​ഗർഭിണികളുടെ ശ്രദ്ധയ്ക്ക്; ഒരു ദിവസം എത്ര ​ഗ്ലാസ് വെള്ളം കുടിക്കാറുണ്ട്...?

By Web TeamFirst Published Oct 10, 2019, 6:55 PM IST
Highlights

ഗർഭകാലത്ത് ദിവസവും 10 മുതൽ 13 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒറ്റത്തവണ വലിയ അളവിൽ വെള്ളം കുടിക്കാതെ ഇടവേളകളിൽ കുറച്ചു കുറച്ചായി വെള്ളം കുടിക്കുക. 

​ഗർഭകാലത്ത് സാധാരണ കുടിക്കുന്നതിന്റെ ഇരട്ടിയോളം വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മറ്റെന്തിനേക്കാളും ഉപരി ഗർഭകാലത്ത് വെള്ളം കുടിക്കുന്നതിന് പ്രാധാന്യം നൽകണം. ഗർഭാവസ്ഥയിൽ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം നല്ലതാണ്. ​ഗ​ർഭകാലത്ത് ധാരാളം വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന പോഷകങ്ങളും ധാതുക്കളും ആഗീരണം ചെയ്യാനും കോശങ്ങളിൽ എത്തിക്കാനും വെള്ളത്തിന് സാധിക്കുന്നു. അതിനാൽ പോഷകങ്ങളുടെ ഗുണങ്ങൾ ചോരാതെ ശരീരത്തിന് ലഭിക്കും. ഗർഭിണികളിൽ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും മറ്റും എത്തിക്കുന്ന ഉത്തരവാദിത്തം വെള്ളത്തിനാണ്. അതിനാൽ ധാരാളം വെള്ളം ഈ സമയത്ത് കുടിക്കണം. അല്ലാത്ത പക്ഷം കുഞ്ഞിന്റെ വളർച്ചയേയും ആരോഗ്യത്തേയും അത് ബാധിച്ചേക്കാം. 

രണ്ട്...

ഗർഭിണികൾക്ക് ഉണ്ടാകാറുള്ള മൂത്ര സംബന്ധമായ പല ഇൻഫെക്ഷനുകളും വെള്ളം കുടിക്കാത്തത് മൂലം ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകങ്ങൾ എത്തിക്കുന്നത് പോലെ തന്നെ, ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതും വെള്ളമാണ്. മൂത്രത്തിലൂടെയാണ് ഇവ പുറത്തുപോകുന്നത്. നന്നായി വെള്ളം കുടിക്കാത്ത ഗർഭിണികൾക്ക് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കാതെ വരും. ഇത് വ്യക്കകളെയും മറ്റും സാരമായി ബാധിക്കും. ഗർഭസ്ഥ ശിശുവിനടക്കം അപകടം വിളിച്ചു വരുത്താൻ സാധ്യതയുണ്ട്. 

മൂന്ന്...

പൊതുവെ ഗർഭിണികളായിരിക്കുമ്പോൾ സ്ത്രീകൾക്ക് തളർച്ചയും ക്ഷീണവും പതിവാണ്. പെട്ടെന്ന് മൂഡ് ചെയ്ഞ്ച് ഉണ്ടാകുന്നതും സാധാരണയാണ്. എന്നാൽ ഇതിൽ നിന്നും രക്ഷനേടാനും വെള്ളത്തെ ആശ്രയിക്കാം. ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമ്പോഴാണ് പലപ്പോഴും തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത്. ശരീര ഊഷ്മാവ് വർധിക്കുന്നതായും കാണാറുണ്ട്. നന്നായി വെള്ളം കുടിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ള ഗർഭിണികളെ അപേക്ഷിച്ച് ഇത്തരം ക്ഷീണവും തളർച്ചയും കുറവായിരിക്കും. 

നാല്...

ഭ്രൂണത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് ആംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്. ഇത് കുഞ്ഞിന ഗർഭപാത്രത്തിൽ സംരക്ഷിച്ചു നിർത്തുന്നതിനൊപ്പം, ഗർഭപാത്രത്തിൽ കുഞ്ഞിന് ചലിക്കാനുള്ള സാഹചര്യവും ഒരുക്കി നൽകുന്നു. എന്നാൽ ഗർഭിണികളിലുണ്ടാകുന്ന നിർജലീകരണം ഫ്ളൂയിഡിന്റെ സാന്നിധ്യം ഇല്ലാതാക്കുകയും കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂകയുള്ളൂ. 

വെള്ളം ധാരാളം കുടിക്കണമെന്ന് ഡോക്ടമാർ പറയുമ്പോഴും എത്ര ​ഗ്ലാസ് വെള്ളം കുടിക്കണമെന്നതിനെ പറ്റി പലർക്കും സംശയം ഉണ്ടാകും. ഗർഭകാലത്ത് ദിവസവും 10 മുതൽ 13 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒറ്റത്തവണ വലിയ അളവിൽ വെള്ളം കുടിക്കാതെ ഇടവേളകളിൽ കുറച്ചു കുറച്ചായി വെള്ളം കുടിക്കുക. ഇതിലൂടെ നാം അറിയാതെ തന്നെ ധാരാളം വെള്ളം നമുക്കുള്ളിൽ എത്തുന്നു. ​

click me!