'പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്...'

By Web TeamFirst Published Apr 30, 2019, 2:08 PM IST
Highlights

ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു

അത്യപൂര്‍വ്വമായ ജീവിതമാണ് അരുണിമയുടേത്. ക്യാന്‍സറിന്റെ ഏറ്റവും മോശമായ ഒരു ഘട്ടത്തില്‍ നിന്ന് ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വന്തം മനക്കരുത്തിന്റെ മാത്രം പിടിവള്ളിയില്‍ തൂങ്ങി തിരിച്ചുകയറിയ പെണ്‍കുട്ടി! ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയവള്‍!

ഏതൊരു പെണ്‍കുട്ടിയും സ്വപ്നം കാണുന്ന ഉയരങ്ങളിലേക്ക് പിച്ചവച്ചുതുടങ്ങിയ കാലത്തായിരുന്നു അരുണിമയുടെ ജീവിതത്തിലേക്ക് രോഗം കടന്നുവന്നത്. പത്തനംതിട്ട വലംചുഴിയില്‍, അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന കൊച്ചുകുടുംബമായിരുന്നു അരുണിമയുടേത്. അവരെ നോക്കാന്‍ നല്ലൊരു ജോലി, സ്വന്തം വാഹനം, യാത്രകള്‍, പ്രണയം.. അങ്ങനെ നിറങ്ങളുടെ ലോകത്തായിരുന്നു അരുണിമ.

ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.

അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകള്‍ മറക്കാന്‍ അവള്‍ ചിത്രങ്ങള്‍ വരച്ചു, അതിലൂടെ തീവ്രമായ അനുഭവങ്ങളെ ലോകവുമായി പങ്കിട്ടു. അസാധാരണമായ എന്തോ ഒന്ന് അരുണിമയുടെ ചിത്രങ്ങള്‍ വേറിട്ടതാക്കി. 

രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലും അരുണിമ താന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി. അഭിനന്ദനങ്ങളറിയിച്ച ഓരോരുത്തര്‍ക്കും ആത്മവിശ്വാസമുള്ള ചിരി തിരികെ നല്‍കി. 

ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി. ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. 

അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റു. ജീവിതത്തോടുള്ള എല്ലാ ആഗ്രഹങ്ങളിലും പിടിച്ച് അവള്‍ നടന്നു. ഒറ്റയ്ക്ക് വണ്ടിയോടിച്ചു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് വരെ അത്ഭുതമായിരുന്നു ആ മാറ്റം. എങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു. 

പക്ഷേ, നിന്നുപോയിടത്തുനിന്ന് അരുണിമ തിരിച്ചുപിടിച്ച എട്ടുമാസങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എത്രയോ പേര്‍ക്കുള്ള മാതൃകയാണ്. നിങ്ങള്‍ വേണമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് മുന്നോട്ടുനടക്കാം, എത്ര മോശം അവസ്ഥയിലാണെങ്കിലും, ആ അവസ്ഥയുടെ പരമാവധി ദൂരം നിങ്ങള്‍ക്ക് കീഴടക്കാമെന്ന ധൈര്യമാണ് അരുണിമ ഇപ്പോഴും പകര്‍ന്നുതന്നുകൊണ്ടിരിക്കുന്നത്. അതിനാലാണ് അരുണിമയെ ഓര്‍മ്മിച്ചുകൊണ്ട് നടി മഞ്ജു വാര്യരെഴുതിയ കുറിപ്പ്, ഓരോരുത്തരിലും 'ഇതുതന്നെയാണ് എനിക്കും അരുണിമയോട് പറയാനുള്ളത്' എന്ന തോന്നലുണ്ടാക്കുന്നത്. 

'ക്യാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരുപാട് പേര്‍ക്കുള്ള പ്രചോദനം... ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്. ഒരുപാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്..'- മഞ്ജു കുറിച്ചു.

 

click me!