രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാം

Published : Dec 22, 2023, 10:15 PM IST
രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാം

Synopsis

കൊവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ ഉറക്കശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ഉറക്കത്തില്‍ ഒരുപാട് 'കോംപ്രമൈസ്' ചെയ്യുന്നത് നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും

ഭക്ഷണം എത്രമാത്രം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് ഉറക്കവും. എന്നാല്‍ മിക്കവരും ഈ പ്രാധാന്യം ഉറക്കത്തിന് കല്‍പിച്ച് നല്‍കാറില്ല എന്നതാണ് സത്യം. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഓരോ രാത്രിയിലും ഉറങ്ങേണ്ടത് കുറഞ്ഞ ശാരീരികാവശ്യമാണ്. പക്ഷേ തിരക്കുപിടിച്ച ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ ഇതൊരു വിലപിടിപ്പുള്ള കാര്യമായാണ് അധികപേരും കണക്കാക്കുന്നത്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

കൊവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ ഉറക്കശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ഉറക്കത്തില്‍ ഒരുപാട് 'കോംപ്രമൈസ്' ചെയ്യുന്നത് നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍. അതെല്ലാം തന്നെ മറ്റ് തലങ്ങളില്‍ ബാധിക്കുകയും ചെയ്യാം. എന്തായാലും പതിവായി രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ബുദ്ധിയെ ബാധിക്കുന്നത്...

രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം പതിവായി കിട്ടുന്നില്ല എങ്കില്‍ അത് കാര്യമായി ബാധിക്കുക തലച്ചോറിനെയാണ്. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷിയില്‍ മങ്ങല്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും നേരിടാം. പിന്നീട് ഉറക്കത്തിലേക്ക് പോകാനും ഉണരാനുമെല്ലാം പ്രയാസം തോന്നുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം. 

മാനസികാരോഗ്യപ്രശ്നങ്ങള്‍...

തലച്ചോറിനെ ബാധിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അത് മാനസികാരോഗ്യത്തെയും ബാധിക്കുമെന്നത് വ്യക്തമാവുമല്ലോ. മൂഡ് പ്രശ്നങ്ങള്‍, മുൻകോപം, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം ഉറക്കക്കുറവ് കൊണ്ട് നേരിടുന്നുവര്‍ നിരവധിയാണ്.

പ്രതിരോധശേഷി...

ഉറക്കം കുറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയേയും കാര്യമായി ബാധിക്കാം. പ്രതിരോധശേഷിയില്‍ ദുര്‍ബലത കയറുന്നതോടെ പലവിധ രോഗങ്ങളും അണുബാധകളുമെല്ലാം നമ്മെ പതിവായി ബാധിക്കാം. 

ശരീരഭാരം...

ശരിയാം വിധം രാത്രിയില്‍ ഉറങ്ങിയില്ലെങ്കില്‍ പലരിലും അത് ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കാറുണ്ട്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നതിന്‍റെ തുടര്‍ച്ചയായാണ് ഇതും സംഭവിക്കുന്നത്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍...

ഉറക്കം പ്രശ്നത്തിലാകുന്നതോടെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ബാലൻസും തെറ്റുന്നു. ഹോര്‍മോണ്‍ വ്യതിയാനം പല രീതിയിലാണ് ശരീരത്തെയും മനസിനെയും ബാധിക്കുക. വിശപ്പ്, സ്ട്രെസ്, സന്തോഷം, നിരാശ, ദേഷ്യം എന്നിങ്ങനെ ഏതൊരു വിഷയത്തിലും ശരീരത്തിന് ആശയക്കുഴപ്പമുണ്ടാകുന്ന അവസ്ഥ ഇതോടെയുണ്ടാകാം. 

ചര്‍മ്മപ്രശ്നങ്ങള്‍...

പതിവായി ഉറക്കം ശരിയാകാത്തവരില്‍ സ്കിൻ പ്രശ്നങ്ങളും കാണാൻ സാധിക്കും. മുഖത്ത് ഡാര്‍ക്ക് സര്‍ക്കിള്‍സ്, സ്കിൻ മങ്ങിയതായി കാണുക, മുഖക്കുരു, ഉള്ളതിനെക്കാള്‍ പ്രായം തോന്നിക്കുക- എന്നിങ്ങനെയുള്ള സ്കിൻ പ്രശ്നങ്ങളാണ് ഉറക്കക്കുറവ് മൂലമുണ്ടാവുക.

Also Read:-സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്