
ഒക്ടോബര്‍ 15- ലോക കൈകഴുകല്‍ ദിനം. ലോകത്ത് കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകല്‍ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് അതി ജാഗ്രതയാണ് വേണ്ടത് എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'ജനസാന്ദ്രത വളരെ കൂടുതലുളള നമ്മുടെ കേരളത്തില്‍ രോഗവ്യാപനവും മരണനിരക്കും കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് ആരോഗ്യ സംവിധാനങ്ങളുടെ നേട്ടമാണ്. ഇതോടൊപ്പം ജനങ്ങള്‍ ബ്രേക്ക് ദ ചെയിന്‍ പ്രതിരോധ നടപടികള്‍ ശക്തമായി പാലിച്ചതും ഫലം കണ്ടു. വലിയ സ്വീകാര്യതയോടെയാണ് സ്ഥാപനങ്ങളും വ്യക്തികളും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ഏറ്റെടുത്തത്. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നതില്‍ ജാഗ്രതക്കുറവ് പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ത്വക്കില്‍ 9 മണിക്കൂര്‍ വരെ വൈറസ് നിലനില്‍ക്കുമെന്നും സ്പര്‍ശിക്കുന്ന ചില പ്രതലങ്ങളില്‍ ദീര്‍ഘ നാള്‍ വൈറസിന് ജീവനോടെയിരിക്കാനും രോഗം പകര്‍ത്താനും കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും.
ശ്വാസകേശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും.
കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. ഈ ലോക കൈകഴുകള്‍ ദിനത്തിലും എല്ലാവരും ഫലപ്രദമായി കൈകഴുകുന്നതിന്റെ നല്ലവശം മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതുണ്ട്'- മന്ത്രി കുറിച്ചു.
ഫലപ്രദമായി കൈ കഴുകാനുള്ള മാര്‍ഗങ്ങള്‍...
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക.
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക.
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക.
4. തള്ളവിരലുകള്‍ തേയ്ക്കുക.
5. നഖങ്ങള്‍ ഉരയ്ക്കുക.
6. വിരലുകളുടെ പുറക് വശം തേയ്ക്കുക.
7. കൈക്കുഴ ഉരയ്ക്കുക.
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.
Also Read:കൊവിഡ് 19; കൈ കഴുകല്‍ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും- വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam