
ദില്ലി: കൊവിഡ് മൂലമുള്ള മരണം കുറയ്ക്കുന്നതില്‍ വൃത്തിക്ക് പങ്കുണ്ടോ? കൊവിഡ് മരണനിരക്ക് കുറയുന്നതില്‍ വൃത്തിക്കുറവിനും വെള്ളത്തിന്‍റെ നിലവാരക്കുറവിനും പങ്കുണ്ടെന്ന് അവകാശവാദവുമായി ഗവേഷകര്‍. വൃത്തിയും നിലവാരമുള്ള ജലവുമുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തിക്കുറവ് ഉള്ള പ്രദേശങ്ങളില്‍ കൊവിഡ് മരണനിരക്ക് കുറയുന്നതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്‍റര്‍ ഫോര്‍ സെല്‍ സയന്‍സിന്‍റെയും ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേയും പഠനത്തിലാണ് നിര്‍ണായക നിരീക്ഷണം. സിഎസ്ഐആര്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതല്‍ ശുചിത്വമുള്ള രാജ്യങ്ങളില്‍ മരണനിരക്ക് കൂടുന്നതായും പഠനം വിശദമാക്കുന്നു. ഇന്ത്യയിലെ കേസ് ഫേറ്റലിറ്റി റേറ്റ് 1.5 ആണ്, അതേസമയം ശുചിത്വത്തില്‍ മുന്നിലുള്ള ബ്രിട്ടനിലും ഇറ്റലിയിലും ഇത് യഥാക്രമം 5.5ഉം 8.1ഉം ആണ്. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്ന മരണം 117306ആണ്. രാജ്യത്ത് കൊവിഡ് ബാധിതരായിരിക്കുന്നത് 7761312 പേരാണ്. സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ പിന്നിലുള്ള ബിഹാറില്‍ കൊവിഡ് മരണനിരക്ക് 0.5 ശതമാനമാണ്. ഇത് ദേശീയ ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ്. കേരളം, തെലങ്കാന, അസം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കൊവിഡ് മരണനിരക്ക് പുരോഗതിയിലും വികസനത്തിലും മുന്നിലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളേക്കാളും പിന്നിലാണ്.
ശുചിയായ സാഹചര്യം ശരീരത്തിലെ പ്രതിരോധ ശക്തിക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ബാക്ടീരിയ, പാരസൈറ്റിക് അസുഖങ്ങള്‍ ഭാവിയിലെ അസുഖങ്ങളെ തടയാന്‍ സഹായിക്കുമെന്നാണ് പ്രതിരോധശക്തിയെ സംബന്ധിക്കുന്ന നിരവധി പഠനങ്ങള്‍ വിശദമാക്കുന്നതെന്നാണ് ഈ ഗവേഷകര്‍ അവകാശപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്കും രോഗബാധയുടേയും കണക്കുകളെ മുന്‍ നിര്‍ത്തിയുള്ള ഗവേഷകരുടെ അനുമാനമാണ് ഇതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam