ആമാശയത്തിലെ 'അള്‍സര്‍'; ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുക...

Published : Jan 14, 2024, 09:48 AM IST
ആമാശയത്തിലെ 'അള്‍സര്‍'; ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുക...

Synopsis

അള്‍സര്‍ ബാധിച്ചവരുടെ ജീവിതനിലവാരം പിന്നീട് താഴേക്ക് താഴേക്കായി വരുന്നത് നമുക്ക് കാണാം. ജോലി, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ വ്യക്തിയുടെ വിവിധ തലങ്ങളിലുള്ള ജീവിതത്തെയും ഈ രോഗം ബാധിക്കും. 

മാറിവന്നിട്ടുള്ള ജീവിതരീതികള്‍ ഇന്ന് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം തീര്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ഭക്ഷണരീതികളില്‍ വന്നിട്ടുള്ള മാറ്റമാണ് ഏറെയും ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും തീര്‍ക്കുന്നത്. വീട്ടില്‍ പാചകം ചെയ്യുന്നത് കുറഞ്ഞ്- എപ്പോഴും പുറത്തുനിന്ന് ആഹാരം കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്- പ്രോസസ്ഡ് ഫുഡ്സ് എന്നിവ കാര്യമായി കഴിക്കുന്നതും, വ്യായാമമില്ലാതെ അമിതമായി കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമെല്ലാം പ്രശ്നമാണ്. 

ഇത്തരത്തില്‍ മാറിവന്നിട്ടുള്ള ജീവിതരീതികളുടെ ഭാഗമായി നിരവധി പേര്‍ അള്‍സര്‍ ബാധിച്ച് പ്രയാസപ്പെടുന്നുണ്ട്. ഭക്ഷണരീതിയിലെ പ്രശ്നങ്ങള്‍ മാത്രമല്ല സ്ട്രെസ് കൂടിച്ചേരുമ്പോഴാണ് അത് അള്‍സറിലേക്ക് നീങ്ങുന്നത്. സ്ട്രെസ് ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു.

ആമാശയത്തിനകത്ത് പുണ്ണ് ബാധിക്കുന്ന അവസ്ഥയാണ് അള്‍സര്‍. ആമാശയത്തിനകത്തെ സുരക്ഷാ ആവരണത്തെ തന്നെ ഈ പുണ്ണ് നശിപ്പിക്കുന്നു. വയറുവേദനയ്ക്കും കടുത്ത ദഹനപ്രശ്നങ്ങള്‍ക്കുമെല്ലാം അള്‍സര്‍ കാരണമാകുന്നു. 

അള്‍സര്‍ ബാധിച്ചവരുടെ ജീവിതനിലവാരം പിന്നീട് താഴേക്ക് താഴേക്കായി വരുന്നത് നമുക്ക് കാണാം. ജോലി, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ വ്യക്തിയുടെ വിവിധ തലങ്ങളിലുള്ള ജീവിതത്തെയും ഈ രോഗം ബാധിക്കും. 

ഭക്ഷണം കഴിച്ചയുടനെ തന്നെ വയറിന് അസ്വസ്ഥത, ടോയ്‍ലറ്റില്‍ പോകണമെന്ന തോന്നലുണ്ടാവുക, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടുന്നപക്ഷം ശ്രദ്ധിക്കുക. ഇത് അള്‍സറിന്‍റെ തുടക്കമാകാം. നെഞ്ചെരിച്ചില്‍, അമിതമായ ഗ്യാസ്, പുളിച്ചുതികട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങളും അള്‍സറിന്‍റെ തുടക്കത്തില്‍ കാണുന്നത് തന്നെയാണ്.

വയറിനകത്തെ എരിച്ചിലാണ് അള്‍സര്‍ മനസിലാക്കുന്നതിനുള്ള പ്രധാന ലക്ഷണം. എരിച്ചില്‍ അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെടാം. മിക്കപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയിലായിരിക്കും. ദഹനമില്ലാതെ പ്രയാസപ്പെടുന്നതും പതിവായി മാറും. പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍. 

വേദനയും ദഹനമില്ലായ്മയും ആണ് അള്‍സറിന്‍റെ 'ക്ലാസിക്' ലക്ഷണങ്ങളായി പറയപ്പെടുന്നത്. ഈ വേദന തന്നെ പൊക്കിളിന് മുകളിലേക്കും നെഞ്ചിന് താഴെയുമായ ഭാഗത്തായിരിക്കും അനുഭവപ്പെടുക. ഇതും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോ താല്‍ക്കാലിക ശമനമുണ്ടാവുമെങ്കിലും പിന്നെയും ഈ എരിച്ചില്‍ വരും. രാത്രിയില്‍ അസ്വസ്ഥതകള്‍ കൂടുന്നതും അള്‍സറില്‍ കാണാറുണ്ട്. 

അതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം. രക്തപരിശോധന, മല പരിശോധന, സ്കാനിംഗ് എന്നിങ്ങനെ പല രീതിയില്‍ അള്‍സര്‍ പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്.

Also Read:- നിങ്ങള്‍ക്ക് പാലിനോട് അലര്‍ജിയുണ്ടോ? ; ഇത് മനസിലാക്കാൻ ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക