'ജൻ ഔഷധി' ഷോപ്പുകളിലൂടെ ഇനി അരിഷ്ടവും, കുഴമ്പും, ച്യവനപ്രാശവുമെല്ലാം വിൽക്കാം; അനുമതി നൽകി ആയുഷ് വകുപ്പ്

By Web TeamFirst Published Jun 16, 2020, 2:32 PM IST
Highlights

പല സംസ്ഥാനങ്ങളും അവരുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആയുർവേദ മരുന്നുകളെയും ആശ്രയിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ആയുർവേദ മരുന്നുകൾക്ക് രാജ്യവ്യാപകമായി ഉണ്ടായ ഡിമാൻഡ് പരിഗണിച്ചാണത്രെ ഈ നടപടി

ദില്ലി : പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ ഇന്നുമുതൽ ഇരുപതിനം ആയുർവേദ മരുന്നുകളുടെ വില്പന നടത്താൻ കേന്ദ്ര ആയുഷ് മന്ത്രാലയം  അംഗീകാരം നൽകി എന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ അനുമതി പ്രവർത്തികമാകുന്നതോടെ ആംല, ത്രിഫല, അശ്വഗന്ധ, ച്യവനപ്രാശം, അരിഷ്ടങ്ങൾ, ഗുഗ്ഗുലു, ചൂർണ്ണം, തൈലം, ഗുളിക തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ഇരുപതോളം മരുന്നുകൾ ഇനി ജൻ ഔഷധി മരുന്നുഷോപ്പുകൾ വഴി ലഭിച്ചു തുടങ്ങും. 

 2008 -ൽ യുപിഎ സർക്കാർ  'ജൻ ഔഷധി യോജന'(JAY) എന്നപേരിൽ തുടങ്ങിവെച്ച്, 2015 -ൽ നരേന്ദ്രമോദി സർക്കാർ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) എന്ന പേരിൽ റീലോഞ്ച് ചെയ്ത, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള ഈ പദ്ധതിയുടെ സ്ഥാപിത ലക്ഷ്യങ്ങളിൽ നിന്നുള്ള കാര്യമായ ഒരു വ്യതിയാനമാകും ഈ ഉത്തരവ്. ഇതുവരെ ജനറിക് ആയ അലോപ്പതി മരുന്നുകൾ മാത്രമേ  ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ വഴി വിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) പദ്ധതി പ്രകാരം 5500 ഫാർമസി ഔട്ട്ലെറ്റുകൾ ഉണ്ട്. ഈ ഷോപ്പുകൾ വഴി തുടക്കത്തിൽ ഇരുപത് ആയുർവേദ മരുന്നുകൾ മാത്രമേ വിൽക്കാൻ അനുമതിയുള്ളൂ. ഈ നടപടിയിലൂടെ ഇപ്പോൾ തന്നെ 50-90% വിലക്കിഴിവിൽ മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) പദ്ധതിക്ക് ലഭിക്കുന്ന വലിയൊരു പിന്തുണയാകും ഈ നടപടി എന്നും അദ്ദേഹം പറഞ്ഞു.

അധികം താമസിയാതെ ആയുഷ് മന്ത്രാലയം ഈ ഇരുപതിനത്തിൽ പെട്ട മരുന്നുകൾക്കുള്ള ടെൻഡറുകൾ വിളിക്കും.WHO-GMP അംഗീകാരമുള്ള, അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യശാലകളുടെ ഉത്പന്നങ്ങളാണ് ടെണ്ടർ വഴി ജൻ ഔഷധി മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാക്കുക  എന്ന് ബ്യൂറോ ഓഫ് ഫാർമ പിഎസ്‌യുസ് ഇൻ ഇന്ത്യ - Bureau of Pharma PSUs of India (BPPI) - സിഇഒ ആയ സച്ചിൻ സിംഗ് പ്രിന്റിനോട് പറഞ്ഞു. കൊവിഡ് വ്യാപനത്തിന് ശേഷം ആയുർവേദ മരുന്നുകൾക്ക് രാജ്യവ്യാപകമായി ഉണ്ടായ ഡിമാൻഡ് പരിഗണിച്ചാണത്രെ ഈ നടപടി. "പല സംസ്ഥാനങ്ങളും അവരുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആയുർവേദ മരുന്നുകളെയും ആശ്രയിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ പ്രസ്തുത മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. " സിങ് പറഞ്ഞു.


 

click me!