 

എന്നാല്‍ ഭക്ഷണസാധനങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കുമ്പോള്‍ ആശങ്കകള്‍ക്ക് ഇടമില്ലാതാകുന്നു. കാര്യമായ മാറ്റങ്ങളുണ്ടായില്ലെങ്കിലും മറ്റ് 'സൈഡ് എഫക്ടു'കളെക്കുറിച്ചുള്ള ചിന്ത വേണ്ടല്ലോ. അത്തരത്തില്‍ ഭക്ഷണത്തിലൂടെ കണ്ണിന് താഴെയുണ്ടാകുന്ന പാടുകളെ മായ്ച്ചുകളയാനാകുമോ?

കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നത്. ഇതിന് കഴിയുന്ന ചില പഴങ്ങളുണ്ടത്രേ. അവ ഡയറ്റിലുള്‍പ്പെടുത്തിയാല്‍ നല്ലരീതിയിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ ചില പച്ചക്കറികള്‍ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. ഇവ ഏതെല്ലാമാണ് എന്നൊന്ന് നോക്കാം. 

ഒന്ന്...

ആദ്യമായി ഈ പട്ടികയിലുള്‍പ്പെടുന്ന പേര് പേരയ്ക്കയുടേതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായകമാണ്. അതുപോലെ കണ്ണിന് താഴെയുള്ള ചര്‍മ്മം തിളക്കമുള്ളതാക്കിവയ്ക്കാനും ഇത് സഹായിക്കുമത്രേ. 

രണ്ട്...

അവക്കാഡോയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ ഉത്തമമാണ്. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ഇ, മുഖത്തെ മങ്ങലിനെ എടുത്ത് കളയുന്നു. 

മൂന്ന്...

തക്കാളിയും കണ്ണിന് താഴെയുള്ള ചര്‍മ്മത്തെ തിളക്കമുള്ളതാക്കി വയ്ക്കാന്‍ ഉപകരിക്കുന്നു. തക്കാളി ചര്‍മ്മത്തിന് പുറത്ത് ഉപയോഗിക്കുന്നതാണ് ഇക്കാര്യത്തില്‍ ഉത്തമം. അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത തക്കാളി ജ്യൂസ് കണ്ണിന് താഴെയായി പുരട്ടി പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

നാല്...

പരമ്പരാഗതമായിത്തന്നെ, കണ്ണിന് താഴെയുള്ള കരുവാളിപ്പ് മാറ്റാന്‍ നമ്മളുപയോഗിക്കുന്ന ഒന്നാണ് കക്കിരി. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ചര്‍മ്മത്തെ ഊര്‍ജ്ജത്തിലാക്കാനും തിളക്കമുള്ളതാക്കാനുമാണ് കക്കിരി സഹായിക്കുന്നത്. 

അഞ്ച്...

തണ്ണിമത്തനും കണ്ണിന് ചുറ്റുമുള്ള വളയങ്ങളെ മായ്ച്ചുകളയാന്‍ ഏറെ സഹായകമായ ഒരു ഫലമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ബി1, ബി6, സി എന്നിവയാണ് ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്നത്. അതുപോലെ ചര്‍മ്മത്തില്‍ നനവ് നിര്‍ത്താനും തണ്ണിമത്തന്‍ സഹായിക്കുന്നു.

click me!