
ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ പൊതുവേ ആളുകള്‍ക്കിടയില്‍ അവബോധം കുറവാണ്. എന്നാല്‍ ഈ വിഷയങ്ങളാകട്ടെ സ്വതന്ത്രമായി തുറന്നുപറയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഏറെ പേര്‍ക്കും മടിയാണുതാനും. പക്ഷേ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പോലെ തന്നെ പ്രധാനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് ലൈംഗികാരോഗ്യപ്രശ്നങ്ങളും.
പ്രത്യേകിച്ച് ലൈംഗികരോഗങ്ങളെ കുറിച്ചാണ് ആളുകളില്‍ വേണ്ടുംവിധം അവബോധമുണ്ടാകേണ്ടത്. എച്ച്ഐവി അണുബാധ പോലെ ഒന്നോ രണ്ടോ രോഗങ്ങളെ കുറിച്ച് മാത്രമാണ് മിക്കവരും കേട്ടിരിക്കുക. അതുതന്നെ അപൂര്‍ണമായ അറിവായിരിക്കും.
ഹ്യൂമണ്‍ പാപിലോമ വൈറസ് (എച്ച്പിവി), ക്ലമീഡിയ, ഗൊണേറിയ തുടങ്ങി പല ലൈംഗികരോഗങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ ജീവിതരീതി വച്ച് പ്രതിരോധിക്കാവുന്നതുമാണ്. ഇത്തരത്തില്‍ ലൈംഗികരോഗങ്ങളെ ചെറുക്കുന്നതിന് ചെയ്യേണ്ട, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക. ഇത് ഗര്‍ഭനിരോധനത്തിന് മാത്രമല്ല- ലൈംഗികരോഗങ്ങള്‍ ചെറുക്കുന്നതിനും ഏറെ സഹായകമാണ്. വളരെ എളുപ്പത്തില്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ് കോണ്ടം. അതുകൊണ്ട് തന്നെ ഇതിന്‍റെ ഉപയോഗത്തില്‍ നിന്ന് ആരും പിന്തിരിയേണ്ടതുമില്ല.
രണ്ട്...
ഇടവിട്ട് മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് എപ്പോഴും അസുഖങ്ങളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ തേടുന്നതിനുമെല്ലാം സഹായിക്കാറുണ്ട്. ലൈംഗികരോഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കഴിയുന്നതും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയരാവുക.
മൂന്ന്...
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനാല്‍ എപ്പോഴും സുരക്ഷാമാര്‍ഗങ്ങളോടെ മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുക. കാരണം ശരീരസ്രവങ്ങളിലൂടെ രോഗങ്ങള്‍ പകരാൻ വളരെ എളുപ്പമാണ്. ഇതിനുള്ള സാധ്യത പരമാവധി ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്.
നാല്...
വാക്സിനെടുക്കുന്നതും ലൈംഗികരോഗങ്ങളെ പ്രതിരോധിക്കാൻ നല്ലൊരു മാര്‍ഗമാണ്. എച്ച്പിവിക്ക് അടക്കം പല രോഗങ്ങള്‍ക്കും ഇന്ന് വാക്സിൻ ലഭ്യമാണ്.ഈ വാക്സിൻ മിക്ക ആശുപത്രികളിലും ക്ലിനിക്കുകളിലുമെല്ലാം ലഭ്യവുമാണ്.
അഞ്ച്...
ലൈംഗികബന്ധത്തിനായി പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. ലൈംഗികജീവിതത്തിലെ അച്ചടക്കം സദാചാരം എന്നതില്‍ക്കവിഞ്ഞ് ആരോഗ്യകാര്യങ്ങളിലെ സുരക്ഷ കൂടി കണക്കാക്കിയാണെന്ന് മനസിലാക്കുക. അതുപോലെ തന്നെ ലഹരി ഉപയോഗിച്ച ശേഷമുള്ള ലൈംഗികബന്ധത്തിലേക്കും അങ്ങനെ ചെന്നെത്താതിരിക്കാൻ ഏറെ ശ്രദ്ധിക്കുക. ഈ ഘടകങ്ങളെല്ലാം ആരോഗ്യത്തിന് നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് മനസിലാക്കുക.
Also Read:- ഓര്‍മ്മശക്തിയും ചിന്താശേഷിയും കുറയുന്നുവോ? ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...