
സ്മാര്‍ട് ഫോണുകളുടെ വരവോട് കൂടി മൊബൈല്‍ ഉപയോഗം അപകടകരമായ രീതിയില്‍ വര്‍ധിച്ചിരുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഇതിനിടെ കൊവിഡ് 19ന്റെ വരവും അതിനെ തുടര്‍ന്നുള്ള സാമൂഹിക നിയന്ത്രണങ്ങളും കൂടി എത്തിയതോടെ ആളുകള്‍ മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്നത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ ക്ലാസുകളും ഓഫീസ് മീറ്റിംഗുകളും തുടങ്ങി പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അന്വേഷിക്കല്‍ വരെയുള്ള വ്യക്തിപരവും ഔദ്യോഗികവുമായ ആവശ്യങ്ങളെല്ലാം തന്നെ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും മുഖാന്തിരമായി മാറി.
ഇത്തരത്തില്‍ മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു പ്രശ്‌നത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്.
എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.
കണ്ണിനുള്ളിലെ ലെന്‍സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അസുഖമാണ് തിമിരം. വേദനയില്ലാതെ വളരെ പതിയെ മാത്രമാണ് തിമിരം വ്യക്തികളെ പിടികൂടുക. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാനും പരിഹാരം കണ്ടെത്താനും പലപ്പോഴും വൈകിപ്പോകുന്ന സാഹചര്യങ്ങളുമുണ്ടാകാം.
കണ്ണ് എപ്പോഴും ക്ഷീണിച്ചിരിക്കുക, തലവേദന, വായിക്കുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ അതിലേക്ക് ശ്രദ്ധ നല്‍കാനാകാതിരിക്കുക, കണ്ണ് 'ഡ്രൈ' ആയി മാറുക, അസ്വസ്ഥത അനുഭവപ്പെടുക, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അധികരിച്ച സ്‌ക്രീന്‍ ടൈം മൂലമുണ്ടാകാവുന്നതാണ്. ഇതില്‍ കാഴ്ച മങ്ങുന്ന പ്രശ്‌നം ഏറെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ഭമുണ്ടായാല്‍ അത് ക്രമേണ തിമിരത്തിലേക്ക് നയിച്ചേക്കാം.
അനാരോഗ്യകരമായ ഭക്ഷണരീതി, കണ്ണില്‍ പരിക്ക്, പ്രമേഹം, എപ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുക, റേഡിയേഷന്‍ ഏല്‍ക്കുക, കണ്ണിന് അധികസമ്മര്‍ദ്ദമേല്‍പിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം തിമിരത്തിലേക്ക് വ്യക്തികളെ എത്തിച്ചേക്കാം. ഇതിന് പുറമെ പാരമ്പര്യമായും ചിലര്‍ക്ക് തിമിരം കിട്ടാറുണ്ട്.
എന്തായാലും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിലൂടെ വലിയൊരു പരിധി വരെ തിമിരം പോലുള്ള കാഴ്ചാപ്രശ്‌നങ്ങളില്‍ നിന്ന് കണ്ണുകളെ രക്ഷപ്പെടുത്താനാകുമെന്ന് തന്നെയാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. അതിനാല്‍, എത്ര ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞാലും കണ്ണിന് മൊബൈല്‍/ലാപ്‌ടോപ്/ ഡെസ്‌ക്ടോപ്/ടെലിവിഷന്‍ സ്ക്രീനുകളില്‍ നിന്ന് കൃത്യമായ വിശ്രമം നല്‍കാന്‍ എപ്പോഴും പ്രത്യേക കരുതലെടുക്കുക.
Also Read:- കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിലുണ്ടാക്കാം കിടിലനൊരു ജെല്‍!...