
പുരുഷന്മാരുടെ ലൈംഗികജീവിതവുമായി ബന്ധപ്പെട്ട് വരാവുന്ന, വളരെയധികം പ്രയാസമുണ്ടാക്കുന്നൊരു അവസ്ഥയാണ് ഉദ്ധാരണക്കുറവ്. പക്ഷേ പലരും ഇതെക്കുറിച്ച് പങ്കാളിയോട് പോലും തുറന്ന് സംസാരിക്കാൻ മടി കാണിക്കാറുണ്ട്. അതിനാല്‍ തന്നെ ചികിത്സയെടുക്കുന്നതിലേക്കും ഇവരെത്താറില്ല.
എന്നാല്‍ ഉദ്ധാരണക്കുറവ് ഒരു പ്രശ്നമായിത്തന്നെ കണ്ട് ചികിത്സ എടുക്കേണ്ട ഘട്ടം വരാം. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നാല്‍പത് വയസിന് ശേഷമാണ് സാധാരണഗതിയില്‍ പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് കണ്ടുവരാറ്. ചില ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റും നാല്‍പതിന് താഴെയുള്ളവരിലും കാണാറുണ്ട്. പക്ഷേ കൂടുതലും നാല്‍പത് കടന്നവരിലാണെന്ന് മാത്രം. എഴുപത് വയസ് കഴിഞ്ഞവരിലാണെങ്കില്‍ ഉദ്ധാരണക്കുറവ് വ്യാപകവുമാണ്.
അധിക കേസുകളിലും സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദമാണ് ഉദ്ധാരണക്കുറവിന് കാരണമാകുന്നത്. ഏത് പ്രായക്കാരിലും ഇതിലേക്ക് വരുമ്പോള്‍ സ്ട്രെസ് വില്ലനായി വരാറുണ്ട്.
ഉദ്ധാരണക്കുറവിലേക്ക് നയിക്കുന്നത്...
നേരത്തെ സൂചിപ്പിച്ചത് പോലെ സ്ട്രെസ് ഒരു പ്രധാന കാരണമാണ്. ഇതിന് പുറമെ പെട്ടെന്ന് ജീവിതരീതികളിലോ ജീവിതപരിസരങ്ങളിലോ വരുന്ന മാറ്റങ്ങള്‍, ബിപി- ഹൃദ്രോഗങ്ങള്‍- കരള്‍ രോഗം- പ്രമേഹം- തുടങ്ങിയ അസുഖങ്ങള്‍, മദ്യപാനം- പുകവലി എന്നിവ അമിതമാകുന്നത്, കായികാധ്വാനമോ വ്യായാമമോ ഇല്ലാത്തത്, ഉത്കണ്ഠ (ആംഗ്സൈറ്റി), വിഷാദം (ഡിപ്രഷൻ) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉദ്ധാരണക്കുറവിലേക്ക് മിക്കവാറും നയിക്കുന്നത്.
ലക്ഷണങ്ങള്‍...
ഉദ്ധാരണം സംഭവിക്കാൻ പ്രയാസമുണ്ടാകുന്നത് തന്നെയാണ് ഉദ്ധാരണക്കുറവ് അഥനാ 'ഇറക്ടൈല്‍ ഡിസ്ഫംഗ്ഷൻ' എന്ന അവസ്ഥയുടെ ലക്ഷണം. ഇത് ഇടയ്ക്ക് സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ അധികസമയങ്ങളിലും ഉദ്ധാരണമേ സംഭവിക്കാതിരിക്കുക, ഉദ്ധാരണം സംഭവിച്ചാലും അത് നീണ്ടുനില്‍ക്കുകയേ ചെയ്യാതിരിക്കുക, ലൈംഗികതയോടും ലൈംഗികജീവിതത്തോടും തീരെ താല്‍പര്യം തോന്നാതിരിക്കുക എന്നിവയെല്ലാമാണ് മറ്റ് ലക്ഷണങ്ങള്‍.
സ്വയം ഒരു വ്യക്തിക്ക് ഇത് എന്തോ പ്രശ്നമാണോ എന്ന സംശയം തോന്നുന്ന അവസ്ഥ ഏതോ അപ്പോള്‍ത്തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം. അല്ലാത്തപക്ഷം അത് പങ്കാളിത്ത ജീവിതത്തെയും, വ്യക്തിജീവിതത്തെയും- ചിലസന്ദര്‍ഭങ്ങളില്‍ ജോലി, സാമൂഹിക ജീവിതം, സൗഹൃദങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയെയും ബാധിക്കുന്ന നിലയിലേക്ക് എത്താം. ഇത് തീര്‍ത്തും മനശാസ്ത്രപരമാണ്. പക്ഷേ ഒരുപാട് കാലം ഇതില്‍ തുടര്‍ന്നാല്‍ പിന്നീട് ചികിത്സയെടുക്കുമ്പോഴും വലിയ പ്രയാസം നേരിടാം.
ഓര്‍മ്മിക്കേണ്ടത്...
ഉദ്ധാരണക്കുറവ് അടക്കം വരുന്ന ലൈംഗിക പ്രശ്നങ്ങളൊന്നും തന്നെ തന്‍റെ കുറ്റമോ കുറവോ കൊണ്ടല്ല സംഭവിക്കുന്നത്- മറിച്ച് അതിന് അതിന്‍റേതായ കാരണങ്ങളുണ്ടെന്ന് മനസിലാക്കുക. വളരെ ആത്മവിശ്വാസത്തോടെ ഇരിക്കണം. പങ്കാളിയോടോ ഡോക്ടറോടോ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതിലോ വിശദീകരിക്കുന്നതിലോ ഒരു മടിയും വിചാരിക്കേണ്ടതില്ല. ഇതെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ്. മറ്റാരെങ്കിലും ഇതെക്കുറിച്ച് ചോദിക്കുകയോ, പരിഹസിക്കുകയോ പോലും ചെയ്താല്‍ തന്നെയും- അത് അവരുടെ അവബോധമില്ലായ്മയായി മാത്രമേ കാണാവൂ. ആരോഗ്യകരമായ മനസാണ് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അതുണ്ടെങ്കില്‍ മാത്രമേ ശരീരത്തെ ബാധിക്കുന്ന പ്രശ്നങ്ങളെയും ഭേദപ്പെടുത്താൻ നമുക്ക് സാധിക്കൂ.
Also Read:- അലര്‍ജിയുണ്ടോ? വീടിനുള്ളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam