ഈ പച്ചക്കറികൾ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും

By Web TeamFirst Published Feb 3, 2021, 3:58 PM IST
Highlights

വയറിന് ചുറ്റും സംഭരിച്ചിരിക്കുന്ന കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇത് ദഹനത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. 

ശരീരത്തിലെ അധിക കൊഴുപ്പ് ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. അടിവയറ്റിലെ കൊഴുപ്പാണ് കൂടുതൽ ദോഷകരം. മാത്രമല്ല നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ് ഹൃദ്രോഗങ്ങൾക്കും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ രക്തസമ്മർദ്ദത്തെയും ബാധിക്കുന്നു. 

വയറിന് ചുറ്റും സംഭരിച്ചിരിക്കുന്ന കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇത് ദഹനത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് 'അബ്ഡോമിനൽ ഒബിസിറ്റി' എന്ന് പറയുന്നത്. 

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്...

പാലക്ക് ചീര...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം. 

ബ്രോക്കോളി...

നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

കാരറ്റ്...

കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല.   വിറ്റാമിൻ എ യും കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കാരറ്റിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാനും മികച്ചതാണ്.

ബീൻസ്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീൻസ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.
 

click me!