
ശരീരഭാരം കൂട്ടാൻ വളരെ എളുപ്പമാണ്. എന്നാൽ ഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല. എന്ത് കൊണ്ടാണ് അങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. എവിടെയാണ് നിങ്ങളുടെ പ്ലാനിങ് തെറ്റിയത്. ഭാരം കുറയ്ക്കാന്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...
ഒന്ന്...
ഉറക്കവും അമിതവണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് നാഷണൽ സ്‌ലീപ്പ് ഫൗണ്ടേഷന്റെ കണ്ടുപിടുത്തം. ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുമത്രേ. കൗമാരപ്രായത്തിലുള്ളവർക്ക് ശരാശരി 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്. യുവതീയുവാക്കൾക്ക് ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെയും ഉറക്കം ലഭിക്കണം.
നാഷണൽ സ്‌ലീപ്പ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ 31 ശതമാനം കൗമാരക്കാരും വെറും എട്ടുമണിക്കൂർ മാത്രമേ ഉറങ്ങുന്നുള്ളു. ചെറുപ്പക്കാരിൽ 30 ശതമാനവും കേവലം ആറു മണിക്കൂർ മാത്രം ഉറങ്ങുന്നവരാണ്. ഉറക്കക്കുറവു മൂലം അമിതവണ്ണം മുതൽ ഹൃദ്രോഗം വരെ പിടിപെട്ടേക്കാം. ശരീരം നല്ല ഫിറ്റ്നസോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇനി മുതൽ ഉറങ്ങുന്നതിന് ആവശ്യത്തിന് സമയം മാറ്റിവയ്ക്കുക തന്നെ വേണം.
രണ്ട്...
ആരോഗ്യകരമായ ഒരു ഡയറ്റാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടത്. ഒരു കാരണവശാലും പട്ടിണി കിടന്നോ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയോ ഡയറ്റ് ചെയ്യുന്നത് ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉച്ചയ്ക്ക് അമിത ആഹാരം കഴിച്ചെന്ന് വരാം.
മൂന്ന്...
മൂന്ന് മാസത്തിനുള്ളിൽ അല്ലെങ്കിൽ ആറ് മാസത്തിനുള്ള തടി കുറയ്ക്കുമെന്നൊക്കെ പറയുന്ന ചിലരുണ്ട്. തടി കുറയ്ക്കാനായി ഡെഡ് ലെെൻ ഒരു കാരണവശാലും വയ്ക്കരുത്. ഭാരം ക്രമേണ മാത്രമേ കുറയൂ എന്നത് ആദ്യം ഓർക്കുക. ഡെഡ് ലൈന്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കൂട്ടാന്‍ മാത്രമേ സഹായിക്കു എന്നതാണ് ഓർക്കേണ്ടത്.
നാല്...
ഭാരം കുറയ്ക്കാൻ പഞ്ചസാര അല്ലെങ്കിൽ ചോറ് പൂർണമായി ഒഴിവാക്കണമെന്ന് പറയാറുണ്ട്. പൂർണമായി ഒഴിവാക്കിയില്ലെങ്കിലും പ്രശ്നമില്ല. അൽപം അൽപമായി കുറച്ചാൽ മതിയാകും. മൂന്ന് സ്പൂൺ പഞ്ചസാര എന്നുള്ളത് ഒരു സ്പൂൺ ആക്കുക. ചോറിന്റെ അളവ് കുറയ്ക്കുക, വെള്ളം ധാരാളം കുടിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
അഞ്ച്...
സ്‌ട്രെസ് എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ്. സ്ട്രെസ് ഉണ്ടെങ്കിൽ ഭാരം കുറയ്ക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അനാവശ്യമായ സ്ട്രെസ് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണാണ് അമിത വിശപ്പുണ്ടാക്കുന്നത്. ആളുകള്‍ വാരിവലിച്ച് കഴിക്കുമ്പോൾ വണ്ണം വയ്ക്കുകയും ചെയ്യും. മാത്രമല്ല പിരിമുറുക്കമുണ്ടാക്കുന്ന ശൂന്യതാ ബോധം ഒഴിവാക്കാന്‍ ചിലര്‍ കൂടുതല്‍ കൊഴുപ്പുഭക്ഷണങ്ങള്‍ കഴിക്കും.