പാമ്പുകടിയേൽക്കുമ്പോൾ മരണം സംഭവിക്കുന്നതെങ്ങനെ?

Published : May 24, 2020, 02:49 PM ISTUpdated : May 24, 2020, 02:57 PM IST
പാമ്പുകടിയേൽക്കുമ്പോൾ മരണം സംഭവിക്കുന്നതെങ്ങനെ?

Synopsis

ഇരകളെ ചലന രഹിതമാക്കാനും, അവയുടെ ദഹനം എളുപ്പത്തിലാക്കാനും, അപകടം വരുന്ന അവസരങ്ങളിൽ ആത്മരക്ഷാർത്ഥം ശത്രുവിനെതിരെ പ്രയോഗിക്കാനുമാണ് പാമ്പിന് അതിന്റെ വിഷം  ഉപകരിക്കുന്നത്.

പാമ്പുകടി ഏറെ അപകടകരമാണ്. ലോകത്തെമ്പാടുമായി പാമ്പുകടിയേറ്റുമാത്രം ഒരു ലക്ഷത്തിൽപരം പേർ കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇരകളെ ചലന രഹിതമാക്കാനും, അവയുടെ ദഹനം എളുപ്പത്തിലാക്കാനും, അപകടം വരുന്ന അവസരങ്ങളിൽ ആത്മരക്ഷാർത്ഥം ശത്രുവിനെതിരെ പ്രയോഗിക്കാനുമാണ് പാമ്പിന് അതിന്റെ വിഷം എന്ന സൂട്ടോക്സിൻ ഉപകരിക്കുന്നത്. മനുഷ്യരുടെ കാര്യത്തിൽ അവസാനം പറഞ്ഞതാണ് നടപ്പിലാക്കുന്നത്. 


എന്താണ് പാമ്പിൻവിഷത്തിലുള്ള വിഷാംശം?

 കടിച്ച പാമ്പിന്റെ ഇനത്തിനനുസരിച്ച് വ്യത്യസ്തമായ ദോഷഫലങ്ങൾ മനുഷ്യ ശരീരത്തിൽ ഏൽപ്പിക്കുന്ന നൂറുകണക്കിന് പ്രോട്ടീനുകളാണ് പാമ്പിൻ വിഷത്തിലുള്ളത്. ഒരേ ഇനത്തിൽ പെട്ട രണ്ടു പാമ്പുകൾക്ക് പോലും ഒരേ തീവ്രതയുള്ള വിഷമാകില്ല ഉണ്ടാവുക. എന്നാലും, പാമ്പിൻ വിഷം ഏൽപ്പിക്കുന്ന ആഘാതങ്ങളെ രണ്ടു തരത്തിലായി നമുക്ക് വേർതിരിച്ച് പറയാം. ഒന്ന്, രക്തചംക്രമണത്തെ ബാധിക്കുന്നത്. രണ്ട്, നാഡീവ്യൂഹത്തിന്റെ പ്രവർത്തങ്ങൾ ബാധിക്കുന്നത്.

 

 

ഹീമോടോക്സിക് ഗണത്തിൽ പെട്ട പാമ്പിൻ വിഷങ്ങൾ നേരെ കലരുന്നത് രക്തത്തിലാണ്. അവ, നിരന്തരമായി ഒഴുകുന്ന രക്തത്തിൽ കുഞ്ഞുകുഞ്ഞു ക്ളോട്ടുകൾ (കട്ടപിടിക്കൽ) ഉണ്ടാക്കുന്നു. ഒപ്പം പാമ്പിന്റെ പല്ലു കൊണ്ട് ഉണ്ടാകുന്ന മുറിവിലൂടെ രക്തസ്രാവവും ഉണ്ടാകുന്നു. മറ്റു ചില വിഷങ്ങൾ രക്തസമ്മർദ്ദം ഏറ്റുന്നു, ചിലത് രക്തസമ്മർദ്ദം താഴ്ത്തുന്നു, അങ്ങനെ ഫലങ്ങൾ എന്തൊക്കെയായാലും അതൊക്കെ  ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്.

 

ന്യൂറോടോക്സിക് എന്ന രണ്ടാമത്തെ ആഘാതമുണ്ടാക്കുന്ന തരം പാമ്പിൻ വിഷങ്ങൾ ശരീരത്തെ ബാധിക്കുക കൂടുതൽ വേഗത്തിലാണ്. അത് തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ന്യൂറോ സിഗ്നലുകൾ നമ്മുടെ പേശികളിൽ എത്തുന്നത് തടയുന്നു. അത് ശരീരത്തിലുണ്ടാക്കുക പക്ഷാഘാതത്തിന് സമാനമായ ഫലങ്ങളാണ്. തലയിൽ തുടങ്ങി കീഴ്പ്പോട്ടുള്ള എല്ലാ ഭാഗവും ഈ ആഘാതത്തിന് വശംവദമാകും. ഒടുവിൽ ശ്വാസകോശത്തിലെ ഡയഫ്രം വരെ  പാരലൈസ് ആയി ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ കടിയേറ്റയാൾ മരിച്ചു പോകുന്നു. 'എലാപ്പിഡേ' എന്നറിയപ്പെടുന്ന ഇനത്തിൽ പെട്ട 270 ലധികം പാമ്പുകളിൽ ഒന്നാണ് മൂർഖൻ അഥവാ കോബ്ര എന്ന് പറയുന്നത്. ന്യൂറോ ടോക്സിക് ആയിട്ടുള്ള വിഷയങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് കരിമൂർഖന്റേത്. 

പാമ്പുകടിയുടെ മറ്റു ദോഷഫലങ്ങൾ

പാമ്പുകടിയേറ്റാൽ ഈ രണ്ട് ആഘാതങ്ങൾക്കൊപ്പം കടിയേറ്റ മുറിവിന്റെ വായ്ക്ക് ചുറ്റുമായി നെക്രോസിസ് എന്ന് പറയുന്ന ഒരു പ്രശ്നം കൂടി സംഭവിക്കാം. വിഷം കാരണം മുറിവായ്ക്ക് അടുത്തുള്ള കോശങ്ങളും, പേശികളും, സെല്ലുകളും ഒക്കെ നശിക്കുന്ന പ്രതിഭാസമാണ് നെക്രോസിസ്. സമയത്തിന് ആന്റിവെനം നൽകിയില്ലെങ്കിൽ ഇത് ആ ഭാഗം മുറിച്ചു കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ വിരലുകൾ, കൈകാലുകൾ എന്നിവ ആംപ്യൂട്ട് ചെയ്യേണ്ടി വന്ന കേസുകളുണ്ട്. 

 

 

പ്രകൃതിയിൽ കാണുന്ന, എട്ടുകാലികൾ, തേളുകൾ, പഴുത്തറകൾ, ജെല്ലി ഫിഷ് തുടങ്ങിയ  മറ്റുള്ള ഏതൊരു വിഷജീവികളെക്കാളും കൂടുതലായി മനുഷ്യരുമായി അടുത്ത് ഇടപെടാനുള്ള സാധ്യത പാമ്പുകൾക്കുണ്ട്.  മനുഷ്യവാസമുള്ള ഒരുവിധം എല്ലായിടത്തും പാമ്പുകളുടെയും സാന്നിധ്യമുണ്ട് എന്നതാണ് ഒരു കാരണം. മണ്ണിൽ പതുങ്ങി ഇരിക്കുന്ന, മിക്കവാറും മണ്ണിന്റെ നിറത്തോട് സാമ്യമുള്ള നിറമുള്ള ഈ ഇഴജന്തുക്കൾ സാധാരണ നമ്മുടെ കണ്ണിൽ പെടാനുള്ള സാധ്യത കുറവാണ്. കൃഷിപ്പണി ചെയ്യുന്നവർ, മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികൾ, മരപ്പണിക്കർ, കെട്ടിടം തൊഴിലാളികൾ, കൊച്ചു കുട്ടികൾ തുടങ്ങി പലരും അറിയാതെ പാമ്പുകളുടെ മേൽ പോയി ചവിട്ടി അവയുടെ കടി വാങ്ങി മരണപ്പെടാറുണ്ട്. 

ലോകത്തെമ്പാടുമായി വർഷാവർഷം അഞ്ചുലക്ഷത്തിലധികം പേർ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെടാറുണ്ട് എന്നാണ് കണക്ക്. അതിൽ ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെടാറുണ്ട്. ബാക്കി നാലു ലക്ഷം പേരിൽ വലിയൊരു ഭാഗത്തിന് അവരുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെയും, അതിനെ തുരത്താൻ വേണ്ടി കുത്തിവെക്കപ്പെടുന്ന ആന്റി വെനത്തിന്റെയും ദോഷഫലങ്ങൾ പിന്നീടങ്ങോട്ടും അനുഭവിക്കേണ്ടി വരാറുണ്ട്. വൃക്കയാണ് പാമ്പിൻ വിഷത്താൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു ആന്തരികാവയവം. യഥാർത്ഥത്തിലുള്ള കണക്കുകൾ ഒരു ലക്ഷത്തിലും വളരെ അധികമാകാനാണ് സാധ്യത. കാരണം ഇക്കാര്യത്തിൽ റിപ്പോർട്ടിങ് വളരെ കുറവാണ് എന്നതാണ് യാഥാർഥ്യം.

എന്താണ് ചികിത്സ ?

ആന്റി വെനം എന്നാണ് പാമ്പിൻവിഷത്തിനുള്ള മറുമരുന്ന് അറിയപ്പെടുന്നത്. ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്ന് വിഷം ശേഖരിച്ച്, അവയുടെ സാന്ദ്രത കുറച്ച് ചെമ്മരിയാടുകളിലും, കുതിരകളിലും കുത്തിവെച്ച ശേഷം അവയുടെ ശരീരത്തിൽ ആ വിഷത്തിനെതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ ശേഖരിച്ചാണ് ആന്റിബോഡി എന്ന മരുന്നുണ്ടാക്കിയെടുക്കുന്നത്. വളരെ വിലപിടിപ്പുള്ള മരുന്നാണ് ഇത്. വളരെ കുറഞ്ഞ അളവിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. 

 

വെള്ള/മഞ്ഞനിറത്തിലുള്ള  ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത് പാമ്പുകളുടെ കണ്ണുകൾക്ക് പിന്നിലുള്ള ഒരു ഗ്രന്ഥിയിലാണ്. അവിടെ നിന്ന് ഒരു ചെറിയ നാളിയിലൂടെ നേരെ പാമ്പിന്റെ കടിക്കുന്ന പല്ലുകളിലേക്ക് എത്തുന്നു. കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിലൂടെ ഈ വിഷം ഇരയുടെ രക്തത്തിൽ കലരുകയും ചെയ്യുന്നു. ഒരു സിറിഞ്ച് പോലെയാണ് ഈ പല്ലുകൾ പ്രവർത്തിക്കുക. കടിക്കലും വിഷം പകരലും ഒക്കെ നിമിഷനേരം കൊണ്ട് കഴിഞ്ഞിരിക്കും. കടി കിട്ടിയേടത്തു മുറിവ് വലുതാക്കുക, വിഷം ഉറിഞ്ചിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത്. നേരെ ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് ഒരേയൊരു മാർഗം.  അവിടെ നിന്ന് ആന്റിവെനം കുത്തിവെച്ചാൽ മാത്രമാണ് വിഷം രോഗിയുടെ മരണത്തിന് കാരണമാകാതെ നോക്കാനാകൂ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും കഴിക്കണം, കാരണം
ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു