ചുരുങ്ങിയ സമയം കൊണ്ട് വണ്ണം കുറയ്ക്കുന്നത് അപകടമോ?

By Web TeamFirst Published Mar 16, 2019, 2:34 PM IST
Highlights

സാധാരണഗതിയില്‍ ഒരാള്‍ക്ക് ആഴ്ചയില്‍ 500 ഗ്രാം മുതല്‍ ഒരു കിലോ വരെ ഭാരമാണ് കുറയ്ക്കാനാവുക. (ഇതില്‍ ചിലരുടെ ശരീരപ്രകൃതത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം). അങ്ങനെയാണെങ്കില്‍ 50 കിലോ കുറയ്ക്കണമെങ്കില്‍ കുറഞ്ഞത് 50 ആഴ്ചയെങ്കിലും എടുക്കണം

അമിതവണ്ണമുള്ളവരെ സംബന്ധിച്ച് അവര്‍ നിരന്തരം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. വണ്ണം കുറയ്ക്കാനാണെങ്കില്‍ അത്ര എളുപ്പമല്ലതാനും. എങ്കിലും ചിലരുണ്ട്. തീരുമാനമെടുത്തുകഴിഞ്ഞാല്‍, പിന്നെ എത്രയും പെട്ടെന്ന് മെലിഞ്ഞുകിട്ടാന്‍ വേണ്ടി എന്തും ചെയ്യും. 

ഡയറ്റിനും വ്യായാമത്തിനുമെല്ലാം ഒപ്പം ഇതിനായി പ്രത്യേകം മരുന്നുകള്‍ വരെ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് വണ്ണം കുറയ്ക്കുന്നത് ശരീരത്തിന് അപകടമാണോ?

എളുപ്പത്തില്‍ വണ്ണം കുറയ്ക്കുന്നത്...

സാധാരണഗതിയില്‍ ഒരാള്‍ക്ക് ആഴ്ചയില്‍ 500 ഗ്രാം മുതല്‍ ഒരു കിലോ വരെ ഭാരമാണ് കുറയ്ക്കാനാവുക. (ഇതില്‍ ചിലരുടെ ശരീരപ്രകൃതത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം). അങ്ങനെയാണെങ്കില്‍ 50 കിലോ കുറയ്ക്കണമെങ്കില്‍ കുറഞ്ഞത് 50 ആഴ്ചയെങ്കിലും എടുക്കണം. 

എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കിലോയൊക്കെ കുറയ്ക്കുന്നവരുണ്ട്. ഇങ്ങനെ എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുന്നതിനൊപ്പം ഒരുപക്ഷേ ഇവര്‍ പേശീകലകളെയും എരിച്ചുകളഞ്ഞേക്കാം. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കും. കൂടാതെ നിര്‍ജലീകരണം, പോഷകക്കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകാന്‍ ഇടയുണ്ട്. 

അതുപോലെ തന്നെ, എളുപ്പത്തില്‍ വണ്ണം കുറയ്ക്കുമ്പോഴുള്ള ഒരു പ്രശ്‌നം നമ്മള്‍ കുറയ്ക്കുന്ന വണ്ണം അങ്ങനെ തന്നെ തിരിച്ചുവരാന്‍ സാധ്യതയുണ്ട് എന്നതാണ്. കുറച്ച അതേ അളവില്‍ മാത്രമായിരിക്കില്ല, ഒരുപക്ഷേ അതിനെക്കാള്‍ അധികമായും ഇത് തിരിച്ചുവരാന്‍ സാധ്യതകളുണ്ട്. 

വണ്ണം കുറയ്ക്കാന്‍...

ശരീരവണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം തന്നെ ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തണം. അല്ലെങ്കില്‍ അവരവര്‍ക്ക് അനുയോജ്യമായ ഡയറ്റ് കണ്ടെത്തണം. ഇതൊരിക്കലും സ്വന്തമായി തീരുമാനിക്കരുത്, കാരണം ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളുടെ കുറവ് വരാതെ വേണം ഡയറ്റ് തീരുമാനിക്കാന്‍. അതിന് നമ്മുടെ അറിവ് പോരെന്നും ഒരു ഡയറ്റീഷ്യനോ ഫിസീഷ്യനോ തന്നെ വേണമെന്നും മനസ്സിലാക്കുക. 

രണ്ടാമതായി വര്‍ക്കൗട്ടുകള്‍ നിശ്ചയിക്കാം. അതിനും ഒരു ട്രെയിനറുടെ സഹായം തേടാം. കഴിവതും മറ്റ് മരുന്നുകള്‍ വണ്ണം കുറയ്ക്കാനായി എടുക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. സമയമെടുത്ത് വണ്ണം കുറയ്ക്കുമ്പോള്‍ അത് ഒരുപാട് സമയത്തേക്ക് നിലനിര്‍ത്താനാകും എന്ന കാര്യം മറക്കാതിരിക്കുക. അതിനാല്‍ ആരോഗ്യപരമായ രീതികളിലൂടെ മാത്രം വണ്ണം കുറയ്ക്കാന്‍ എപ്പോഴും കരുതുക. 

click me!