കൊവിഡിനിടെ ആശങ്കപ്പെടുത്തി എലിപ്പനി; ലക്ഷണങ്ങളെ എളുപ്പം തിരിച്ചറിയാം....

By Web TeamFirst Published Aug 26, 2020, 7:56 PM IST
Highlights

സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ മരണസാധ്യത ഏറെയുള്ള രോഗമാണ് എലിപ്പനി. അതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ തന്നെ ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.  കൊവിഡിന്റെ പശ്ചാത്തലത്തില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടും സമയത്തിന് ചികിത്സ തേടി ആളുകള്‍ ആശുപത്രിയിലെത്തുകയില്ലേ, എന്ന സംശയവും നിലവിലുണ്ട്

കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് നാട്. ഇതിനിടെ മറ്റ് ആരോഗ്യപ്രതിസന്ധികള്‍ കൂടി ഉയര്‍ന്നുവരുന്നത് കൊവിഡ് പ്രതിരോധത്തെ കാര്യമായിത്തന്നെ ബാധിച്ചേക്കും. വര്‍ധിച്ചുവരുന്ന എലിപ്പനിക്കേസുകള്‍ നിലവില്‍ ഉയര്‍ത്തുന്ന പ്രധാന ആശങ്ക ഇതുതന്നെയാണ്. 

എന്നുമാത്രമല്ല, കൊവിഡിന്റെ പശ്ചാത്തലത്തില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടും സമയത്തിന് ചികിത്സ തേടി ആളുകള്‍ ആശുപത്രിയിലെത്തുകയില്ലേ, എന്ന സംശയവും നിലവിലുണ്ട്. ഈ സീസണില്‍ മാത്രം പതിനഞ്ചിലധികം എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ മരണസാധ്യത ഏറെയുള്ള രോഗമാണ് എലിപ്പനി. അതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ തന്നെ ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. 

എലിപ്പനിയെ തിരിച്ചറിയാം; ലക്ഷണങ്ങളിതാ...

കടുത്ത പനി, തലവേദന, കുളിര്, പേശീവേദന, ഛര്‍ദ്ദി, ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം പടരുക, കണ്ണില്‍ കലക്കം, വയറുവേദന, നടുവേദന എന്നിവയെല്ലാമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. 

 

 

ഇതില്‍ സന്ധികളിലും കാല്‍വണ്ണയിലുമെല്ലാമാണ് പ്രധാനമായും വേദന അനുഭവപ്പെടുക. ചിലരില്‍ ഛര്‍ദ്ദിക്ക് പുറമെ വയറിളക്കം, തലകറക്കം, എല്ലാം കാണാറുണ്ട്. ചിലരില്‍ പനിക്കൊപ്പം അതികഠിനമായ ക്ഷീണവും ഉണ്ടാകാറുണ്ട്. അതുപോലെ തൊണ്ട വേദന, ചര്‍മ്മത്തില്‍ അസാധാരണമായി പാടുകള്‍ എന്നിവയും എലിപ്പനിയുടെ ചില ലക്ഷണങ്ങളാണ്.

ഇക്കൂട്ടത്തിലുള്ള പല ലക്ഷണങ്ങളും കൊവിഡ് 19 ലക്ഷണങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാനാകും. എന്നാല്‍ രോഗനിര്‍ണയം നടത്തേണ്ടത് തീര്‍ച്ചയായും ഡോക്ടര്‍മാര്‍ തന്നെയാണ്. അതിനാല്‍ ഇവയിലേതെങ്കിലും ലക്ഷണം കണ്ടെത്തിയാല്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനയ്ക്കുള്ള നിര്‍ദേശം ഡോക്ടറുടെ പക്കല്‍ നിന്ന് വാങ്ങേണ്ടതുണ്ട്. 

പ്രതിരോധിക്കാം എലിപ്പനിയെ...

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം വെള്ളത്തില്‍ കലരുകയും ആ വെള്ളം നമ്മളിലേക്കെത്തുകയും ചെയ്യുന്നതിലൂടെയാണ് എലിപ്പനി പിടിപെടുന്നത്. എലി മാത്രമല്ല, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെയെല്ലാം വിസര്‍ജ്യത്തിലൂടെ എലിപ്പനി പിടിപെടാന്‍ സാധ്യതകളുണ്ട്. 

 

 

അതിനാല്‍ വീട്ടിലും ചുറ്റുപാടുകളിലും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കുക, മലിനമായ ജലം ഉപയോഗിക്കാതിരിക്കുക എന്നതാണ് എലിപ്പനിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍. മഴക്കാലങ്ങളിലാണ് എലിപ്പനി കാര്യമായി റിപ്പോര്‍ട്ട് ചെയ്യാറ്. മഴവെള്ളം കെട്ടിക്കിടക്കുകയും ഇതില്‍ ജീവികളുടെ വിസര്‍ജ്യം കലരുകയും ചെയ്യുന്നു. ഈ വെള്ളത്തിലേക്ക് നമ്മള്‍ ഇറങ്ങിനടക്കുന്നതിലൂടെ നമുക്ക് രോഗം വരാനുള്ള സാധ്യതകളേറുന്നു. 

കാലിലോ വെള്ളമേല്‍ക്കുന്ന ശരീരഭാഗങ്ങളിലോ ഉള്ള മുറിവുകളിലൂടെയോ നേര്‍ത്ത ചര്‍മ്മത്തിലൂടെയോ സ്തരങ്ങളിലൂടെയോ എല്ലാം രോഗാണുവായ വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ പരമാവധി ശുചിത്വത്തോടുകൂടി മുന്നോട്ടുപോവുക. വീട്ടിലെ കിണര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും വൃത്തിയായി പരിപാലിക്കാന്‍ ഈ അവസരത്തില്‍ പ്രത്യേകം കരുതുക. 

Also Read:- എലിപ്പനിയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു, കോഴിക്കോട്ട് ആശങ്ക...

click me!