വിഷാംശം: ജോൺസൺ ആന്റ് ജോൺസൺ 33000 ബോട്ടിൽ പൗഡർ തിരിച്ചുവിളിച്ചു

By Web TeamFirst Published Oct 19, 2019, 7:01 PM IST
Highlights
  • പൗഡറിൽ മാരക വിഷാംശം ഉള്ള ആസ്ബസ്റ്റോസിന്റെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
  • ആസ്ബസ്റ്റോസിന്റെ അളവ് കണ്ടെത്തിയത് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
  • പൗഡർ തിരിച്ചുവിളിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ വൻ ഇടിവ്

ന്യൂയോർക്ക്: കുട്ടികൾക്കുള്ള 33000 ബോട്ടിൽ പൗഡർ ജോൺസൺ ആന്റ് ജോൺസൺ തിരികെ വിളിച്ചു. ആസ്‌ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൗഡർ തിരിച്ച് വിളിച്ചതെന്ന് അറിയുന്നു. അമേരിക്കയിൽ വിൽപ്പനയ്ക്ക് വിതരണം ചെയ്‌തതായിരുന്നു ഈ പൗഡർ ബോട്ടിലുകൾ.

ക്യാൻസറിന് പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ് എന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പൗഡർ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കമ്പനിക്ക് ഓഹരി കമ്പോളത്തിലും വൻ തിരിച്ചടിയാണ് നേരിട്ടത്. ഏതാണ്ട് ആറ് ശതമാനമാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്.

ഇപ്പോൾ തന്നെ തങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളുടെ പേരിൽ 15000 ത്തിലേറെ കേസുകൾ ലോകത്താകമാനം കമ്പനി നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ അളവും കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിൽ പൗഡർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് കമ്പനിക്കെതിരെ അതീവ ഗുരുതരമായ കുറ്റം ചുമത്തിയത്. ഓൺലൈൻ വഴി വാങ്ങിയ ബോട്ടിലാണ് ഇവർ പരിശോധനയ്ക്ക് എടുത്തത്. അതേസമയം ഇവർ പരിശോധനയ്ക്ക് എടുത്ത സാംപിളിന്റെ വിശ്വാസ്യതയും ടെസ്റ്റിന്റെ ആധികാരികതയും സബന്ധിച്ച് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി വിശദമായ ചർച്ച നടത്തുകയാണെന്നാണ് ജോൺസൺ ആന്റ് ജോൺസൺ വിശദീകരിച്ചിരിക്കുന്നത്.

click me!