Covid Symptoms : ലക്ഷണങ്ങളില്ലാതെ കൊവിഡ് പിടിപെട്ടാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് കരുതല്ലേ...

By Web TeamFirst Published Jan 21, 2022, 8:15 PM IST
Highlights

ഒരു പരിധി വരെ ഈ തരംഗത്തില്‍ ആശുപത്രികളില്‍ വലിയ തള്ളിച്ച ഇല്ലാതിരിക്കുന്നത് തന്നെ വാക്‌സിനേഷന്‍ നടന്നതിനാലാണെന്ന് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും വാക്‌സിന് മാത്രമായി കൊവിഡിനെ പ്രതിരോധിക്കാനുമാവില്ല. അതിനാല്‍ മാസ്‌ക് ധരിക്കുന്നതും ആള്‍ക്കൂട്ടമൊഴിവാക്കുന്നതുമെല്ലാം കൃത്യമായി പിന്തുടരേണ്ടിയിരിക്കുന്നു

കൊവിഡ് 19 രോഗം ( Covid 19 India ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron India ) . ഒമിക്രോണ്‍ വ്യാപകമായതോടെയാണ് ഇന്ത്യയിലും കൊവിഡിന്റെ ശക്തമായ തരംഗം ആരംഭിച്ചത്. നേരത്തേ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്. 

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഇതിനെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍. 

നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെങ്കിലും രണ്ടാം തരംഗസമയത്തുണ്ടായിരുന്ന ജാഗ്രതയോ ആശങ്കയോ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. എന്നാല്‍ നിസാരമായ ഈ സമീപനം വലിയ വിപത്താണ് വിളിച്ചുവരുത്തുകയെന്ന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനിടെ ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ജലദോഷം പോലെ മാത്രമേ ബാധിക്കൂവെന്നും, ലക്ഷണങ്ങളില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്നുമുള്ള പ്രചാരണവും ശക്തമാണ്. 

ലക്ഷണങ്ങളില്ലാതെ കൊവിഡ് പിടിപെട്ടാല്‍...

പനി, ചുമ, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡിന്റേതായി നിലവില്‍ അധികപേരിലും കാണുന്നത്. ഇതില്‍ തന്നെ പനി ഇല്ലാതെ ചുമ മാത്രം ലക്ഷണമായി വരുന്നവരുമുണ്ട്. ഇനി ഇപ്പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാതെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുമുണ്ട്. 

ഏത് തരത്തിലായാലും കൊവിഡ് ബാധിക്കുന്നതിനെ നിസാരമായി കാണരുത്. പ്രധാനമായും കൊവിഡ് അണുബാധയ്ക്ക് ശേഷം മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഏറ്റവും ശ്രദ്ധിക്കാനുള്ളത്. 'ലോംഗ് കൊവിഡ്' എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ പല തരത്തിലുള്ള ശാരീരിക- മാനസിക വിഷമതകള്‍ നിങ്ങള്‍ നേരിട്ടേക്കാം. ഇക്കാര്യത്തില്‍ ലക്ഷണങ്ങള്‍ ഉള്ളവരെന്നോ, ഇല്ലാത്തവരെന്നോ വ്യത്യാസവും വരുന്നില്ല. 

'ലോംഗ് കൊവിഡ്'...

കൊവിഡ് ലക്ഷണമായി വരുന്ന ചുമ, ശരീരവേദന, തളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതിനെയാണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്. ചിലര്‍ക്ക് കൊവിഡിന്റെ ഭാഗമായി ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം പേര്‍ക്ക് ഇത് കൊവിഡ് നെഗറ്റീവായതിന് ശേഷവും മാസങ്ങളോളം നീണ്ടുനിന്നിട്ടുണ്ട്. അത്ര നിസാരമായ ഒരു പ്രശ്‌നമായി ഇതിനെ സമീപിക്കുക സാധ്യമല്ല. 

തളര്‍ച്ചയാണ് ലോംഗ് കൊവിഡില്‍ കാണുന്ന ഏറ്റവും സാധാരണമായ പ്രശ്‌നം. നിത്യജീവിതത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ പോലും പ്രയാസം തോന്നിക്കുന്ന തരത്തില്‍ ശരീരത്തെ തളര്‍ത്തുന്ന അവസ്ഥയാണിതില്‍ ഉണ്ടാകുന്നത്. 

പലര്‍ക്കും വേണ്ടവിധം അറിവില്ലാത്ത മറ്റൊരു ലോംഗ് കൊവിഡ് പ്രശ്‌നമാണ് ഓര്‍മ്മക്കുറവും കാര്യങ്ങളില്‍ വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നതും. 'ബ്രെയിന്‍ ഫോഗ്' എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ തലച്ചോറില്‍ പുകമറ വീഴുന്നത് പോലൊരു അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന ഓര്‍മ്മക്കുറവും പ്രശ്‌നങ്ങളും പല കൊവിഡ് രോഗികളിലും ദീര്‍ഘകാലത്തേക്ക് കണ്ടതായി 'ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. 

ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്...

നേരത്തെ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരാണെങ്കില്‍ തീര്‍ച്ചയായും കൊവിഡ് നിങ്ങള്‍ ഗൗവമായി തന്നെ എടുക്കേണ്ടതുണ്ട്. കാരണം ഇത് ഏത് വിധത്തില്‍, ഏതെല്ലാം അവയവങ്ങളെ ബാധിക്കുമെന്നത് പ്രവചിക്കുക സാധ്യമല്ല. കൊവിഡ് മരണനിരക്ക് പരിശോധിക്കുമ്പോഴും നേരത്തേ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയാണ് അധികവും രോഗം കവര്‍ന്നിരിക്കുന്നത്. 

പലപ്പോഴും നമ്മുടെ ഉള്ളിലുള്ള പ്രശ്‌നങ്ങളെ നാം തിരിച്ചറിയാതെ പോകാറുണ്ട്. അത്തരക്കാര്‍ ഒരുപക്ഷേ കൊവിഡിനെ നിസാരമായി എടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ സാഹചര്യം പറയേണ്ടതില്ലല്ലോ... 

പ്രായമായവര്‍, കുട്ടികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നീ വിഭാഗക്കാരാണ് ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ഗൗരവമാകാതെ പോകുന്നതായി നാം കാണുന്നുണ്ട്. ഒരു പരിധി വരെ ഈ തരംഗത്തില്‍ ആശുപത്രികളില്‍ വലിയ തള്ളിച്ച ഇല്ലാതിരിക്കുന്നത് തന്നെ വാക്‌സിനേഷന്‍ നടന്നതിനാലാണെന്ന് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും വാക്‌സിന് മാത്രമായി കൊവിഡിനെ പ്രതിരോധിക്കാനുമാവില്ല. അതിനാല്‍ മാസ്‌ക് ധരിക്കുന്നതും ആള്‍ക്കൂട്ടമൊഴിവാക്കുന്നതുമെല്ലാം കൃത്യമായി പിന്തുടരേണ്ടിയിരിക്കുന്നു. അനാവശ്യമായി പുറത്തുപോകാതിരിക്കുക, വീട്ടിലെ ഒരാള്‍ മാത്രം പുറത്തുപോയി, അവശ്യസാധനങ്ങളും മറ്റും വാങ്ങിക്കുക. കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക.

Also Read:- കൊറോണ വൈറസിനെതിരെ പോരാടുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാം; ഡോ. സൗമ്യ സ്വാമിനാഥൻ

click me!