
തിരുവന്തപുരം: കിംസിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശിയുടെ ഹൃദയം 16-കാരൻ ഹരിനാരായണനിൽ മിടിച്ചുതുടങ്ങി. ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എറണാകുളം ലിസി ആശുപത്രി അറിയിച്ചു. ഹൃദയം നൽകിയ സെൽവിന്റെ കുടംബത്തിനും സര്‍ക്കാറിനും പൊലീസിനും അടക്കം ഹരിനാരായണന്റെ അമ്മ നന്ദി പറഞ്ഞു.
മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖർ (36) ജീവനേകുന്നത് ആറുപേർക്കാണ്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നീ അവയവങ്ങളാണ് ദാനം നല്‍കിയിരിക്കുന്നത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചിരുന്നു.
മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചു. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.
ഹെലികോപ്ടര്‍ വഴിയാണ് സെൽവിന്റെ അവയവങ്ങൾ കൊച്ചിയിലെത്തിച്ചത്. ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി മുഖ്യമന്ത്രിയാണ് അവയവദാനം വേഗത്തലാക്കാനുള്ള നിര്‍ദേശം നൽകിയത്. ഹെലിപാടിൽ നിന്ന് ആശുപത്രിയിലേക്ക് അവയവങ്ങൾ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇതിന്റെ ഭാഗമായി പൊലീസും ഒരുക്കിയിരുന്നു.
ഹൃദയം പൊട്ടും വേദനയിലും ഗീത സമ്മതം മൂളി, നന്ദി അറിയിച്ച് മന്ത്രി വീണ; സെൽവിൻ ജീവനാകുക ആറു പേർക്ക്
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് സന്നദ്ധതയറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം