
മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത് ( Hair Health ) തീര്‍ച്ചയായും സമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് മുടി കൊഴിച്ചില്‍ ( Hair Fall ). മുടി കൊഴിച്ചില്‍ രൂക്ഷമാകുന്നതിന് അനുസരിച്ച് അത് വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയുമെല്ലാം ബാധിക്കാം.
മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിനാണെങ്കില്‍ പല മാര്‍ഗങ്ങളും തേടുന്നവരുണ്ട്. ചിലര്‍ മുടിയില്‍ തേക്കുന്ന എണ്ണ മാറ്റിനോക്കും, മറ്റ് ചിലരാകട്ടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ മാറ്റിനോക്കും. ചിലര്‍ എവിടെ നിന്നെങ്കിലും പറഞ്ഞോ വായിച്ചോ കിട്ടുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതനുസരിച്ച് എന്തെങ്കിലും പരീക്ഷിച്ചുനോക്കും.
പലപ്പോഴും ഇത്തരം ശ്രമങ്ങളെല്ലാം പാഴായി പോവുകയാണ് ചെയ്യുക. മുടി കൊഴിച്ചില്‍ നേരിടുന്നപക്ഷം ആദ്യം ചെയ്യേണ്ടത് അതിനുള്ള കാരണം തേടലാണെന്നാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ് പറയുന്നത്. മുടി കൊഴിച്ചിലിനുള്ള പരിഹാരം തേടുന്നതിന് മുമ്പ് തന്നെ ഈ കാരണം കണ്ടെത്തിയിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
പല കാരണങ്ങളാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളും ഡോക്ടര്‍ പങ്കുവയ്ക്കുന്നു.
1. ജനിതകമായ ഘടകങ്ങള്‍
2. മാനസിക സമ്മര്‍ദ്ദം/ പുകവലി
3. ആരോഗ്യകരമായ ഡയറ്റിന്റെ പോരായ്മ
4. പരിക്ക്/ അസുഖം/ ശസ്ത്രക്രിയ
5. ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍
ഇനി ഇവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന് എങ്ങനെ പരിഹാരം തേടണമെന്നും ഡോ. ജയശ്രീ പറയുന്നു.
1. പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് പാലിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ തടയാം
2. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.
3. മുടിയില്‍ അധികം ചൂട് തട്ടിക്കാതിരിക്കുക. ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കാം.
4. ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും കരുതുകയും ചെയ്യുക.
5. ഡെര്‍മറ്റോളജിസ്റ്റ് നിര്‍ദേശിച്ച മരുന്നുകളുണ്ടെങ്കില്‍ അത് കഴിക്കുക.
6. ബയോട്ടിന്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കാം. ( ഡോക്ടറുടെ നിര്‍ദേശപ്രകാരം)
ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാലയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡോ. ജയശ്രീയുടെ വിദഗ്ധ നിര്‍ദേശങ്ങളടങ്ങിയ വീഡിയോ പങ്കുവച്ചത്.
Also Read:- തലമുടി തഴച്ചു വളരാന്‍ വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...